ഇനിയൊരു അങ്കത്തിന് ബാല്യമില്ല, ലോക കപ്പെന്ന ആ വലിയ കിരീടം കരസ്ഥമാക്കാനാകാതെ അയാള്‍ വിട പറഞ്ഞു

മുഹമ്മദ് അലി ഷിഹാബ്

2012ല്‍ പുത്തന്‍ പണക്കാരായ, യൂറോപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമാനമായി ഒരു ടീം ഉടലെടുക്കുന്നു എന്ന രീതിയില്‍ ആളുകള്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരുന്ന PSGയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയാണ് ഒരു താരം. പൗളോ മാള്‍ദീനിയും AC മിലാനും PSGയും ഇന്‍ക്ലൂഡഡ് ആയ, നിരവധി കോണ്‍ട്രവേഴ്‌സീസ് കുറഞ്ഞ സമയത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ട ട്രാന്‍സ്ഫര്‍ സാഗയുടെ അള്‍ട്ടിമേറ്റ് റിസള്‍ട്ടെന്നത് അതുവരെയുള്ള ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്ന ഡിഫന്റ്റര്‍ എന്ന ലേബലായിട്ടായിരുന്നു. താരം മറ്റാരുമല്ല, ബ്രസീലിയന്‍ ലെജണ്ട് തിയാഗോ എമിലിയാനോ ഡാ സില്‍വയായിരുന്നു.

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളമായി കളത്തില്‍ പ്രകടിപ്പിക്കുന്ന കൂള്‍ മെന്റാലിറ്റിയുടെ പേരില്‍, ഒരു കംപ്ലീറ്റ് ഡിഫന്റര്‍ക്ക് വേണ്ട ഗുണങ്ങളെല്ലാം സ്ഥിരതയോടെ തുടരുന്ന, ടീമിന്റെ ടാക്ടിക്കല്‍ വശങ്ങളെ കൃത്യമായി മനസ്സിലാക്കി വളരെ വൃത്തിക്ക് തന്റെ ഭാഗം ക്ലിയര്‍ ചെയ്യുന്ന, ടീമംഗങ്ങളെ കളത്തിലുത്തേജിപ്പിക്കാനും കൃത്യമായ നിര്‍ദേശങ്ങളിലൂടെ ലീഡ് ചെയ്യാനുമുള്ള കേപ്പബിലിറ്റിയുള്ള അങ്ങനെ പറഞ്ഞാല്‍ തീരാത്തയത്ര ലേബലുകളുള്ള ഒരു ഹൈ ക്വാളിറ്റി ആന്‍ഡ് കംപ്ലീറ്റ് ഫുട്‌ബോളറായിട്ടാണ് തിയാഗോ സില്‍വയെ ഫീല്‍ ചെയ്തിട്ടുള്ളത്.

സില്‍വ ജനിച്ചു വളരുന്ന സമയം ദാരിദ്രത്തിന് ഒരു കുറവും ഇല്ലാതിരുന്ന സാഹചര്യമായിരുന്നു കുടുംബത്തിന്, ദാരിദ്രമെന്ന് പറഞ്ഞാല്‍ തന്റെ മൂത്ത സഹോദരങ്ങടക്കം ഉള്‍പ്പെടുന്ന കുടുംബം നല്ലൊരു സമയം ജീവിച്ചു തീര്‍ക്കുന്നത് റിയോ ഡി ജനീറോയിലെ ഫവേലയിലാണ്. ഇന്നും അന്നാട്ടില്‍ അധികരിച്ചു കൊണ്ടിരിക്കുന്ന ലഹരിക്ക് അഡിക്ടായി ജീവിതം തുലച്ചു കൊണ്ടിരിക്കുന്ന ഒരു ജനതക്കിടയില്‍ നിന്നയാള്‍ അന്ന് തിരഞ്ഞെടുക്കുന്നത് ഫുട്‌ബോളിനെയാണ്, ബ്രസീലുകാര്‍ ഫുട്‌ബോളിനോട് അടുക്കുന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ലാ എന്നു നമുക്ക് തോന്നുമെങ്കിലും ചിലയിടങ്ങളിലെ സാഹചര്യങ്ങളില്‍ നിന്നും തീരുമാനങ്ങളെടുക്കാനും മുന്നേറാനും കഴിയുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് അവിടുത്തെ വളര്‍ന്നു വരുന്ന ഓരോ തലമുറയെയും സംബന്ധിച്ച്.

