2026ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ യോഗ്യത റൗണ്ടില്‍നിന്നും ഇന്ത്യ പുറത്ത്. ഖത്തറിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ തോല്‍വി. ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എയിലെ അവസാന മല്‍സരത്തില്‍ വിവാദ ഗോളിലൂടെയാണ് ഖത്തര്‍ ഇന്ത്യയെ വീഴ്ത്തിയത്.
സുനില്‍ ഛേത്രി വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്. ഒരു ഗോളിന് മുന്നിട്ടുനിന്ന ഇന്ത്യയ്ക്കെതിരേ 73-ാം മിനിറ്റിലെ വിവാദ ഗോളിലൂടെ ഖത്തര്‍ ഒപ്പം പിടിച്ചു. ഗോള്‍ ലൈനും കടന്ന് മൈതാനത്തിന് പുറത്തുപോയ പന്താണ് ഖത്തര്‍ വലക്കുള്ളിലെത്തിച്ചതെന്ന് വ്യക്തമായിരുന്നു. പക്ഷേ റഫറി ഗോള്‍ അനുവദിച്ചു. പിന്നാലെ 85-ാം മിനിറ്റിലും ലക്ഷ്യം കണ്ടതോടെ ഖത്തര്‍ ഇന്ത്യയെ കീഴടക്കി അടുത്ത റൗണ്ടിലേക്ക് മുന്നേറി.
CLEARLY NOT A GOAL……!!!!!! 😡😡😡
Indian team clearly robbed off here …WTF#IndianFootball | #QATIND | #AsianQualifier pic.twitter.com/EzeQlcreyH
— The Khel India (@TheKhelIndia) June 11, 2024
ഛേത്രിക്കു പകരം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ദുവാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. 37ാം മിനിറ്റില്‍ കരുത്തരായ ഖത്തറിനെ സ്തബ്ധരാക്കി ഇന്ത്യ കളിയില്‍ മുന്നിലെത്തി. ഇടതുവിങ്ങില്‍ നിന്ന് ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് നല്കിയ പാസ് ലാലിയന്‍സുവാല ചാങ്തെ വലയിലെത്തിച്ചു.
വിവാദ ഗോളിനു ശേഷം നിശ്ചിതസയം തീരാന്‍ അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഖത്തറിന്റെ വിജയഗോളും വന്നു. അല്‍ റാവിയാണ് 85ാം മിനിറ്റില്‍ ഖത്തറിന്റെ നിര്‍ണായക ഗോള്‍ നേടിയത്.