ഇന്ന് നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ ചിലിയെ പരാജയപ്പെടുത്തി കരുത്തരായ ബ്രസീൽ തങ്ങളുടെ രാജകീയ തിരിച്ച് വരവിന് തയ്യാറെടുത്തു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ ചിലിയെ പരാജയപെടുത്തിയിരിക്കുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചിലി ലീഡ് ഗോൾ നേടിയത് ബ്രസീൽ ടീമിൽ ആശങ്ക പടർത്തി. എന്നാൽ ഇഗോർ ജീസസ് നേടിയ ഗോൾ ബ്രസീലിന് സമനില നേടിക്കൊടുത്തു. പിന്നീട് മത്സരത്തിന്റെ അവസാന സമയത്ത് ലൂയിസ് ഹെൻറിക്കെ നേടിയ ഗോളാണ് വിജയം സമ്മാനിച്ചത്.
സമീപകാലത്ത് മോശമായ പ്രകടനങ്ങളായിരുന്നു ബ്രസീൽ ടീം കാഴ്ച വെച്ചത്. ഇന്നത്തെ മത്സരം വിജയിച്ചത് കൊണ്ട് അവരുടെ ആത്മവിശ്വാസം കൂടി എന്നാണ് പരിശീലകനായ ഡൊറിവാൽ ജൂനിയർ പറയുന്നത്.
ഡൊറിവാൽ ജൂനിയർ പറയുന്നത് ഇങ്ങനെ:
”ഉടനടി ഒരു മാറ്റം എളുപ്പമല്ല. വേൾഡ് കപ്പിലെ അവസാന മത്സരത്തിൽ ഉണ്ടായിരുന്ന നാല് താരങ്ങളെ മാത്രം വെച്ചുകൊണ്ടാണ് നമ്മൾ ഈ മത്സരത്തിൽ കളിച്ചിട്ടുള്ളത്. കഴിഞ്ഞ വേൾഡ് കപ്പിൽ ഉണ്ടായിരുന്ന സ്ട്രക്ചർ അല്ല ഇപ്പോൾ നമുക്കുള്ളത്. ഒരുപാട് പുതിയ താരങ്ങളാണ്. കഴിഞ്ഞ രണ്ടു വർഷമായി ഒരു മികച്ച ടീം തന്നെ നമുക്കുണ്ട്. എന്നിട്ടും നമുക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. വർക്ക് തുടങ്ങുന്നതിന് മുൻപേ തന്നെ വിജയം ആഗ്രഹിക്കുന്നവരാണ് ഇവിടെയുള്ളവരിൽ പലരും. എന്നാൽ അത് സാധ്യമല്ല”
“മാറ്റം എല്ലാവരും ആവശ്യപ്പെടുന്നുണ്ട്, പക്ഷേ അത് എളുപ്പത്തിൽ നിങ്ങൾക്ക് കാണാൻ കഴിയില്ല. വർക്ക് തുടങ്ങുന്നതിനു മുൻപേ വിജയം കാണുക എന്നുള്ളത് ഡിക്ഷണറിയിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. അതൊരിക്കലും നടക്കില്ല. ക്ഷമ ആവശ്യമാണ്. നമുക്ക് ഒരു വണ്ടർഫുൾ ആയ മത്സരം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ നമ്മൾ വളർച്ചയുടെ പാതയിൽ തന്നെയാണ്. ആരാധകരുടെ പിന്തുണയോടെ കൂടി ഞങ്ങൾക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് കാണിച്ചു കൊടുക്കേണ്ടതുണ്ട്. ഇനിയും കൂടുതൽ വളർച്ച കൈവരിക്കേണ്ടതുണ്ട് “ ഡൊറിവാൽ ജൂനിയർ പറഞ്ഞു.