"ഞങ്ങളെ സഹായിച്ചത് ആരാധകർ, ഒരിക്കലും ആ കടപ്പാട് മറക്കില്ല"; നന്ദി അറിയിച്ച് ലൂയിസ് ഹെൻറിക്കെ

ബ്രസീൽ തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇന്ന് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ബ്രസീലിയൻ താരമായ റാഫീഞ്ഞ പെനാൽറ്റിയിലൂടെ ഇരട്ട ഗോളുകൾ പൂർത്തിയാക്കുകയായിരുന്നു. കൂടാതെ ലൂയിസ് ഹെൻറിക്കെ ഒരു ഗോളും ഒരു അസിസ്റ്റും മത്സരത്തിൽ നേടിയിട്ടുണ്ട്. ഒപ്പം ആൻഡ്രിയാസ് പെരേരയും തകർപ്പൻ ഗോൾ കണ്ടെത്തി.

ഇത്തവണ പകരക്കാരന്റെ റോളിലാണ് ലൂയിസ് ഹെൻറിക്കെ കളിക്കളത്തിലേക്ക് ഇറങ്ങിയത്. എന്നാൽ മത്സരത്തിലെ ഹീറോ ആകാൻ നിമിഷ നേരം കൊണ്ട് താരത്തിന് സാധിച്ചു. വളരെ കുറച്ച് മിനിറ്റുകൾ കൊണ്ടാണ് അദ്ദേഹം രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുള്ളത്. ടീം നേടിയ വിജയത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

ലൂയിസ് ഹെൻറിക്കെ പറയുന്നത് ഇങ്ങനെ:

“ഞങ്ങൾക്ക് ഈ വിജയം ആവശ്യമുണ്ടായിരുന്നു. കാരണം ഞങ്ങൾ അത്രയേറെ വർക്ക് ചെയ്തിട്ടുണ്ട്. ഇവിടെയുള്ള എല്ലാവരും വളരെയധികം ഡെഡിക്കേറ്റഡ് ആണ്. വിജയം മാത്രമാണ് ഞങ്ങളുടെ എല്ലാവരുടെയും ലക്ഷ്യം. വിജയിക്കാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങൾ ഇനിയും മുന്നോട്ടുപോകണം. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം വർക്ക് തന്നെയാണ്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഇന്നത്തെ മത്സരം വളരെയധികം ബുദ്ധിമുട്ടാകുമായിരുന്നു. പക്ഷേ ആരാധകരുടെ പിന്തുണ കാര്യങ്ങളെ എളുപ്പമാക്കി തന്നു ”ലൂയിസ് ഹെൻറിക്കെ പറഞ്ഞു.

ബ്രസീൽ ടീമിൽ സ്ഥിരമായുള്ള മത്സരങ്ങൾ അദ്ദേഹം കളിച്ചിരുന്നില്ല. ഇന്നത്തെ മത്സരത്തിലെ മികച്ച പ്രകടനം കൊണ്ട് ഇനി ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി താരത്തിന് മാറാൻ സാധിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ബ്രസീലിയൻ ലീഗിൽ ബോട്ടോഫോഗോക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന താരമാണ് ഹെൻറിക്കെ.