"വിനിഷ്യസിന് ഇത്രയും ജാഡയുടെ ആവശ്യം എന്താണ്?": വിമർശിച്ച് മുൻ ബ്രസീലിയൻ ഇതിഹാസം

റയൽ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയർ നടത്തുന്നത്. ഡോർട്ട്മുണ്ടിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഹാട്രിക്ക് ഗോളുകളുമായി ടീമിനെ മുൻപിൽ നിന്നു നയിച്ചത് വിനീഷ്യസ് ആയിരുന്നു. കൂടാതെ ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കാൻ കൂടുതൽ സാധ്യത ഉള്ള താരവും അദ്ദേഹമാണ്.

കളിക്കളത്തിൽ അദ്ദേഹത്തിന്റെ ആറ്റിട്യൂഡിനെ കുറിച്ച് വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ബ്രസീലിയൻ താരമായ റിവാൾഡോ. ഇത്തവണത്തെ ബാലൺ ഡി ഓർ വിനിക്ക് ലഭിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്. എന്നാൽ വിനീഷ്യസ് തന്റെ ആറ്റിറ്റ്യൂഡിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഇദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

റിവാൾഡോ പറയുന്നത് ഇങ്ങനെ:

”ദേശീയ ടീമിനോടൊപ്പം മികച്ച പ്രകടനം വിനിക്ക് നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം റയൽ മാഡ്രിഡിൽ നടത്തിയ പ്രകടനം നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം ബാലൺ ഡി ഓർ ലഭിക്കേണ്ടത് വിനിഷ്യസിന് തന്നെയാണ്. അത് അദ്ദേഹം നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷേ വിനീഷ്യസിന്റെ ആറ്റിറ്റ്യൂഡ് ശരിയല്ല. അതിൽ മാറ്റം വരുത്തേണ്ടതുണ്ട്”

റിവാൾഡോ തുടർന്നു:

“റഫറിമാരോടും താരങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ മാറ്റം വരുത്തണം. വളരെയധികം ഫൗൾ ലഭിക്കുന്ന ഒരു താരമാണ് വിനീഷ്യസ്. പക്ഷേ റഫറിമാരോടും എതിർ താരങ്ങളോടും തർക്കിക്കുന്നത് ഒരിക്കലും നല്ല കാര്യമല്ല. ചില സമയത്ത് അദ്ദേഹത്തിന് നിയന്ത്രണം നഷ്ടമാകുന്നുണ്ട്. മാഡ്രിഡിൽ എത്തിയശേഷം ഒരുപാട് കാര്യങ്ങൾ പഠിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആറ്റിറ്റ്യൂഡിന്റെ കാര്യത്തിലും അദ്ദേഹം മാറ്റം വരുത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് “റിവാൾഡോ പറഞ്ഞു.