ബാലണ്‍ ഡി ഓര്‍; മെസ്സിക്കു പറയാനുള്ളത്

ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ചടങ്ങില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രസ്താവനയായിരുന്നു സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ച. താനാണ് ലോകത്തെ ഏറ്റവും മികച്ച താരമെന്ന രീതിയിലുള്ള പ്രസ്താവനയാണ് വമ്പന്‍ ട്രോളുകള്‍ക്കും ആരാധകരുടെ വിമര്‍ശനത്തിനും കാരണമായത്. ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം താനാണ് എന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രസ്താവനയ്ക്ക് ഫുട്‌ബോളര്‍മാര്‍ തന്നെ രംഗത്തു വന്നിരുന്നു.

ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ പിന്നിലാക്കിയാണ് റൊണാള്‍ഡോ അഞ്ചാം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. എന്നാല്‍, ചടങ്ങിലെത്തിയ മെസ്സി എന്താണ് പറഞ്ഞതെന്ന് അവാര്‍ഡ് പ്രഖ്യാപന ശേഷം ആരാധകര്‍ ചികഞ്ഞന്വേഷിച്ചിരുന്നു. അഞ്ചാം തവണയും പുരസ്‌ക്കാരം സ്വന്തമാക്കിയ റൊണാള്‍ഡോയെ പരസ്യമായി അഭിനന്ദിക്കാന്‍ മുതിരാതെ മൈതാനത്തെ ആരോഗ്യകരമായ മല്‍സരം നല്ലതാണെന്നായിരുന്നു മെസ്സിയുടെ മറുപടി. വ്യക്തിപരമായ നേട്ടങ്ങളോട് എനിക്ക് താല്‍പര്യമില്ല. ടീമിനോടൊപ്പം മികച്ച റിസള്‍ട്ടുകളുണ്ടാക്കുന്നതിനോടാണ് താല്‍പ്പര്യം. ബാഴ്‌സലോണയ്ക്കായി ലാലീഗയും ചാംപ്യന്‍സ് ലീഗും നേടുന്നതിനോടൊപ്പം അര്‍ജന്റീനയ്ക്കായി കിരീടം നേടണമെന്നും അതിയായി ആഗ്രഹിക്കുന്നു മെസ്സി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം റൊണാള്‍ഡോയുമായുള്ള ബന്ധത്തെകുറിച്ച് ചോദിച്ചപ്പോള്‍ ക്രിസ്റ്റിയാനോയുമായി തനിക്ക് വ്യക്തിബന്ധമില്ലെന്നാണ് മെസ്സി പറഞ്ഞത്. അവാര്‍ഡ് വേളകളില്‍ കണ്ട് മുട്ടാറുണ്ട്. പരസ്പരം അഭിനന്ദിക്കാറുണ്ട്. അതിനപ്പുറം ഒന്നുമില്ലെന്നാണ് അന്ന് മെസ്സി പറഞ്ഞത്. മുപ്പത് നോമിനികളായിരുന്നു ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. എല്ലാവരും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍മാര്‍. റൊണാള്‍ഡോ, മെസ്സി, നെയ്മര്‍ എന്നിവരായിരുന്നു അന്തിമ പട്ടികയിലുണ്ടായിരുന്നത്.