'പ്രചാരണത്തിന് പ്ലാസ്റ്റിക് ഫ്ലക്സ്, എൽഡിഎഫ് ചട്ടം ലംഘിച്ചു'; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

എൽഡിഎഫ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. ചേലക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് ഫ്ലക്സ് വച്ചെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പരാതിയിൽ പറയുന്നു. ഫ്ലക്സ് പ്രിന്റ് ചെയ്യരുതെന്ന ഹൈക്കോടതി നിയമം ലംഘിച്ചെന്നാണ് ആരോപണം.

ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ്കുമാറാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. തുണിയിൽ പ്രിന്റ് ചെയ്യണമെന്ന നിയമം എൽഡിഎഫ് പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിനെതിരെയാണ് പരാതി നൽകിയത്. ചേലക്കര നിലനിര്‍ത്താൻ എൽഡിഎഫ് ഇറങ്ങുമ്പോൾ, രമ്യ ഹരിദാസാണ് യുഡിഎഫിനായി മത്സരിക്കുന്നത്. കെ ബാലകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി.

അതേസമയം ചേലക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ പുറത്തുവന്നു. യു ആർ പ്രദീപിന്റെ കൈവശം ഉള്ളത് 11,000 രൂപയാണ്. കേരള ഗ്രാമീൺ ബാങ്കിന്റെ പുല്ലൂർ ശാഖയിൽ 27,553 രൂപയുടെ നിക്ഷേപമുണ്ട്. ദേശമംഗലം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ 81,217 രൂപയുടെയും നിക്ഷേപമുണ്ട്. പ്രദീപിന്റെയും ഭാര്യയുടെയും കൈവശം ഒമ്പത് ഗ്രാം സ്വർണാഭരണങ്ങളുണ്ട്. ദേശമംഗലം സർവീസ് സഹകരണ ബാങ്കിൽ നിന്ന് കാർഷിക വായ്പ എടുത്തതിൽ അമ്പതിനായിരം രൂപ തിരിച്ചടക്കാൻ ഉണ്ട്. ആകെ വരുമാനം 1,35,250 രൂപയാണെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയിരിക്കുന്ന സത്യവാം​ഗ്മൂലത്തിൽ പറയുന്നു.