ഫുട്‌ബോള്‍ കൂടുതല്‍ ടെക്കിയാകുന്നു; ഫ്രഞ്ച് ലീഗില്‍ അടുത്ത സീസണ്‍ മുതല്‍ വീഡിയോ ടെക്‌നോളജി

അടുത്ത സീസണ്‍ മുതല്‍ വീഡിയോ അസിസ്റ്റിങ് റഫറീ സംവിധാനം പ്രാബല്യത്തില്‍ വരുത്താന്‍ ഫ്രഞ്ച് ടോപ്പ് ലീഗായ ലീഗ് വണ്‍ അധികൃതര്‍ തീരുമാനിച്ചു. ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗിന്റെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ ലീഗ് വണ്‍ ക്ലബ്ബ് മേധാവികള്‍ സമ്മതം മൂളുകയായിരുന്നു. കളിയുടെ സ്വാഭാവികത നഷ്ടമാകുമെന്ന് വീഡിയോ അസിസ്റ്റിങ് റഫറി സംവിധാനത്തിന് വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ലീഗ് വണ്‍ വീഡിയോ ടെക്‌നോളജി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്.

പ്രതീക്ഷി്കുന്ന രീതിയിലാണ് കാര്യങ്ങളെങ്കില്‍ അടുത്ത സീസണ്‍ മുതല്‍ ലീഗ് വണ്ണില്‍ വീഡിയോ അസിസ്റ്റിങ് റഫറീ സംവിധാനമുണ്ടാകുമെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ നിയോള്‍ ലെ ഗ്രെയ്റ്റ് വ്യക്തമാക്കി. ക്ലബ്ബുകള്‍ക്കും റഫറിമാര്‍ക്കും ഈ സംവിധാനം ആവശ്യമുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോളുകള്‍, പെനാല്‍റ്റി, നേരിട്ടുള്ള ചുവപ്പ് കാര്‍ഡ് തുടങ്ങിയ കളിയിലെ നിര്‍ണായക തീരുമാനങ്ങള്‍ക്ക് മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കുക. ഇറ്റാലിയന്‍ സിരി എ, ജര്‍മന്‍ ബുണ്ടസ് ലീഗ തുടങ്ങിയവയില്‍ ഈ സീസണ്‍ മുതല്‍ വീഡിയോ അസിസ്റ്റിങ് സംവിധാനമുണ്ട്. അതേസമയം, ലാലീഗയില്‍ അടുത്ത സീസണില്‍ ഇത് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.