അന്റോണിയോ ലോപസ്, ഡെസ് ബക്കിങ്ഹാം, ഇവാൻ വുകോമനോവിച്ച്; ആരാകും കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കോച്ച്?

മോശം പ്രകടനങ്ങളുടെ തുടർച്ചയിൽ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാഹ്രെയെയും കോച്ചിങ് സ്റ്റാഫുകളെയും ഇന്നലെ പുറത്താക്കിയിരുന്നു. സീസണിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ മൂന്ന് സീസണിലും പ്ലേ ഓഫിൽ കയറിയിരുന്ന ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഈ സീസണിൽ പന്ത്രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രം നേടി ടേബിളിൽ പത്താം സ്ഥാനത്താണ്. രണ്ട് സമനിലയും ഏഴ് തോൽവികളുമാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഏറ്റുവാങ്ങിയത്. അതേ സമയം മാനേജ്‌മന്റ് തത്കാലം അവരുടെ മുഖം രക്ഷിക്കാൻ കോച്ചിനെ ബലിയടക്കിയതാണ് എന്ന വാദവും ശ്രദ്ധനേടുന്നുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഈ വിഷയത്തിൽ ഇന്നലെ തന്നെ പ്രസ്താവന ഇറക്കിയിരുന്നു. പ്രസ്താനയിൽ സ്വന്തം കഴിവുകേടിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാനേജ്‌മെൻ്റിൻ്റെ വ്യഗ്രതയുടെ വ്യക്തമായ സൂചനയാണ് എന്ന് പറയുന്നു. ഇത്തരമൊരു ഘട്ടത്തിൽ ആരായിരിക്കും അടുത്ത ബ്ലാസ്റ്റേഴ്‌സ് കോച്ച് എന്ന ചർച്ച പുരഗമിക്കുമ്പോൾ നിലവിൽ മൂന്ന് പേരുകളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളത്. മുൻ കോച്ചും ആശാൻ എന്ന് അറിയപ്പെടുന്ന ഇവാൻ വുക്കോമനോവിച്ചാണ് അതിൽ ആദ്യത്തേത് എന്നതിൽ അത്ഭുതപ്പെടാനില്ല. അത്രയധികം ആരാധകരുടെ സ്നേഹം നേടിയ കോച്ച് ആണ് ഇവാൻ. അദ്ദേഹത്തെ തന്നെ തിരിച്ചു കൊണ്ട് വരാനുള്ള സാധ്യതകളുമുണ്ട് എന്ന് റൂമറുകൾ പരക്കുന്നുണ്ട്. എന്നാൽ, ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ച് എത്തില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇവാന്റെ പേരിനോടൊപ്പം തന്നെ പ്രചരിച്ച മറ്റൊരു പേരാണ് മുംബൈ സിറ്റിക്ക് ഇന്ത്യൻ സൂപ്പർ ലീഗ് നേടിക്കൊടുത്ത ഡെസ് ബക്കിൻഹാമിന്റേത്. നിലവിൽ ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിൽ രണ്ടാം ഡിവിഷനിൽ കളിക്കുന്ന ഓക്സ്ഫോർഡ് യുണൈറ്റഡ് ക്ലബ്ബിന്റെ കോച്ച് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ് ബക്കിങ്ഹാം. എന്നാൽ ഇവാൻ വുകോമനോവിച്ചിനെ പോലെ ഇംഗ്ലീഷുകാരനായ ഡസ് ബക്കിങ്ഹാമും കേരള ബ്ലാസ്റ്റേഴ്സിലേക്ക് മുഖ്യ പരിശീലകനായി എത്തില്ല എന്നാണ് വിവരം. ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന മൂന്നാമത്തെ പേരും നിലവിൽ കൂടുതൽ സാധ്യത കല്പിക്കുന്നതും ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ അനുഭവമുള്ള നിലവിൽ ഐ ലീഗ് ക്ലബ് ആയ ഇന്റർ കാശിയുടെ കോച്ച് അന്റോണിയോ ലോപ്പസ് ഹെബാസാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാന്റെ കൂടെ കിരീടം നേടിയ ഹെബാസ് കളിക്കുന്ന കാലത്ത് സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുണ്ട്.ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയം കൈവരിച്ചു പരിചയമുള്ള കോച്ച് വരുന്നു എന്ന പ്രതീക്ഷ നിലനിൽക്കുമ്പോൾ തന്നെ മാനേജ്മെന്റിന്റെ പ്രശ്നങ്ങൾ അഭിമുഖീകരിക്കാതെ കിടക്കുന്നു എന്നത് ആരാധകർ ചൂണ്ടിക്കാണിക്കുന്ന പ്രധാന വിഷയമാണ്. മാനേജ്‌മെന്റിനെതിരെ ഗ്രൗണ്ടിന് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങൾക്ക് ഇതിനകം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കൂട്ടായ്മയായ മഞ്ഞപ്പട ആഹ്വാനം ചെയ്തിട്ടുണ്ട്.