എംബാപ്പയ്ക്ക് പേടിയാണ്, അങ്ങനെ ഉള്ളവർ കളിക്കരുത്"; തുറന്നടിച്ച് മുൻ റയൽ മാഡ്രിഡ് താരം

റയൽ മാഡ്രിഡ് വളരെ പ്രതീക്ഷയോടെ കണ്ട ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയുടേത്. എന്നാൽ മികച്ച ഫോമിൽ ഒരു മത്സരം പോലും താരത്തിന് കളിക്കാൻ സാധിച്ചിട്ടില്ല. റയൽ മാഡ്രിഡിന് വേണ്ടി പല നിർണായകമായ മത്സരങ്ങളും താരം നിറം മങ്ങുകയാണ്. കഴിഞ്ഞ ദിവസം ലിവർപൂളിനെതിരെ നടന്ന മത്സരത്തിൽ നിർണായകമായ ഒരു പെനാൽറ്റി അദ്ദേഹം പാഴാക്കിയിരുന്നു. ഇതോടെ വിമർശകർക്കുള്ള ഇരയായി മാറാൻ താരത്തിന് സാധിച്ചു.

എംബപ്പേയുടെ പ്രകടനത്തെ കുറിച്ചുള്ള പല അഭിപ്രായങ്ങളും ഇപ്പോൾ ഫുട്ബോൾ ലോകത്തുനിന്ന് ഉയർന്നു കേൾക്കുന്നുണ്ട്. റയൽ മാഡ്രിഡ് ഇതിഹാസമായ ഗൂട്ടിയും ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.

ഗൂട്ടി പറയുന്നത് ഇങ്ങനെ:

” നമ്മൾ പ്രതീക്ഷിച്ച പോലെ കളിക്കാൻ എംബപ്പേക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എംബപ്പേക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് നിരീക്ഷിക്കണം. അദ്ദേഹത്തിന് ആത്മവിശ്വാസം നഷ്ടമായിട്ടുണ്ട്. പേടിച്ചുകൊണ്ടാണ് കളിക്കുന്നത്. കഴിഞ്ഞ ലിവർപൂളിനെതിരെയുള്ള ആ പെനാൽറ്റി എടുക്കുന്നതിനു മുൻപ് അദ്ദേഹം ശരിക്കും പേടിച്ചിരുന്നു”

ഗൂട്ടി തുടർന്നു:

“അദ്ദേഹത്തിന്റെ പ്രകടനത്തിൽ അദ്ദേഹം തന്നെ ഹാപ്പിയല്ല. തീർച്ചയായും റയൽ മാഡ്രിഡിനെ പോലെയുള്ള ഒരു ക്ലബ്ബിലേക്ക് എത്തുമ്പോൾ സമ്മർദ്ദം ഉണ്ടാവുന്നത് സ്വാഭാവികമാണ്. അദ്ദേഹത്തെ ഒഴിവാക്കുന്നത് ഒരു മോശം കാര്യമായിരിക്കും. മറിച്ച് അദ്ദേഹത്തെ സംരക്ഷിക്കുകയാണ് വേണ്ടത്. വിമർശിക്കാൻ എളുപ്പമാണ്. പക്ഷേ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എംബപ്പേ എന്ന കാര്യം നിങ്ങൾ മറക്കരുത് ” ഗൂട്ടി പറഞ്ഞു.