ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം ഇന്ത്യന്‍ ഹാട്രിക്ക് കണ്ട മത്സരത്തില്‍ ചെന്നൈയിന് എഫ്സിക്കെതിരേ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഉഗ്രന്‍ ജയം. സെമിനിയന്‍ ഡുങ്കലിന്റെ ഹാട്രിക്ക് മികവോടെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ചെന്നൈയിനോട് നോര്‍ത്ത് ഈസ്റ്റ് കടം വീട്ടി.
ഗുവഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സറ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 42-ാം മിനിറ്റില്‍ നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് അവരുടെ മുന്‍നിര താരം സെമിനിയന്‍ ഡുങ്കലിന്റെ ഗോളില്‍ ആദ്യ പകുതിയില്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ കിക്കോഫിനു പിന്നാലെ ഡുങ്കല്‍ 46-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ നേടി 68-ാം മിനിറ്റില്‍ ഡുങ്കല്‍ ഹാട്രിക്ക് തികച്ചു. 80-ാം മിനിറ്റില്‍ അനിരുദ്ധ് താപ്പയിലൂടെയാണ് ചെന്നൈയിന്റെ ആശ്വാസ ഗോള്‍.
ഇരുടീമുകളും തമ്മില്‍ ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈയിന് എഫ്.സി 3-0നു നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു.. ഇതിനു സ്വന്തം ഗ്രൗണ്ടില്‍ അതേ നാണയത്തില്‍ ഹൈലാന്‍ഡേഴ്സ് പകരം വീട്ടി.
ഹാട്രിക് ഗോള്‍ ഉടമ സെമിനിയന്‍ ഡുങ്കലാണ് ഹീറോ ഓഫ് ദി മാച്ച്.. ചെന്നൈയിനെ അട്ടിമറിച്ചവെങ്കിലും രണ്ടു ടീമുകളുടേയും പോയിന്റ് പട്ടികയിലെ സ്ഥാനത്തിനു മാറ്റമില്ല.
ഇരുടീമുകളും ഇന്നലെ ഓരോ വീതം മാറ്റം വരുത്തിയാണ് മത്സരത്തിനിറങ്ങിയത്. നോര്‍ത്ത് ഈസറ്റ് യൂണൈറ്റഡ് മീത്തെയ്ക്കു പകരം ഡുങ്കലിനെയും ചെന്നൈയിന് എഫ്.സി ബിക്രം ജിത്തിനു പകരം അനിരുദ്ധ് താപ്പയേയും ഇറക്കി. ഇതില്‍ നോര്‍ത്ത് ഈസറ്റിന്റെ കോച്ച് അവ്റാന്‍ ഗ്രാന്റിന്റെ ഡുങ്കലിനെ കൊണ്ടുവന്ന നീക്കം സൂപ്പര്‍ ഹിറ്റായി.
നോര്‍ത്ത് ഈസറ്റ് ഡാനിലോ ലോപ്പസിനെ മുന്നില്‍ നിര്‍ത്തി അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡില്‍ സെമിനിയന്‍ ഡുങ്കല്‍, മാഴ്സീഞ്ഞ്യോ, ഹാളിചരണ്‍ എന്നിവരെ അണിനിരത്തിയാണ് ആക്രമണം മെനഞ്ഞത്.മറുവശത്ത് ചെന്നൈയിന് എഫ്.സി ഗ്രിഗറി നെല്‍സണ്‍, റെനെ മിഹെലിച്ച്, തോയ് സിംഗ് എന്നിവരുടെ പിന്തുണയോടെ ജെജെ ലല്‍പെക്യൂലയെ മുന്നില്‍ നിര്ത്തി് നീക്കം ശക്തമാക്കി.
