കോപ്പ അമേരിക്ക ഫുട്ബോളില്‍ ഉറുഗ്വേയ്ക്ക് മൂന്നാം സ്ഥാനക്കാരായി മടക്കം. ഞായറാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ കാനഡയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഉറുഗ്വേയ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോള്‍വീതം നേടിയപ്പോള്‍ ഷൂട്ടൗട്ടിലേക്ക് മത്സരമെത്തുകയായിരുന്നു. കാനഡ ഉറുഗ്വേയെ അട്ടിമറിക്കുമെന്ന് കരുതിയ മത്സരത്തില്‍ ലൂയിസ് സുവാരസിന്റെ ഗോളാണ് ഉറുഗ്വേയെ രക്ഷിച്ചത്.
ഷൂട്ടൗട്ടില്‍ യുറഗ്വായ്ക്കായി ഫെഡെറിക്കോ വാല്വെര്ദെ, റോഡ്രിഗോ ബെന്റാന്‍കര്‍, ജോര്‍ജിയന്‍ അരാസ്ക്കെറ്റ, സുവാരസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കാനഡയുടെ ഇസ്മായില്‍ കോനെയുടെ ഷോട്ട് യുറഗ്വായ് ഗോള്‍കീപ്പര്‍ സെര്‍ജിയോ റോച്ചെറ്റ് രക്ഷപ്പെടുത്തി. അഞ്ചാം കിക്കെടുത്ത അല്‍ഫോണ്‍സോ ഡേവിസിന്റെ ഷോട്ടും പിഴച്ചതോടെ ഉറുഗ്വേയ് ജയം തൊട്ടു. ജൊനാതന്‍ ഡേവിഡ്, മോയ്സ് ബോംബിറ്റോ, മത്തിയു കോയിനിറെ എന്നിവരാണ് കാനഡയ്ക്കായി കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചത്.
നേരത്തേ എട്ടാം മിനിറ്റില്‍ തന്നെ റോഡ്രിഗോ ബെന്റാന്‍കറിലൂടെ ഉറുഗ്വേയ് ആണ് ആദ്യം ഗോള്‍വല കുലുക്കിയത്. പിന്നീട് ശക്തമായി തിരിച്ചുവരവ് നടത്തിയ കാനഡ 22-ാം മിനിറ്റില്‍ കോനെയിലൂടെ തിരിച്ചടിച്ചു. 80-ാം മിനിറ്റില്‍ ജൊനാതന്‍ ഡേവിഡ് നേടിയ ഗോളുകളിലൂടെ അവര്‍ ലീഡെടുത്തു.
കാനഡ വിജയം ഉറപ്പിച്ചിരിക്കെ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയ സുവാരസ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.