സുപ്രധാന നീക്കവുമായി കേരള ബ്ലാസ്റ്റേഴ്‌സ്; പ്രമുഖനെ കൈവിടാതെ കരാര്‍ നീട്ടി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സ്‌പോട്ടിങ് ഡയറക്ടറായി കരോളിസ് സ്‌കിന്‍കിസ് തുടരും. അഞ്ച് വര്‍ഷത്തേക്കാണ് കരോളിസുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് നീട്ടിയിരിക്കുന്നത്. 2028 വരെ ക്ലബ്ബിന്റെ കായിക കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കുക കരോളിസായിരിക്കും.

2020ല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രപ്രധാനമായ പുഃനസംഘടനയുടെ ഭാഗമായാണ് സ്‌പോട്ടിങ് ഡയറക്ടറായി കരോളിസ് ക്ലബ്ബിനൊപ്പം ചേരുന്നത്. അന്ന് മുതല്‍ ക്ലബ്ബിന്റെ കായിക പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയിലും വിജയത്തിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു വരുന്നു. കരോളിസ് ചുമതലയേറ്റെടുത്തതിന് ശേഷം ക്ലബ് ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായി പ്ലേഓഫുകള്‍ക്ക് യോഗ്യത നേടുകയും 2021-22 സീസണില്‍ ടീം റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ നിരവധി ക്ലബ്ബ് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതുകയും പുതിയത് രചിക്കുകയും ചെയ്തു.

Karolis Skinkys extends stay at Kerala Blasters - New Contract Until 2028 |  Transfermarkt

കരോളിസിന്റെ ഇടപ്പെടല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യൂത്ത് ഡെവലപ്‌മെന്റ് പ്രോഗ്രാമുകളില്‍ വലിയ മുന്നേറ്റത്തിന് കാരണമായി. യൂത്ത് ടീമുകളുടെ മെച്ചപ്പെട്ട പ്രകടനങ്ങള്‍ക്കൊപ്പം, മികച്ച താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും ഫലപ്രദമായ മാതൃക സൃഷ്ടിക്കാനും അദ്ദേഹത്തിനും സാധിച്ചു. വ്യക്തമായ മാനദണ്ഡം സൃഷ്ടിക്കുന്നതുവഴി നിരവധി അക്കാദമി താരങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രധാന ടീമിലിടം പിടിച്ചത്.

കരോലിസ് ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി അദ്ദേഹവുമായുള്ള സഹകരണം നീട്ടുന്നതില്‍ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ”ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന നീക്കമാണ്. പ്രത്യേകിച്ച് തുടര്‍ച്ചയായ രണ്ടാം തവണയും പ്ലേ ഓഫ് യോഗ്യത നേടുകയും, ഞങ്ങളുടെ കായിക അഭിലാഷങ്ങള്‍ ഉയര്‍ത്താനും ലക്ഷ്യമിടുന്ന ഈ ഘട്ടത്തില്‍. കരാര്‍ നീട്ടുന്നതുവഴി ക്ലബ്ബിന്റെ എല്ലാ കായിക പ്രവര്‍ത്തനങ്ങളിലും സ്ഥിരതയോടെ ഞങ്ങളുടെ പ്രവര്‍ത്തനം തുടരുന്നതിനുള്ള ശക്തമായ അടിത്തറയും നല്‍കുന്നു. കരോളിസ് ഒരു സമ്പൂര്‍ണ്ണ പ്രൊഫഷണലാണ്, ഫലപ്രദവുമായ ദീര്‍ഘകലത്തേക്കുമുള്ള ഒരു സഹകരണം ഞാന്‍ പ്രതീക്ഷിക്കുന്നു.” നിഖില്‍ കൂട്ടിച്ചേര്‍ത്തു.

Karolis Skinkys extends contract with Kerala Blasters till 2028

‘കേരള ബ്ലാസ്റ്റേഴ്‌സ് എനിക്ക് വളരെയധികം പ്രിയപ്പെട്ടതാണ്, ഒട്ടനവധി പ്രത്യേകതകള്‍ നിറഞ്ഞ സ്ഥലം, ക്ലബ്ബ്, ആരാധകര്‍. എന്നില്‍ വിശ്വാസമര്‍പ്പിച്ച് ക്ലബ് കെട്ടിപ്പടുക്കുന്നതില്‍ ഭാഗമാകാന്‍ അവസരം നല്‍കിയതിന് ക്ലബ്ബിനും മാനേജ്മെന്റിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്ലബുമൊത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ നിമിഷം മുതല്‍, പ്രകടമായൊരു മുന്നേറ്റമാണ് സാധ്യമായതെന്ന് ഞാന്‍ വിശ്വസിക്കുന്നു, എന്നാല്‍ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഇതിനോടകം തന്നെ അസാധ്യമെന്ന് കരുതിയ നിരവധി ലക്ഷ്യങ്ങള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്, ഐഎസ്എല്ലില്‍ ശക്തമായൊരു സാന്നിധ്യമാകാനുള്ള മുന്നേറ്റത്തിലാണ് ഞങ്ങള്‍. അവിടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം. എന്റെ ലക്ഷ്യം വ്യക്തവും ലളിതവുമാണ്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം സാധ്യമായ എല്ലാ കിരീടങ്ങള്‍ നേടുവാനും കായിക ലോകത്തിന്റെ എല്ലാ മേഖലകളിലും സ്ഥിരമായ വളര്‍ച്ച തുടരാനും ഞാന്‍ ആഗ്രഹിക്കുന്നുവെന്നും കരാര്‍ പുതുക്കലിനെപ്പറ്റി കരോളിസ് പറഞ്ഞു.

കരാര്‍ നീട്ടിയതിലൂടെ ക്ലബ്ബിന്റെ എല്ലാവിധ സ്‌പോര്‍ട്ടിങ് പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമതയും മികവും ഉറപ്പാക്കുന്നതില്‍ കരോളിസ് മേല്‍നോട്ടം വഹിക്കുകയും ടീം സെലക്ഷന്‍, റിക്രൂട്ട്മെന്റ് തുടങ്ങി യൂത്ത് ഡെവലപ്‌മെന്റ് വരെയുള്ള ക്ലബ്ബിന്റെ എല്ലാ മേഖലകളിലും അദ്ദേഹം നേതൃത്വം നല്‍കുകയും ചെയ്യും.