ഇരുടീമുകളും ആക്രമണങ്ങളുടെ കൊടുങ്കാറ്റ് പുറത്തെടുത്തുകൊണ്ടു മത്സരം തുടങ്ങി. അഞ്ചാം മിനിറ്റില്‍ ചെന്നൈയിന്റെ നെല്‍സണ്‍ ഗ്രിഗറിയുടെ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ മുഖത്തുകൂടി തൊടുത്തുവിട്ട ഷോട്ട് കണക്ട് ചെയ്യാന്‍ ആളില്ലാതെ രണ്ടാം പോസ്റ്റിനരികിലൂടെ കടന്നുപോയി. ഒന്‍പതാം മിനിറ്റില്‍ നോര്‍ത്ത് ഈസറ്റിന്റെ ബോക്സിനു സമീപത്തു കിട്ടിയ ഫ്രീ കിക്കും ചെന്നൈയിനു പ്രയോജനപ്പെട്ടില്ല. ആക്രമണവും പ്രത്യാക്രമണവും തുടരെ വന്നുവെങ്കിലും ഗോള്‍ മുഖത്തേക്കു എത്തിയ നീക്കങ്ങള്‍ വളരെ കുറവായിരുന്നു. 23-ാം മിനിറ്റില്‍ ലോങ് പാസില്‍ പന്തുമായി കുതിച്ച ഇനിഗോ കാള്‍ഡിറോണ്‍ ബോക്സിനു വലത്തു വശത്തു നിന്നും തൊടുത്തുവിട്ട ഷോട്ട് ലക്ഷ്യം തെറ്റി സൈഡ് നെറ്റില്‍ പതിച്ചു.
നോര്‍ത്ത് ഈസ്റ്റിന്റെ ആക്രമണങ്ങള്‍ എല്ലാം ആദ്യ പകുതിയുടെ 40 മിനിറ്റുവരെ അറ്റാക്കിങ്ങ് തേര്‍ഡില്‍ അവസാനിക്കുക പതിവായിരുന്നു. ഒരു ഡസനോളം നീക്കങ്ങളാണ് ആദ്യപകുതിയില്‍ മാത്രം അറ്റാക്കിങ് തേര്‍ഡില്‍ അവസാനിച്ചത്.
ഗ്രിഗറി നെല്‍സണിലൂടെയായിരുന്നു ചെന്നൈയിന്റെ ആക്രമണങ്ങള്‍ രൂപപ്പെട്ടത്. വിംഗുകളിലൂടെ ചെന്നൈയിന് നടത്തിയ മുന്നേറ്റങ്ങള്‍ക്കു ഗ്രിഗറിയും ജെറിയും നേതൃത്വം നല്കി.
ഗോള്‍ രഹിതമായി ആദ്യ പകുതി അവസാനിക്കുമെന്നു കരുതിയ നിമിഷത്തിലായിരുന്നു നോര്‍ത്ത് ഈസറ്റ് ഗോള്‍ നേടിയത്. 42 -ാം മിനിറ്റില്‍ ഇടത്തെ വിംഗില്‍ നിന്നും വന്ന ലോങ് പാസ് ബോക്സിനു വലത്തുവശത്തു സ്വീകരിച്ച ഡുങ്കല്‍ ഹെഡ്ഡറിലൂടെ ഡാനിലോ ലോപ്പസിനു നല്കി. പന്തുമായി കുതിച്ച ഡാനിലോയുടെ ആദ്യ ഷോട്ട് ചെന്നൈയിന് ഗോളി കരണ്‍ജിത് സിംഗ് തടഞ്ഞു. പക്ഷേ പന്ത് കരങ്ങളില്‍ ഒതുങ്ങിയില്ല . റീ ബൗണ്ട് കണ്ടു സികസ് യാര്‍ഡിലേക്കു ഓടി വന്ന ഡുങ്കല്‍ കൃത്യസമയത്തു തന്നെ ചാടി വീണു പന്ത് വലയിലാക്കി (10).
തൊട്ടുപിന്നാലെ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ബോക്സിനു വലത്തു വശത്തു വെച്ചു ചെന്നൈയിനു അനൂകൂലമായി ഫ്രി കിക്ക് . റെനെ മിഹെലിച്ച് എടുത്ത ഫ്രീ കിക്ക് അപകടമില്ലാതെ അവസാനിച്ചതോടെ ആദ്യ പകുതി നോര്‍ത്ത് ഈസറ്റിന്റേതായി.
രണ്ടാം പകുതി തുടങ്ങി മിന്നല്‍ വേഗത്തില്‍ സെമിനിയന്‍ ഡങ്കല്‍ രണ്ടാം ഗോള്‍ നേടി. രണ്ടാ ംപകുതി കിക്കോഫിനു പിന്നാലെ നോര്‍ത്ത ഈസറ്റിന്റെ പകുതിയിലേക്കു വന്ന പന്ത് തിരിച്ച് ലോങ് പാസില്‍ ഡാനിലോ ലോപ്പസ് സെസാറിയിലേക്കും ,സെസാറിയോയില്‍ നിന്നും മറ്റൊരു ലോങ് പാസ് സെമിനിയന്‍ ഡങ്കലിലേക്കും പന്തുമായി കുതിച്ച ഡങ്കല്‍ അഡ്വാന്‍സ് ചെയ്തു ഓടി വന്ന ചെന്നൈയുടെ ഗോളിയെയും മറികടന്നു പന്ത് ഇടംകാല് കൊണ്ടു വലയിലേക്കു തൊടുത്തുവിട്ടു. ഈ സീസണില്‍ രണ്ടാം പകുതിയില്‍ വ്ന്ന എറ്റവും വേഗതയേറിയ ഗോളും ആയിരുന്നു ഇത്.
