പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ഇരട്ടി മധുരം; ഷൂട്ടിംഗിൽ മനീഷ് നർവാളിന് വെള്ളി; വനിതകളുടെ നൂറ് മീറ്ററിൽ പ്രീതി പാലിന് വെങ്കലം

ഈ വർഷം പാരിസിൽ നടക്കുന്ന പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ഗംഭീര നേട്ടങ്ങൾ ആണ് ലഭിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ രണ്ടാം ദിനത്തിൽ രണ്ട് മെഡലുകൾ ആണ് ഇന്ത്യയ്ക്ക് നേടാനായത്. പുരുഷന്മാരുടെ 10 മീറ്റർ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ മനീഷ് നര്‍വാള്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തി വെള്ളി സ്വന്തമാക്കി.

ഫൈനൽ റൗണ്ടിൽ 234.9 പോയന്റോടെയാണ് മനീഷ് വെള്ളി മെഡൽ കരസ്ഥമാക്കിയത്. പുരുഷന്മാരുടെ 10 മീറ്റർ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ സ്വർണ്ണ മെഡൽ നേടിയത് സൗത്ത് കൊറിയയുടെ ജിയോങ്ഡു ജോ ആണ്. 237.4 പോയിന്റ് ആണ് അദ്ദേഹം നേടിയത്. 214 .3 പോയിന്റുമായി വെങ്കലം നേടിയത് ചൈനയുടെ ചാവോ യാങ് ആണ്.

നേരത്തെ നടന്ന വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് 1 ഇനത്തില്‍ ഇന്ത്യയുടെ അവനി ലേഖ്റ സ്വർണ മെഡൽ നേടിയിരുന്നു. കൂടാതെ മോന അഗര്‍വാള്‍ ഈ ഇനത്തിൽ വെങ്കലവും നേടി. ഇന്ന് നടന്ന വനിതകളുടെ 100 മീറ്ററില്‍ പ്രീതി പാല്‍ വെങ്കലം സ്വന്തമാക്കി.

ഇതോടെ പാരാലിമ്പിക്‌സിൽ ഇന്ത്യ നാല് മെഡലുകൾ ആണ് നേടിയിരിക്കുന്നത്. കഴിഞ്ഞ പാരാലിമ്പിക്‌സിനേക്കാൾ മികച്ച മത്സരമാണ് ഇത്തവണ ഇന്ത്യ കാഴ്ച വെക്കുന്നത് എന്നാണ് ആരാധകർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മെഡലുകൾ നേടാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. നിലവിലെ പോയിന്റ് ടേബിളിൽ ഇന്ത്യ 13 ആം സ്ഥാനത്താണ് നിൽക്കുന്നത്.