ഐ.എസ്.എല്ലിലേക്ക് ഒരു ടീം കൂടി; പന്ത്രണ്ടാമനായി പഞ്ചാബ് എഫ്.സി

ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്.സിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് (ഐ.എസ്.എല്‍) സ്ഥാനക്കയറ്റം. ഇതോടെ 2023-24 സീസണില്‍ പന്ത്രണ്ട് ടീമുകള്‍ മാറ്റുരക്കും. ഐഎസ്എല്‍ അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഐസിഎല്‍എസ് പ്രീമിയര്‍ 1 ലൈസന്‍സിങ് നടപടികള്‍ കൂടി പൂര്‍ത്തിയാക്കിയതോടെയാണ് പഞ്ചാബ് എഫ്.സിക്ക് സ്ഥാനക്കയറ്റം നല്‍കിയത്. ഇതോടെ ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം നേടുന്ന ആദ്യ ക്ലബ്ബ് എന്ന നേട്ടം പഞ്ചാബ് എഫ്‌സി സ്വന്തമാക്കി. റൗണ്ട്ഗ്ലാസ് പഞ്ചാബ് ഗ്രൂപ്പാണ് ക്ലബ്ബിന്റെ ഉടമസ്ഥര്‍.

കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കഠിനാധ്വാനത്തിനും സ്ഥിരോത്സാഹത്തിനും ലഭിച്ച അംഗീകാരമാണ് ഐഎസ്എല്‍ പ്രവേശനമെന്ന് റൗണ്ട്ഗ്ലാസ് പഞ്ചാബിന്റെ സ്ഥാപകന്‍ സണ്ണി സിംഗ് പ്രതികരിച്ചു.

2022-23 ഐ ലീഗ് സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് പഞ്ചാബ് ജേതാക്കളായത്. 16 മത്സരങ്ങള്‍ ജയിച്ച അവര്‍ നാല് കളികള്‍ സമനിലയിലെത്തിച്ചു. തോറ്റത് രണ്ട് എണ്ണത്തില്‍ മാത്രം. 45 ഗോളുകളും ഒരു സീസണില്‍ അടിച്ചുകൂട്ടി.