രണ്ട് ഗോളുകള്‍ക്ക് പിന്നിലായി പോയ ചെന്നൈയിന് എഫ്.സി തുടരെ നോര്‍ത്ത് ഈസറ്റ് ഗോള്‍ മുഖം ആക്രമിക്കാന്‍ തുടങ്ങി. ചെന്നൈയിന് സെറിനോയെ മാറ്റി റാഫേല്‍ അഗസ്റ്റോയെ കൊണ്ടുവന്നതോടെ ആക്രമണത്തിനു ശക്തികൂടി. നോര്‍ത്ത്് ഈസറ്റ് ഗോളി ടി.പി രഹ്്നേഷിനു വിശ്രമം ഇല്ലാത്ത നിമിഷങ്ങള്‍ ഇല്ലാതായി അടുത്ത മാറ്റത്തില്‍ തോയ് സിംഗിനു പകരം മുഹമ്മദ് റാഫിയെയും ഇറക്കി. എന്നാല്‍ കളിയുടെ തിരക്കഥ മാറ്റുവാന്‍ ചെന്നൈയിന് താരനിരയക്കു കഴിഞ്ഞില്ല.
66 -ാം മിനിറ്റില്‍ ഡാനിലോ ലോപ്പസിന്റെ പാസില്‍ ഹാളിചരണ്‍ നാര്‍സറിയുടെ ബുള്ളറ്റ് ഷോട്ട് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തിയതാണ് നോര്‍ത്ത് ഈസറ്റിന്റെ 68 -ാം മിനിറ്റിലെ മൂന്നാം ഗോളിനു തുടക്കം. കോര്‍ണറില്‍ ഉരിത്തിരിഞ്ഞ അപകടം ഒഴിവാക്കിയെങ്കിലും ഹാളിചരണിന്റെ വലത്തെ വിംഗിലൂടെ വന്ന കുതിപ്പ് സെമിനിയന്‍ ഡുങ്കലിലേക്കു ക്രോസ് ആയി വന്നു. . ബോക്സില്‍ എത്തിയ സെമിനിയന്‍ ഡുങ്കല്‍ വലത്തെ കാല്‍കൊണ്ടു തുവല്‍സ്പര്‍ശത്തിനു തുല്യമായ ഫ്ളിക്കിലൂടെ രണ്ടാം പോസറ്റിലേക്കു പന്തിന്റെ ഗതി തിരിച്ചുവിട്ടു.
ഗോള്‍ മടക്കാനുള്ള ചെന്നൈയിന് എഫ്.സിയുടെ ശ്രമം 80-ാം മിനിറ്റിലാണ് പൂവണിഞ്ഞത്. ആറോളം നോര്‍ത്ത് ഈസറ്റ് താരങ്ങള്‍ പ്രതിരോധത്തില്‍ നിന്ന അവസരത്തില്‍ ചെന്നൈയിന് വളരെ മനോഹരമായാണ് ഗോള്‍ നേടിയത്. ജെജെയില്‍നിന്നും കാള്‍ഡിറോണിലേക്കും തുടര്‍ന്നു തടയാന്‍ ശ്രമിച്ച റീഗന് സിംഗിനെ മറികടന്നു വന്ന പന്ത് ലഭിച്ച അനിരുദ്ധ് താപ്പ ഫുള്‍ വോളിയിലൂടെ രണ്ടാംപോസ്റ്റിലേക്കു നിറയൊഴിച്ചു.
Read more
അവസാന മിനിറ്റുകളിലേക്കു കടന്നതോടെ ചെന്നൈയുടെ ഗോള്‍ കീപ്പര്‍ ഒഴിച്ച് മറ്റു കളിക്കാരെല്ലാം നോര്‍ത്ത് ഈസ്റ്റിന്റെ പകുതിയിലായിരുന്നു. .പക്ഷേ , ഒരു ആശ്വാസ ഗോളില്‍ ചെന്നൈയിനു മടങ്ങേണ്ടി വന്നു.