"ബെൻസെമയും എംബാപ്പായും ഒരേ പോലെയാണ്, ഞാൻ ആവശ്യപ്പെടുന്ന പോലെ അവർ കളിക്കും": കാർലോ ആൻസലോട്ടി

റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയ്ക്ക് സാധിക്കുന്നുണ്ട്. റയലിന് വേണ്ടി കളിച്ച 12 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗോളുകൾ അടിക്കുന്നുണ്ടെങ്കിലും എംബപ്പേ പ്രെസിങ്ങിൽ വളരെ പുറകിലാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

പരിശീലകനായ കാർലോ ആൻസലോട്ടി എംബാപ്പയെ കുറിച്ച് സംസാരിച്ചു. എംബപ്പേ പ്രെസ്സ് ചെയ്യുന്നതിനേക്കാൾ മുൻഗണന താൻ നൽകുന്നത് ഗോളടിക്കുന്നതിനാണ് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. ബെൻസിമയോട് ആവശ്യപ്പെട്ടതുപോലെ ഗോളുകളാണ് എംബപ്പേയോടും താൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്നും ആഞ്ചലോട്ടി പറഞ്ഞിട്ടുണ്ട്.

കാർലോ ആൻസലോട്ടി പറയുന്നത് ഇങ്ങനെ:

“എംബപ്പേയിൽ നിന്നും ഗോളുകളാണ് ഞാൻ ഡിമാൻഡ് ചെയ്യുന്നത്. കൂടുതൽ ഗോളുകൾ നേടാൻ വേണ്ടിയാണ് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹം പ്രസ്സ് ചെയ്യുന്നതിനേക്കാൾ ഞാൻ മുൻഗണന നൽകുന്നത് ഗോളുകൾ നേടുന്നതിനാണ്. കരിം ബെൻസിമയോട് ആവശ്യപ്പെട്ടത് തന്നെയാണ് ഞാൻ എംബപ്പേയോടും ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ ഗോളുകൾ നേടാനും ഞങ്ങൾ പന്ത് റിക്കവർ ചെയ്യുന്ന സമയത്ത് തയ്യാറായിരിക്കാനുമാണ് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത് “ കാർലോ ആൻസലോട്ടി പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ ഇനിയുള്ളത് റയൽ മാഡ്രിഡ് ജർമൻ ബൊറൂസിയ ഡോർട്ട്മുണ്ട് മത്സരമാണ് നടക്കാൻ പോകുന്നത്. റയൽ മാഡ്രിഡിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ബൊറൂസിയയെ പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് കപ്പ് ജേതാക്കളായത്.