കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത: കിസിറ്റൊയെ കുറിച്ച് പുതിയ പ്രഖ്യാപനവുമായി ജെയിംസ്‌

ഐഎസ്എല്ലില്‍ സ്വപ്നതുല്യമായ തുടക്കമാണ് ഉഗാണ്ടന്‍ മിഡ് ഫീല്‍ഡര്‍ കെസിറോണ്‍ കിസിറ്റോയ്ക്ക് ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോളിന് വഴിയൊരുക്കിയത് കിസിറ്റോയായിരുന്നു. കിസിറ്റോയെ കളത്തിലിറക്കിയതിനേക്കുറിച്ച് പരിശീലകന്‍ ഡേവിഡ് ജയിംസ് പറയുന്നതിങ്ങനെ.

“ഞാന്‍ ടീം പട്ടിക മുഴുവന്‍ പരിശോധിച്ചതാണ്. അന്നേരം ഇങ്ങനെയൊരു പേര് കണ്ടില്ല. പക്ഷേ, പട്ടികയില്‍പെടാത്ത ഒരാളെ കണ്ടുമുട്ടുകയും ചെയ്തു. അപ്പോഴാണു ടീം സ്റ്റാഫ് പറയുന്നത്, യുഗാണ്ടന്‍ താരം നേരത്തേ ക്യാംപിലുണ്ട്. ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇതുവരെ കളിക്കാനായില്ലെന്ന്. അതായിരുന്നു ആദ്യ അദ്ഭുതം. ഉടന്‍ കിസിത്തോയുടെ വിഡിയോദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. അതു കണ്ടപ്പോള്‍ ആളു മിടുക്കനാണെന്നു മനസ്സിലായി. പകരക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. രണ്ടാം പകുതിയിലെ തന്ത്രങ്ങളുടെ മാറ്റത്തിന്റെ ഭാഗമായി കിസിത്തോ കളത്തില്‍ ഇറങ്ങുകയും ചെയ്തു. ടീം അനലിസ്റ്റിനൊപ്പം നടത്തിയ ചെറുതല്ലാത്ത പഠനത്തിന്റെ ഫലമാണു കിസിറ്റോയുടെ അരങ്ങേറ്റം.” മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡേവിഡ് ജയിംസ് കിസിറ്റോയുടെ അരങ്ങേറ്റ മത്സരത്തേക്കുറിച്ച് പറഞ്ഞത്.

ബെള്‍ഗോറിയന്‍ ഇതിഹാസം ദിമിത്താര്‍ ബെര്‍ബറ്റോവിന് പകരമെത്തിയ താരം മൈതാനത്ത് വേഗവും ചടുലമായ നീക്കങ്ങളും കൊണ്ട് കയ്യടി നേടിയിരുന്നു. രണ്ടാം പകുതിയില്‍ മഞ്ഞപ്പടയുടെ പ്രത്യാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കിസിറ്റോ പുനെ ഗോള്‍ മുഖത്ത് മിന്നലാക്രമണങ്ങല്‍ നടത്തി. കെനിയന്‍ ക്ലബ് എഎഫ്‌സി ലെപ്പേര്‍ഡ്സില്‍ നിന്നാണ് ഉഗാണ്ടന്‍ അന്താരാഷ്ട്ര താരമായ കിസിറ്റോ ബ്ലാസ്റ്റേഴ്‌സിലെത്തിയത്.