തന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമെന്നോണം തന്റെ പതിനാലാം വയസ്സിലയാള്‍ ഫ്‌ലുമിനെന്‍സിന്റെ അക്കാദമിയിലവസരം നേടിയെടുത്ത് കഴിവുകളെ തേച്ചു മിനുക്കുന്നുണ്ട്, പതിനെട്ടാം വയസ്സില്‍ RS ഫുട്‌ബോള്‍ ക്ലബിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളിലരങ്ങേറ്റവും കുറിച്ചു. അവിടെന്നങ്ങോട്ട് ഇരുപത് വര്‍ഷത്തിനിടയില്‍ അയാള്‍ സമ്പാദിച്ചു കൂട്ടുന്നത് തന്റെ സ്വപ്ന സാക്ഷാത്കാരങ്ങളെയാണ്, നേടാന്‍ കഴിയാതെ പോകുന്നത് അയാളുടെ ചിരകാല സ്വപ്നമായ ബ്രസീലുകാരുടെ മനസ്സിനെയേറെ സന്തോഷിപ്പിക്കുന്ന ലോകകപ്പെന്ന കനകക്കിരീടം മാത്രമാണ്.

ഇരുപതാം വയസ്സില്‍ പോര്‍ട്ടോയുടെ ബി ടീമിലിടം പിടിച്ച് അടുത്ത വര്‍ഷം ഡൈനാമോ മോസ്‌കോയില്‍ എത്തുന്നതോടെ അയാളുടെ കരിയറിലെ ഒരു മോശം പീരിയഡിനായിരുന്നു ആരംഭം കുറിച്ചത്, ക്ഷയരോഗവും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും മൂലം ആറ് മാസത്തോളം ഹോസ്പിറ്റെലൈസ്ഡായ അയാള്‍ റിട്ടയര്‍മെന്റ് ഡിസിഷന്‍ എടുക്കുന്നുണ്ട് ഒരു തിരിച്ചു വരവ് ഉണ്ടാകുമെന്ന ഉറപ്പില്ലാതെ തന്നെ. ബ്രസീലിലേക്ക് തിരിച്ച അയാള്‍ തന്നെ വളര്‍ത്തിയ ക്ലബിനോടൊപ്പമാണ് പിന്നീട് ജോയിന്‍ ചെയ്യുന്നത്. കുറഞ്ഞ സമയം കൊണ്ടയാള്‍ അവരുടെ ഐഡലായി മാറുകയാണ്, കൂടാതെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന സെന്‍ട്രല്‍ ഡിഫന്ററായി വളരുകയും ചെയ്യുന്നുണ്ട് ആ സമയത്ത്.

അതിനിടയില്‍ തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ 2007ലെ കോപ്പ അമേരിക്കക്കുള്ള പ്രിലിമിനറി സ്‌ക്വാഡില്‍ ഉള്‍പ്പെട്ട താരത്തിന് ഫൈനല്‍ സ്‌ക്വാഡില്‍ സ്ഥാനം ലഭിച്ചില്ല, 2006 ലോകകപ്പ് പരാജയത്തിന് ശേഷം വന്ന ടൂര്‍ണ്ണമെന്റില്‍ പല പ്രമുഖരെയും ഒഴിവാക്കിയായിരുന്നു അന്ന് ദുംഗ ബ്രസീല്‍ ടീമിനെ തിരഞ്ഞെടുത്തത്. തൊട്ടടുത്ത വര്‍ഷം തന്നെ അയാള്‍ നേഷണല്‍ ടീമിനൊപ്പം കളത്തിലിറങ്ങുന്നുണ്ട്, കൂടാതെ 2008ലെ ഒളിംപിക് ടീമിന്റെ ഭാഗവുമായി. ഒരു സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗലിനെതിരെ ലോക ഫുട്‌ബോളറായ ക്രിസ്റ്റ്യാനോയെ കടിഞ്ഞാണിട്ട് പൂട്ടുന്നതോടെ ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ് സില്‍വ, മത്സരത്തില്‍ ബ്രസീല്‍ 6-2ന് വിജയിച്ചു.

പിന്നീട് തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ AC മിലാന്റെ മാസങ്ങള്‍ നീണ്ട ശ്രമത്തിന് അയാള്‍ യെസ് പറയുകയാണ്, അവിടെന്നങ്ങോട്ട് യൂറോപ്പിലെ അയാളുടെ പടയോട്ടമാരംഭിക്കുകയാണ്. ഏകദേശം AC മിലാന്റെ തകര്‍ച്ചയാരംഭിക്കുന്ന സമയത്താണ് അയാള്‍ ഇറ്റലിയില്‍ പന്തു തട്ടാനാരംഭിക്കുന്നത്, എന്നിരുന്നാലും കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ടയാള്‍ തന്റെ പ്രതിഭാദര്‍ശനം കാഴ്ചവെക്കുന്നുണ്ടവിടെ. വലിയ നേട്ടങ്ങളില്ലെങ്കിലും ആ ചെറിയ പീരിയഡില്‍ നേടിയ ലീഗ് കിരീടത്തില്‍ പ്രമുഖ പങ്കുവഹിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു.

