കേരള ബ്ലാസ്റ്റേഴ്സിൽ ദിമിത്രിയോസിന് പകരക്കാരനെ കണ്ടെത്താൻ ഒരിക്കലും സാധിക്കില്ല എന്ന് ആരാധകർ വിധി എഴുതിയ സമയത്ത് ടീമിലേക്ക് രക്ഷകനായി ഒരു അവതാരം രാജകീയമായി തന്റെ വരവ് അറിയിച്ചിരിക്കുകയാണ്. മോറോക്കാൻ ഇബിലീസ് എന്ന് അറിയപ്പെടുന്ന, കഴിഞ്ഞ വർഷം എഫ്സി ഗോവയുടെ ന്യുക്ലിയർ വെപ്പൺ എന്ന വിളിപ്പേര് കിട്ടിയ ഏറ്റവും അപകടകാരിയായ താരം, സാക്ഷാൽ നോവ സദോയി.
ഒരു ശരാശരി ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകനു നോവ സദോയി ആരാണെന്ന് പറഞ്ഞ അറിയിക്കേണ്ട ആവശ്യം തന്നെ ഇല്ല. ലെഫ്റ്റ് വിങ്ങർ ആയിട്ടുള്ള നോവ എതിരാളികളെ തന്ത്രപരമായി കബിളിപ്പിച്ച് പന്ത് ഗോൾ വലയത്തിൽ എത്തിച്ച് ടീമിൽ മികച്ച ഇമ്പാക്ട് ഉണ്ടാകുന്നത് ഹോബിയാക്കി മാറ്റിയ താരമാണ് അദ്ദേഹം. ഐഎസ്എലിൽ ഏതെങ്കിലും താരത്തിനെ എതിരാളികൾക്ക് മാർക്ക് ചെയ്യാൻ സാധിക്കാതെ അടിയറവ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് നോവ സദൂയിയുടെ മുൻപിൽ തന്നെയാണ്.
തന്റെ ഐഎസ്എൽ കരിയറിൽ 30 കാരനായ നോവ രണ്ട് സീസണുകളിലായി 20 ഗോളുകളും ആ മത്സരങ്ങളിൽ നിന്നുമായി 14 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ യഥാർത്ഥ പൊട്ടൻഷ്യൽ ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ അറിഞ്ഞത് കഴിഞ്ഞ സീസണിൽ ആയിരുന്നു. 11 ഗോളുകൾ അദ്ദേഹം എതിരാളികളുടെ വലയത്തിലേക്ക് കയറ്റി ടീമിനെ മുൻപിൽ നിന്ന് നയിച്ചു.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇത്തവണ ഡെഡ്ലി കോമ്പിനേഷൻ ആയി കാണപ്പെടുന്ന താരങ്ങളാണ് നോവ സാധോയിയും അഡ്രിയാൻ ലൂണയും. എതിരാളികളുടെ ഏത് പൂട്ടും പൊളിക്കാൻ കെല്പുള്ള അവരുടെ കരുത്തുറ്റ പ്രകടനം തന്നെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പ് ചീട്ട്.
ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ വിജയം സമ്മാനിക്കാൻ കാരണമായതിന് പിന്നിൽ ഈ മോറോക്കാൻ താരം തന്നെയാണ്. 59 ആം മിനിറ്റിൽ ഈസ്റ്റ് ബംഗാളിലെ മലയാളി താരമായ വിഷ്ണു ആദ്യ ഗോൾ നേടി ലീഡ് ഉയർത്തിയപ്പോൾ വീണ്ടും ഒരു തോൽവി മുന്നിൽ കണ്ട ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ സമ്മാനിക്കാതെ മിനിറ്റുകൾക്ക് ഉള്ളിൽ ഗോൾ തിരിച്ച് അടിച്ച് സമനില ഗോൾ നേടി നോവ സാദോയി ആരാധകർക്ക് ആശ്വാസമായി. അതിനു ശേഷം ക്വമെ പെപ്രയുടെ മികവിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോൾ നേടി തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി.
2024 ജൂലൈയിൽ രണ്ട് വർഷത്തെ കരാറിലാണ് നോവ ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യ്തത്. ഓഗസ്റ്റിൽ നടന്ന ഡ്യുറന്റ് കപ്പിൽ മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ നോവ ഹാട്രിക്ക് നേടുകയും ടീം 8-0 ത്തിന് അവർ മുംബൈയെ പരാജയപ്പെടുത്തുകയും ചെയ്തു. അന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറപ്പിച്ചു ഈ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ കപ്പിലേക്ക് നയിക്കുന്നത് നോവ സാധോയി തന്നെയായിരിക്കും എന്നത്. ആരാധകരുടെ വിശ്വാസം ഉറപ്പിക്കുന്നതിനായി ഡ്യുറന്റ് കപ്പിലെ രണ്ടാം മത്സരത്തിൽ CISF പ്രൊട്ടക്ടേഴ്സ് എഫ്ടിയ്ക്കെതിരെ അദ്ദേഹം തൻ്റെ രണ്ടാമത്തെ ഹാട്രിക്കും നേടി.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിൽ തുടക്കത്തിൽ അഡ്രിയാൻ ലൂണ പരിക്ക് പറ്റി പുറത്തായത് ആരാധകർക്കിടയിൽ വൻ നിരാശയാണ് സമ്മാനിച്ചത്. എന്നാൽ അദ്ദേഹത്തിന് പകരം ടീമിനെ വിജയിപ്പിച്ച് മുൻപിൽ നയിക്കാനുള്ള കെല്പുള്ള താരമാണ് നോവ സധോയി. പരിക്കിൽ നിന്നും മുക്തി നേടി ടീമിലേക്ക് ലൂണ തിരിച്ച് വരുന്നതോടെ ഈ സീസണിലെ ഏറ്റവും ശക്തരായ ടീമായി ബ്ലാസ്റ്റേഴ്സ് മാറും എന്നതും ഉറപ്പാണ്.