കേരളം ബ്ലാസ്റ്റേഴ്‌സ് താരം രാഹുലിന്റെ ഫൗൾ പാളി, താടിയെല്ല് ഒടിഞ്ഞ് പഞ്ചാബിന്റെ ലൂക്കാ മജ്‌സെന്; പത്രക്കുറിപ്പ് പുറത്ത് വിട്ട് ക്ലബ്

ഞായറാഴ്ച കൊച്ചിയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളം ബ്ലാസ്റ്റേഴ്സിനെതിരായ സീസൺ ഓപ്പണറിനിടെ പരിക്കേറ്റ പഞ്ചാബ് എഫ്‌സി ഫോർവേഡ് ലൂക്കാ മജ്‌സെന് 6-8 ആഴ്ചകൾ നഷ്ടമാകും. സ്ലോവേനിയൻ താരത്തിന് താടിയെല്ലിന് രണ്ട് ഒടിവുകൾ സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നും പഞ്ചാബ് എഫ്‌സി പുറത്ത് വിട്ട പത്രക്കുറിപ്പിൽ പറയുന്നു.

ക്ലബ് മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിലായിരിക്കും വരും ദിവസങ്ങളിൽ ലൂക്കാ മജ്‌സെന്. പഞ്ചാബ് എഫ് സിയുടെ മെഡിക്കൽ സംഘത്തിന്റെ മെഡിക്കൽ അവസ്ഥകളും ക്ലിയറൻസുകളും അനുസരിച്ച് ശസ്ത്രക്രിയ കഴിഞ്ഞു ആവശ്യമായ വിശ്രമത്തിന് ശേഷം അദ്ദേഹം പ്രവർത്തനത്തിലേക്ക് മടങ്ങുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ വികസനത്തെക്കുറിച്ച് സംസാരിച്ച ഫുട്ബോൾ ഡയറക്ടർ, നിക്കോളാസ് ടോപോളിയാറ്റിസ് കേരളം ബ്ലാസ്റ്റേഴ്‌സ് താരം കെപി രാഹുലിന്റെ പ്രവർത്തിയെ അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്തു.

അദ്ദേഹം പറയുന്നു: “വരാനിരിക്കുന്ന മത്സരങ്ങൾക്കായി ലൂക്കയുടെ സേവനം നഷ്ടപ്പെടുത്തുന്നു എന്നത് ഞങ്ങളെ സംബന്ധിച്ച് നിരാശാജനകമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ഭാഗത്ത് നിന്നുള്ള അനാവശ്യമായ ആക്രമണാത്മക ഫൗളായിരുന്നു അത്. ലൂക്കയുടെ പരിക്കിൽ കലാശിച്ച അത്തരം ഉപകാര ശൂന്യമായ ഫൗളുകൾ ഒരു ക്ലബ് എന്ന നിലയിൽ ഞങ്ങൾ അപലപിക്കുന്നു. കളിയുടെ അത്തരം ആക്രമണ സ്വഭാവത്തെ ആരും പിന്തുണയ്ക്കരുത് എന്നും ഞങ്ങൾ പറഞ്ഞു വെക്കുന്നു. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.”

ജവഹർ ലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ പഞ്ചാബിനെതിരെ കേരളം ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് തോറ്റിരുന്നു. മത്സരത്തെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ സംസാരിച്ചു. “പഞ്ചാബ് വളരെ മികച്ചതായി തന്നെ കളിച്ചു. ആദ്യ പകുതിയുടെ അവസാനം അവർ മികച്ച മുന്നേറ്റങ്ങൾക്ക് ശ്രമിച്ചെങ്കിലും നമ്മൾ അതിനെ ചെറുത്ത് നിർത്തി.

ഇന്നത്തെ മത്സരത്തിൽ ഞങ്ങൾ ഡിഫൻസിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. പക്ഷെ ചില നിർണായക സമയങ്ങളായിൽ ഞങ്ങൾ പരാജയപെട്ടു. കൂടുതൽ സംഖ്യകൾ വെച്ച് ആക്രമിച്ച് കളിക്കേണ്ടതുണ്ട്. ഇനിയുള്ള മത്സരങ്ങൾ ഞങ്ങൾ അതിനു വേണ്ടി തന്നെ പരിശ്രമിക്കും. ഇപ്പോൾ നേരിട്ട തോൽവി അത് അംഗീകരിക്കാൻ ഞങ്ങൾക്ക് കുറച്ച് പ്രയാസമാണ് പക്ഷെ ഞങ്ങൾ തിരിച്ച് വരും” മൈക്കൽ സ്റ്റാഹ്രെ പറഞ്ഞു.