കൂറുമാറ്റം; നെയ്മറെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പിക്വെ

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് നെയ്മര്‍ ബാഴ്‌സ വിട്ട് പി.എസ്.ജിയിലേക്ക് ചേക്കേറിയത്. 222 മില്യണ്‍ യൂറോ എന്ന റെക്കോഡ് തുകയ്ക്കാണ് ഫ്രഞ്ച് ക്ലബായ പി.എസ്.ജി സൂപ്പര്‍ താരത്തെ സ്വന്തമാക്കിയത്.
നെയ്മര്‍ ക്ലബ് വിട്ടതു മുതല്‍ ഒരു പകരക്കാരനെ അന്വേഷിക്കുകയാണ് ബാഴ്‌സ. മെസ്സി-സുവാരസ്സ്-നെയ്മര്‍ എന്ന മൂവര്‍ സംഘത്തില്‍ നിന്നും പെട്ടന്നുണ്ടായ നെയ്മറുടെ കൊഴിഞ്ഞ്‌പോക്ക് ഉണ്ടാക്കിയ നഷ്ടത്തില്‍ നിന്നും കരകയറാന്‍ ക്ലബിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ബാഴ്‌സയിലെ നെയ്മറുടെ അടുത്ത സുഹൃത്തായിരുന്നു പിക്വെ. നെയ്മറുടെ പി.എസ്.ജി ചേക്കേറലിനേക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായാണ് പിക്വെ എത്തിയിരിക്കുന്നത്.

“നമ്മള്‍ നമ്മളുടെ ക്ലബ്ബിനായി പരമാവധി കളിക്കും. സ്വാഭാവികമായും കൂടെ കളിക്കുന്നവരുമായി നമ്മള്‍ക്ക് ഒരു ആത്മബന്ധം ഉണ്ടാകും. അത്തരമൊരു ബന്ധമാണ് ഞാനും നെയ്മറും തമ്മിലുള്ളത്. നെയ്മര്‍ ക്ലബ്ബ് വിട്ടത് ഏറെ വിഷമിപ്പിച്ചു. പക്ഷെ നെയ്മറുടെ ഒരു സുഹൃത്തെന്ന നിലയില്‍ ആ തീരുമാനം നെയ്മറെന്തുകൊണ്ടെടുത്തു എന്ന് എനിക്ക് മനസ്സിലാകും.” പിക്വെ പറഞ്ഞു.

ഞാന്‍ എന്നും നെയ്മറോട് നല്ലരീതിയിലെ പെരുമാറിയിട്ടുള്ളു. ഒരുപക്ഷെ ബാഴ്‌സലോണയെ സ്‌നേഹിക്കുന്ന ഒരു ആരാധകന് നെയ്മറുടെ ട്രാന്‍സ്ഫര്‍ സഹിക്കാനാവുന്നതായിരിക്കില്ല. പക്ഷെ ഒരാളുടെ കരിയര്‍ മുഴുവന്‍ ഒരു ക്ലബ്ബിനു വേണ്ടി കളിക്കുക എന്നതൊക്കെ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പിക്വെ പറഞ്ഞു.

നെയ്മര്‍ക്ക് ബാലണ്‍ ഡി ഒാര്‍ നേടണമെന്നത് ഒരു ലക്ഷ്യമാണ്. അതുകൊണ്ടുതന്നെ നെയ്മറുടെ ക്ലബ് വിടാനുളള തീരുമാനം നല്ലതാണെന്നെ പറയാന്‍ സാധിക്കുള്ളു. അവിടെ അദ്ദേഹത്തിന് കൂടുതല്‍ തിളങ്ങാന്‍ സാധിയ്ക്കും. ചാമ്പ്യന്‍സ് ലീഗിലും ലീഗാ വണ്ണ്‌ലും മികച്ച പ്രകടനം കാഴ്ചവച്ചാല്‍ നെയ്മര്‍ക്ക് ബാലണ്‍ ഡി ഒാര്‍ നേടാന്‍ തീര്‍ച്ചയായും സാധിക്കും എന്നും പിക്വെ പറഞ്ഞു.