ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്ന യുവാക്കളുടെ എണ്ണത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കുടിയേറ്റം ഉണ്ടായത്.

എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഓസ്‌ട്രേലിയയിലും യുകെയിലും ഉള്‍പ്പെടെ കുടിയേറ്റം ഒരു വലിയ പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്. കാനഡയാകട്ടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലുള്‍പ്പെടെ ഇടഞ്ഞതോടെ ഇന്ത്യക്കാരുടെ കുടിയേറ്റം അനശ്ചിതത്വത്തിലായിട്ടുണ്ട്. ഒരു നല്ല ഭാവി സ്വപ്‌നം കണ്ട് യുവാക്കള്‍ വീണ്ടും യുഎഇയിലേക്കാണ് വ്യാപകമായി ടിക്കറ്റെടുത്ത് തുടങ്ങിയിരിക്കുന്നത്.

എന്നാല്‍ കുടിയേറ്റം യുഎഇയെയും ബാധിക്കുന്നുണ്ട്. ഉയര്‍ന്ന ജനസംഖ്യയും അനിയന്ത്രിതമായ കുടിയേറ്റവും യുഎഇയിലും ഇന്ത്യക്കാരുടെ നിലനില്‍പ്പിന് ചോദ്യ ചിഹ്നമാകുകയാണ്. പ്രവാസികളുടെ അനിയന്ത്രിത കുടിയേറ്റത്തോടെ യുഎഇയിലെ പ്രൊഫഷണല്‍ തൊഴിലാളികളുടെ ശരാശരി ആരംഭ ശമ്പളം പ്രതിവര്‍ഷം 0.7 ശതമാനം കുറയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫിനാന്‍സ്, അക്കൗണ്ടിംഗ്, എച്ച്ആര്‍ തുടങ്ങിയ മേഖലകളിലുണ്ടായ തൊഴിലാളികളുടെ വര്‍ദ്ധനവാണ് പ്രതിസന്ധിയ്ക്ക് കാരണം. ഇതാണ് വേതനത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായത്. ഇതിനുപുറമേ ജനസംഖ്യ വര്‍ദ്ധനവും വേതനം കുറയാന്‍ കാരണമായി. അബുദാബി-ദുബയ് എന്നിവിടങ്ങളിലാണ് പ്രധാനമായും ജനസംഖ്യ വര്‍ദ്ധനവുണ്ടായത്.

ദുബയിലെ മാത്രം ജനസംഖ്യ 3.798 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും പ്രവാസികളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അബുദാബിയിലെ ജനസംഖ്യയും കണക്കുകള്‍ പ്രകാരം 3.79 ദശലക്ഷമാണ്. അതേ സമയം ടെക്‌നോളജി, നിയമം തുടങ്ങിയ മേഖലകളില്‍ തൊഴില്‍ തേടിയെത്തുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്ന് കണക്കുകള്‍ പറയുന്നു. ഇത്തരം മേഖലകളില്‍ ഉയര്‍ന്ന ശമ്പളവും ലഭിക്കുന്നുണ്ട്.

Read more