ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ ഇന്നു പരീക്ഷ ബ്‌ളാസ്‌റ്റേഴ്‌സിന്റെ ഹോര്‍മിപാമിന് ; ഇന്ത്യയ്ക്ക് കുറേക്കൂടി കടുപ്പപ്പോരാട്ടം

ഏഷ്യാകപ്പിന് മൂന്നോടിയായി ശക്തിപരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്ന ഇന്ത്യ കുറേക്കൂടി ശക്തന്മാരായ ബലാറസിനെ ഇന്ന് നേരിടും. സൗഹൃദ മത്സരത്തില്‍ കേരളബ്‌ളാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ കോട്ട തീര്‍ത്ത ഹോര്‍മിപാം ഉള്‍പ്പെടെയുള്ളവര്‍ക്കാകും ഇന്ന് പരീക്ഷ. ഇത്തവണയും യുവതാരങ്ങളെയാണ് ഇന്ത്യന്‍ പരിശീലകന്‍ സ്റ്റിമാക്ക് കളത്തിലിറക്കുക. ഗോവന്‍ പ്രതിരോധക്കാരന്‍ അന്‍വര്‍ അലി, ഐഎസ്എല്ലിലെ എമേര്‍ജിംഗ് പ്‌ളേയര്‍ റോഷന്‍സിംഗ് നെയ്‌റോം എന്നിവരും ടീമിലെത്തുമെന്നാണ് കരുതുന്നത്.

പത്തുവര്‍ഷത്തിനിടയില്‍ ഇന്ത്യ ഒരു യൂറോപ്യന്‍ ടീമിനെ നേരിടുന്നതും ഇതാദ്യമാണ്. 2012 ല്‍ അസര്‍ ബെയ്ജാന് എതിരേ കളിച്ചതാണ് ഇന്ത്യ ഇതിന് മുമ്പ് യൂറോപ്യന്‍ എതിരാളികള്‍ക്ക് നേരെ കളിച്ചിട്ടുള്ള മത്സരം. ബഹ്‌റിനേക്കാള്‍ അല്‍പ്പം കൂടി കടുപ്പ ടീമാണ് ബലാറസ്. സാങ്കേതികമായും ശാരീരികമായും ഇന്ത്യയേക്കാള്‍ ഏറെ മുന്നിലുള്ള അവര്‍ ലോകകപ്പ് യോഗ്യതയില്‍ ലോകഫുട്‌ബോളിലെ അതികായന്മാരെയാണ് നേരിട്ടത്. വെയ്ല്‍സ്, ബെല്‍ജിയം, ചെക്ക് റിപ്പബ്‌ളിക് എന്നീ യൂറോപ്യന്‍ വമ്പന്മാരെയാണ് അവസാന നാലു മത്സരത്തില്‍ അവര്‍ നേരിട്ടത്. ഇന്ത്യയ്ക്ക് എതിരേ അവര്‍ കളിക്കാനിറങ്ങുന്നതും ഇതാദ്യമായിട്ടാണ്.

ബഹ്‌റിന്‍ നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യ കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ ബലാറസിനെതിരേ മികച്ച പ്രകടനം നടത്തിയിരുന്നു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. മലയാളിതാരം സുഹൈര്‍ ഈ മത്സരത്തില്‍ കളിച്ചിരുന്നു. അതേസമയം ബഹ്‌റിനേക്കാള്‍ ഒരു പടികൂടി മെച്ചമുള്ള ടീമാണ് ബലാറസ്. കഴിഞ്ഞ മത്സരത്തില്‍ ചില കളിക്കാരുടെ പ്രകടനം അത്ര മെച്ചമായിരുന്നില്ലെന്നും അതുകൊണ്ടു തന്നെ ബലാറസിനെതിരേയുള്ള മത്സരത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും സ്റ്റിമാക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളബ്‌ളാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ വളരെയധികം മികവ് കാ്ട്ടിയ യുവതാരമാണ് ഹോര്‍മിപാം.