ചെസത്തോണിൽ ആറാം ക്ലാസുകാരന്റെ തന്ത്രങ്ങൾക്ക് മുന്നിൽ അടിതെറ്റി കോമൺവെൽത്ത് മെഡൽ ജേതാവ്, ജോസഫ് ടോം ഒരുക്കിയ ചതിക്കുഴിയിൽ കുഴങ്ങി ചാമ്പ്യൻ താരം

കോമൺവെൽത്ത് വെള്ളിമെഡൽ ജേതാവും ഇന്ത്യൻ ഒളിമ്പ്യാഡ് ടീം അംഗവുമായ ഗ്രാൻഡ് മാസ്റ്റർ എസ്.എൽ നാരായണനെ കൊച്ചിയിൽ നടന്ന ചെസ് മത്സരത്തിൽ അപ്രതീക്ഷിത നീക്കത്തിലൂടെ അട്ടിമറിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി ഇടപ്പള്ളി ലുലു മാളിൽ നടന്ന ചെസത്തോണിലെ താരമായി.

ഒരേസമയം 35 കളിക്കാരുമായി മത്സരത്തിനിറങ്ങിയ ഗ്രാൻ്റ് മാസ്റ്ററുടെ ചെറിയൊരു അശ്രദ്ധ മുതലെടുത്തായിരുന്നു കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിലെ ജോസഫ് ടോം ഒന്നാം നിര താരത്തിൻറെ തേരോട്ടത്തിന് തടയിട്ടത്. മൂന്നു മണിക്കൂറിലധികം തുടർച്ചയായി 35 മത്സരാർത്ഥികളുമായി ഒരേസമയം കരുക്കൾ നീക്കായ നാരായണൻ ഹലൂ സിനേഷൻ എന്ന ചതിക്കുഴിയിൽ വീണതോടെയാണ് തോൽവി സമ്മതിക്കേണ്ടി വന്നത്. ആലുവ രാജഗിരി ആശുപത്രിയിലെ ഡോ.ജോസ് ടോമിൻറേയും വീട്ടമ്മയായ ജിനു പാനികുളത്തിൻറെയും മകനാണ് ജോസഫ്.

അഞ്ചു വയസ്സ് മുതൽ ചെസ് പരിശീലനം ആരംഭിച്ച ഈ കുഞ്ഞുതാരം കഴിഞ്ഞവർഷത്തെ 12 വയസ്സിൽ താഴെ പ്രായമുള്ളവരുടെ വിഭാഗത്തിലെ സംസ്ഥാനത്തെ രണ്ടാം സ്ഥാനക്കാരനാണ്. കൂടാതെ നിരവധിതവണ ജില്ലാ ചാമ്പ്യൻ പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. ഭാവൻസ് ഗിരിനഗർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഹരി ആർ. ചന്ദ്രനു മുന്നിൽ സമനില വഴങ്ങിയത് നാരായണനു മറ്റൊരു പ്രഹരമായി. മത്സരത്തിലെ ബാക്കി 33 കളിക്കാരോടും അദ്ദേഹം വിജയിച്ചു.

എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ ഐ പി എസിൻറെ സാന്നിദ്ധ്യത്തിൽ ആരംഭിച്ച മത്സരത്തിൽ എടത്തല ഹെവൻസ് സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥി പ്രസാദ് മുതൽ എറണാകുളം സ്വദേശിയായ 57 കാരൻ സന്തോഷ്, മുൻ സംസ്ഥാന ചാമ്പ്യൻ അഭിജിത്ത് യു. വരെയുള്ള വിവിധ പ്രായക്കാരുടെ സാന്നിദ്ധ്യം മത്സരത്തെ ആകർഷകമാക്കി. സംസ്ഥാന ചാമ്പ്യന്മാരായ അഭിജിത്ത് എം, അതുൽ കൃഷ്ണ, ചന്ദ്ര രാജു, മനു മണികണ്ഡൻ , ആദേശ് ജോഷി എന്നിവരുടെ നേതൃത്വത്തിൽ രാവിലെ മുതൽ നടത്തിയ ചെസ് പരിശീലനം, സൗഹൃദ മത്സരങ്ങൾ, സംശയങ്ങൾക്ക് മറുപടി തുടങ്ങിയവ ഈ പ്രോഗ്രാമിൽ പങ്കെടുത്തവർക്കെല്ലാം വേറിട്ടൊരു അനുഭവമായിരുന്നു.

കേരള ചെസ് അസോസിയേഷൻറെയും 8 X 8 ചെസ് അക്കാദമിയുടെയും ചേർന്ന് ലുലു മാളിൽ ഒരുക്കിയ ഏകദിന ചെസ് അനുബന്ധ പരിപാടികൾ കളിയുടെ ബാലപാഠങ്ങൾ മനസ്സിലാക്കുന്നതിനും നിലവിലെ ചെസ് കളിക്കാർക്ക് കൂടുതൽ അറിവുകൾ ലഭ്യമാക്കുന്നൊരു വേദിയായികൂടിയായി മാറി. ചതുരംഗ കളിയിലെ തുടക്കക്കാർക്കും മികവ് തെളിയിക്കാൻ ആഗ്രഹിക്കുന്ന ഭാവിതാരങ്ങൾക്കും ഇതൊരു വഴികാട്ടിയായിരുന്നു. 300 ൽപരം പ്രതിഭകളുടെ പങ്കാളിത്തവും പ്രമുഖ ചെസ് താരങ്ങളുടെ നേതൃത്വവും തിങ്ങിനിറഞ്ഞ കാണികളും കേരളത്തിൽ ആദ്യമായെത്തിയ ചെസത്തോണിനെ ഊഷ്മളമാക്കി .

സിറ്റി പൊലീസ് കമ്മീഷണർ സേതുരാമനും ഗ്രാൻഡ് മാസ്റ്റർ എസ്. എൽ നാരായണനും ചേർന്ന് ചെസ് കളിച്ചുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരള ചെസ് അസോസിയേഷൻ ട്രഷറർ സുനിൽ പി. അധ്യക്ഷനായിരുന്നു. ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ. ബി. സ്വരാജ്, നവീൻ ശ്രീനിവാസ്, 8×8 ചെസ് അക്കാദമി സി.ഇ.ഒ. അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.

Read more