നടപടിക്കായി കാക്കുന്നില്ല, ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ക്യാമ്പ് വിട്ടു, വിദേശതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മടങ്ങി

ബെംഗളൂരുവിനെതിരായ ഐഎസ്എല്‍ ഫുട്‌ബോള്‍ നോക്കൗട്ട് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയതിലെ തുടര്‍നടപടികള്‍ക്കായി കാക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. സീസണ്‍ പൂര്‍ത്തിയായതോടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കൊച്ചിയിലെ ടീം ക്യാമ്പ് വിട്ടു. വിദേശതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നാട്ടിലേക്ക് മടങ്ങി.

ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടിയുണ്ടാകുമെന്നതില്‍ തര്‍ക്കമില്ലെങ്കിലും നടപടി വൈകിയേക്കുമെന്നാണ് അറിയുന്നത്. ഫൈനലിനു ശേഷമാകും ഐഎസ്എല്‍ അധികൃതര്‍ അച്ചടക്ക നടപടി പ്രഖ്യാപിക്കുകയെന്നാണ് പുതിയ വിവരം. ഈ മാസം 18നാണ് ഫൈനല്‍ പോരാട്ടം.

അതേസമയം, സംഭവത്തില്‍ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ സമീപച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മത്സരം വീണ്ടും നടത്തണമെന്നും ബെംഗലൂരുവിന് അനുകൂലമായി ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണ്‍സണെ വിലക്കണമെന്നും ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടുവെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Read more

സുനില്‍ ഛേത്രി ഫ്രീ കിക്ക് എടുക്കുന്നതിന് മുമ്പ് റഫറി ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയോട് നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതിനാല്‍ തന്നെ ഛേത്രിയുടെ അതിവേഗ ഫ്രീ കിക്ക് ഗോളായി അനുവദിക്കാനാവില്ലെന്നും ബ്ലാസ്റ്റേഴ്സ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.