2010 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നുണ്ടെങ്കിലും ക്യാപ്റ്റന്‍ ലൂസിയോയും മൈക്കല്‍ ബാസ്റ്റോസുമുള്ളൊരു ടീമില്‍ സെന്റര്‍ ബാക്കായി കളത്തിലിറങ്ങുക എന്നത് സ്വപ്നമായി മാത്രമവശേഷിച്ചു. ലോകകപ്പ് പരാജയ ശേഷം പുതിയ മാനേജര്‍ക്ക് കീഴില്‍ ടീം സില്‍വയെ ക്യാപ്റ്റനായി അവരോധിക്കുകയാണ്, കോപ്പയിലും ഒളിംപിക്‌സിലും കോണ്‍ഫെഡറേഷന്‍സ് കപ്പിലും അയാള്‍ ടീമിന്റെ നെടുന്തൂണായി നിന്നു. 11ലെ കോപ്പയില്‍ സെമി ഫൈനലില്‍ പരാജയപ്പെട്ട ശേഷം 12ലെ ഒളിംപിക്‌സില്‍ ഫൈനലിലും പരാജയപ്പെടുകയാണ് ടീം. രണ്ടു അപ്രതീക്ഷിതമായ പരാജയങ്ങളെ അയാള്‍ മറികടക്കുന്നത് 13ലെ കോണ്‍ഫെഡറേഷന്‍സ് കപ്പിലൂടെയാണ്, വളരെ ഏപക്ഷീയമായി അയാളുടെ നേതൃത്വത്തില്‍ ടീമാ കിരീടം നേടിയെടുക്കുകയായിരുന്നു.

വര്‍ഷങ്ങളോളം നീണ്ട ലിയോണിന്റെ കിരീട വാഴ്ചയും ബോര്‍ഡെക്‌സിന്റെയും ലില്ലിയുടെയും ഉയര്‍ച്ചയും നടക്കുന്ന സമയത്താണ് ഇരുപതോളം വര്‍ഷത്തിനടുത്ത് ലീഗ് കിരീടമില്ലാതെ അലയുന്ന പാരിസ് സെന്റ് ജര്‍മെയ്‌നില്‍ അയാളെത്തുന്നത്. അയാള്‍ പാരിസിലെത്തിയതിന് ശേഷം PSGയെന്ന ക്ലബിന്റെ ഒരേകാധിപത്യത്തിനാണ് ഫ്രാന്‍സില്‍ ആരംഭം കുറിക്കുന്നത്, നിരവധി മികച്ച താരങ്ങള്‍ ടീമിലെത്തുന്നതോട് കൂടി സില്‍വ തന്റെ ഫ്രഞ്ച് പടയോട്ടം ആരംഭിച്ച സീസണ്‍ മുതലങ്ങോട്ട് തുടര്‍ച്ചയായ എട്ടു സീസണുകളില്‍ ഏഴിലും ലീഗ് കിരീടം പാരിസിലെത്തുകയായിരുന്നു. 13/14ല്‍ ഡൊമസ്റ്റിക്ക് ട്രബിളും 14/15ല്‍ ഡൊമസ്റ്റിക് ക്വാഡ്രബിളും സ്വന്തമാക്കുന്നുണ്ട് ടീമതിനിടയില്‍.

13ലെ കോണ്‍ഫെഡറേഷന്‍സ് വിജയത്തോടെ ആതിഥേയര്‍ കൂടിയായ ബ്രസീല്‍ വേള്‍ഡ് കപ്പ് ഫേവറിറ്റ്‌സിന്റെ ലിസ്റ്റില്‍ ടോപ്പിലെത്തുന്നുണ്ട്, അവരെ നയിക്കുന്നത് സില്‍വയും. നെയ്മറെന്ന പ്രതിഭ ലോകകപ്പ് പടയോട്ടം ആരംഭം കുറിക്കുന്ന എഡിഷനില്‍ ബ്രസീല്‍ സെമി ഫൈനല്‍ വരെ നന്നായിട്ട് തന്നെ കളിച്ചു പോയി, സെമി ഫൈനലില്‍ ടീമിന്റെ ലീഡറായ സില്‍വക്ക് ബുക്കിങ്ങ് കാരണം മത്സരിക്കാന്‍ കഴിയാതെ വരുന്ന മത്സരത്തില്‍ ബ്രസീല്‍ നേരിടുന്നത് തങ്ങളുടെ എക്കാലത്തെയും വലിയ തോല്‍വിയാണ് – അതും സ്വന്തം നാട്ടില്‍, ലോകകപ്പ് സെമി ഫൈനലില്‍.

