ടോക്കിയോ ഒളിമ്പിക്‌സ്: ശാരീരിക സമ്പര്‍ക്കം പാടില്ല, 150,000 കോണ്ടം വിതരണം ചെയ്യും; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

കോവിഡ് മൂലം ജൂലൈയിലേക്ക് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 33 പേജുള്ള നിയമ ബുക്കാണ് പുറത്തിറക്കിയത്. നിയമങ്ങള്‍ തെറ്റിച്ചാല്‍ അവരുടെ മത്സര ഇനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്.

ആലിംഗനങ്ങളും, ഹസ്തദാനങ്ങളുമുണ്ടാവരുത്, ശാരീരിക സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കുക എന്നിങ്ങനെ നീളുന്നു നിര്‍ദ്ദേശങ്ങള്‍. ജപ്പാനിലേക്ക് എത്തുന്നതിന് 72 മണിക്കൂറുകള്‍ക്കുള്ളില്‍ കോവിഡ് പരിശോധന നടത്തിയതിന്റെ ഫലം വേണം. ജപ്പാനില്‍ എത്തിയ ഉടനേയും കോവിഡ് പരിശോധന നടത്തണം.

Image result for tokyo olympics 2020

ജപ്പാനിലെത്തുന്ന താരങ്ങള്‍ ക്വാറന്റൈനിലിരിക്കേണ്ടതില്ല. എന്നാല്‍ മത്സര വേദിക്ക് പുറത്തുള്ള ജിം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, കടകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലേക്ക് പോവുന്നതിന് വിലക്കുണ്ട്. മത്സര ഇനത്തില്‍ പങ്കെടുക്കുന്ന നിമിഷം, പരിശീലന സമയം, ഭക്ഷണം കഴിക്കുമ്പോള്‍, ഉറങ്ങുമ്പോള്‍ ഒഴികെ മറ്റെല്ലാ സമയത്തും മാസ്‌ക് നിര്‍ബന്ധമാണ്.

Image result for tokyo olympics 2020

ഒളിമ്പിക്‌സിനായെത്തുന്ന കായിക താരങ്ങള്‍ ഓരോ 4 ദിവസം കൂടുമ്പോഴും കോവിഡ് പരിശോധനയ്ക്കു വിധേയരാകണം. മത്സരത്തിനു നാല് ദിവസം മുന്‍പു മാത്രം താരങ്ങള്‍ എത്തിയാല്‍ മതിയെന്നും അതു കഴിഞ്ഞാല്‍ 2 ദിവസത്തിനുള്ളില്‍ നാട്ടിലേക്കു മടങ്ങണമെന്നുമാണു നിര്‍ദ്ദേശം.

Image result for tokyo olympics 2020

1,50,000 കോണ്ടം കായിക താരങ്ങള്‍ക്കായി നല്‍കാന്‍ ആലോചിക്കുന്നതായും ടോക്കിയോ ഒളിമ്പിക്സ് അധികൃതര്‍ അറിയിച്ചു. മാര്‍ഗ നിര്‍ദേശങ്ങളില്‍ ശാരീരിക സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കണം എന്ന് പറയുമ്പോള്‍ തന്നെയാണ് കോണ്ടം നല്‍കാനുള്ള സംഘാടകരുടെ തീരുമാനവും എന്നതാണ് ശ്രദ്ധേയം.