കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. റോഡ്രിക്ക് പുരസ്‌കാരം നൽകിയതിലുള്ള വിവാദങ്ങൾ ഇത് വരെ കെട്ടടങ്ങിയിട്ടില്ല. റോഡ്രിക്ക് മുൻപ് ഇത്തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ പോകുന്നത് ബ്രസീൽ താരമായ വിനിഷ്യസാണ് എന്നാണ് എല്ലാവരും ധരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരായിരുന്നു ഏറ്റവും കൂടുതൽ കേട്ടിരുന്നതും. എന്നാൽ അവസാന നിമിഷമാണ് ഇത്തവണ വിനിക്ക് പുരസ്‌കാരം ലഭിക്കില്ല എന്ന് റിപ്പോട്ട് വന്നത്.
അതിൽ ആരാധകരുടെ രോക്ഷം വളരെ വലുതായിരുന്നു. സംഭവത്തിൽ റയൽ മാഡ്രിഡ് പുരസ്‌കാര ചടങ്ങ് ബഹിഷ്ക്കരിക്കുകയും ചെയ്തു. ബാലൺ ഡി ഓർ ജേതാവിനെ നേരത്തെ അറിയിക്കാത്തതിലൂടെ തങ്ങളെ ഫ്രാൻസ് ഫുട്ബോൾ അപമാനിച്ചു എന്നാണ് റയൽ മാഡ്രിഡ് വിശ്വസിക്കുന്നത്. ഇതിന് പിന്നാലെ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിനിഷ്യസും ബാക്കി യുവ താരങ്ങളും മെസിയെ കണ്ടു പഠിക്കണം എന്നാണ് അവർ ആവശ്യപെടുന്നത്. ബാലൺ ഡി ഓർ പുരസ്കാരങ്ങളിൽ ജേതാവാണെങ്കിലും അല്ലെങ്കിലും ബാക്കിയുള്ള സഹ താരങ്ങൾക്ക് കൈയടി കൊടുക്കുന്നതിൽ മുൻപന്തയിൽ നിൽക്കുന്ന താരമാണ് ലയണൽ മെസി. താൻ രണ്ടാം സ്ഥാനത്താണെങ്കിലും അഞ്ചാം സ്ഥാനത്താണെങ്കിലും മെസി ചടങ്ങിൽ പങ്കെടുക്കും. മറ്റുള്ളവർക്ക് പ്രോത്സാഹനവും നൽകും. ഇതാണ് അദ്ദേഹത്തിന് ഫുട്ബോളിനോടുള്ള ആത്മാർത്ഥത.
ഒരു തവണ റൊണാൾഡോയ്ക്ക് ആണ് പുരസ്‌കാരം എന്ന് അറിഞ്ഞിട്ടും മെസി ചടങ്ങിൽ പങ്കെടുക്കുകയും അദ്ദേഹത്തിന് വേണ്ടി കൈയ്യടിക്കുകയും ചെയ്തു. 2008,2013,2014,2016,2017 എന്നീ വർഷങ്ങളിൽ രണ്ടാമനാണ് എന്നറിഞ്ഞിട്ടും മെസി പങ്കെടുത്തത് യുവ താരങ്ങൾ മറക്കരുതെന്നാണ് മുണ്ടോ ഡിപ്പോർട്ടിവോ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്.