വീണ്ടും അയാള്‍ ബ്രസീലിനെ കൂടെ പിടിക്കുന്നുണ്ട്, 18ലെ ലോകകപ്പിലെത്തുമ്പോളേക്കും തന്റെ ടീമിനെ ശക്തരായി തന്നെ ലോകത്തിന് മുന്നില്‍ അഡ്രസ് ചെയ്യാന്‍ കോച്ചിന് കഴിയുന്നതോടെ ബ്രസീല്‍ വീണ്ടും സ്വപ്നം കാണുകയാണാ കനകക്കിരീടം. അത്യാവശ്യം കംപ്ലീറ്റ് പെര്‍ഫോര്‍മന്‍സ് നല്‍കിക്കൊണ്ടിരുന്ന ടീം വീണ്ടും നിര്‍ണായക മത്സരത്തില്‍ വീണു പോവുകയാണ്, അതും ടൂര്‍ണമെന്റിലെ തങ്ങളുടെ ഏറ്റവും മികച്ച പെര്‍ഫോര്‍മന്‍സുകളില്‍ ഒന്നു കാഴ്ചവെച്ചിട്ടു പോലും. തൊട്ടടുത്ത വര്‍ഷം കോപ്പ അമേരിക്കയില്‍ ബ്രസീല്‍ വളരെ ഏകപക്ഷീയമായി കിരീടം നേടിയെടുക്കുമ്പോള്‍ അതിലൊരു പങ്ക് പാറപോലെ ബ്രസീലിയന്‍ വോളില്‍ ഉറച്ചു നിന്ന സില്‍വക്കുമവകാശപ്പെട്ടതാണ്.

2020ല്‍ അയാള്‍ ഫ്രാന്‍സ് വിടുകയാണ്, യാത്ര ഇംഗ്ലണ്ടിലേക്കാണ്. ഒരു വര്‍ഷക്കരാറില്‍ ചെല്‍സിയില്‍ എത്തുന്ന അയാള്‍ ലോകത്തിന് സമ്മാനിക്കുന്നത് തന്റെ കരിയറിലെ തന്നെ മികച്ച സീസണുകളിലാന്നാണ്, സ്പീഡ് ഗെയിം ലീഗായ പ്രീമിയര്‍ ലീഗ് ടീമില്‍ അയാള്‍ എക്‌സ്‌പോസ് ചെയ്യപ്പെടുമെന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ സോളിഡ് പെര്‍ഫോര്‍മന്‍സ് ഡെലിവര്‍ ചെയ്താണ് അയാള്‍ മറുപടി കൊടുക്കുന്നത് അതും തന്റെ മുപ്പത്തിയേഴാം വയസ്സില്‍. പറയാനേറെ കിരീടങ്ങള്‍ സ്വന്തമാക്കാന്‍ ചെല്‍സിക്ക് ആ സീസണില്‍ കഴിയുന്നില്ലെങ്കില്‍ പോലും അവര്‍ സ്വന്തമാക്കുന്ന ഏക കിരീടമെന്നത് ക്ലബ് ഫുട്‌ബോളിലെ ഏറ്റവും മികച്ച ടൈറ്റിലായ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ്, അവിടെ നിര്‍ണായക പങ്കു അയാള്‍ വഹിക്കുന്നുണ്ട് ഇഞ്ചുറി മൂലം ഫൈനല്‍ പോരാട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും.

ലോകകപ്പൊഴിച്ച് ഏകദേശം എല്ലാം കരസ്ഥമാക്കിയ ശേഷം ഒരിക്കല്‍ കൂടി അയാള്‍ ബ്രസീല്‍ എന്ന രാജ്യത്തിനെ ലോകകപ്പെന്ന വലിയ വേദിയില്‍ നയിച്ചെത്തുന്നതിനാണ് ഇത്തവണ ഖത്തര്‍ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞൊരു വ്യാഴവട്ടക്കാലത്തിനിടയില്‍ ലഭിച്ച ഏറ്റവും മികച്ച ആക്രമണ നിരയുമായി കഴിഞ്ഞ മൂന്നു ലോകകപ്പുളേക്കാള്‍ കൂടുതല്‍ പ്രതീക്ഷയോടെ പടയോട്ടം നടത്തിയ ടീമിത്തവണയും വീഴുകയാണ്, വിജയിച്ച മത്സരം താനടക്കമുള്ള പ്രതിരോധ നിരയുടെ അബദ്ധം കൊണ്ട് നഷ്ടപ്പെടുത്തുന്നതോട് കൂടി.

ഫുട്‌ബോളിനടിമപ്പെട്ടു ജീവിക്കുന്ന ബ്രസീലിയന്‍ ജനതയുടെ അഭിലാഷമായ, തന്റെയും കൂടി സ്വപ്നമായ ലോകകപ്പെന്ന ആ വലിയ കിരീടം കരസ്ഥമാക്കാനാകാതെ അയാള്‍ ആ വേദിയോട് വിട പറയുകയാണ് – ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്ന തിരിച്ചറിവോടെ…

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്