ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് വേണ്ടി എഐഎഫ്എഫ് ജ്യോത്സനെ നിയമിച്ചെന്ന റിപ്പോര്‍ട്ടുകളെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. എഐഎഫ്എഫിന്‍റെ തീരുമാനത്തെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ജ്യോതിഷ ഏജന്‍സിയായ ന്യാസ ആസ്ട്രോകോര്‍പ് എന്ന സ്ഥാപനവുമായി 16 ലക്ഷം രൂപയുടെ കരാറില്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സംഘത്തെ പ്രചോദിപ്പിക്കാനാണ് നടപടി.
ടീമിനൊപ്പം മൂന്ന് തവണ ഇവര്‍ കൂടിക്കാഴ്ച നടത്തിയതായാണ് പറയപ്പെടുന്നത്. ഒരു തവണ ബെല്ലാരിയില്‍ വെച്ചും രണ്ട് തവണ കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ വെച്ചുമായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് കരാര്‍. 16 ലക്ഷം രൂപയാണ് ഏപ്രില്‍ 21ന് നല്‍കിയത്. കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി പുതുക്കാനും വ്യവസ്ഥയുണ്ട്.
ഈ വിഷയത്തില്‍ പ്രതികരണത്തിനായി എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി സുനന്ദോ ദറിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.