ഗുസ്തി ജയിച്ചു, ഞാൻ തോറ്റു; അൽവിദാ ഗുസ്തി

“ഗുസ്തി ജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്‌നവും എന്റെ ധൈര്യവും തകർന്നിരിക്കുന്നു. ഇതിൽ കൂടുതൽ താങ്ങാനുള്ള ശക്തി ഇപ്പോഴില്ല, ഗുസ്തിക്ക് വിട. നിങ്ങളോടെല്ലാം എന്നും ഞാൻ കടപ്പെട്ടിരിക്കുന്നു.” പാരീസ് ഒളിമ്പിക്‌സിൽ നിന്നുള്ള അയോഗ്യതയെ തുടർന്ന് നിരാശയാലും ഹൃദയം തകർന്നും ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഈ വരികൾ കുറിച്ച് ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 6ന് പാരീസ് ഒളിമ്പിക്‌സ് ഒരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. ഒളിമ്പിക് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തിക്കാരിയായി വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോഗ്രാം ഗുസ്തി വിഭാഗത്തിൽ അന്താരാഷ്ട്ര തലത്തിൽ ഒരു മത്സരം പോലും തോൽക്കാതെ നാല് തവണ ലോക ചാമ്പ്യനായ ജപ്പാന്റെ സ്വർണ മെഡൽ ജേതാവ് യൂയി സുസാക്കിയെ അടക്കം തോൽപിച്ചാണ് വിനേഷ് ഫോഗട്ട് ഫൈനൽ സീറ്റ് ഉറപ്പിക്കുന്നത്.

നിർണായക വിജയത്തോടെ വിനേഷിന്റെ പ്രകടനം കായിക പ്രേമികളുടെ ഹൃദയം കീഴടക്കി. എന്നാൽ ഫൈനലിന് മുന്നേ ഫോഗട്ട് 50കിലോ ഭാരം തെളിയിക്കുന്ന പരിശോധനയിൽ കേവലം 100 ഗ്രാം വ്യത്യാസത്തിൽ പരാജയപ്പെട്ടു. ബോക്‌സർ വിജേന്ദർ സിങ്ങ് അടക്കമുള്ള പലരും ഇതിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. ഗോഥയിലും പുറത്തും പലരോടും പല വ്യവസ്ഥയോടും മല്ലിട്ട് മത്സരിച്ചാണ് വിനേഷ് ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയത്.

പാരീസിൽ ഫോഗട്ട് ചരിത്രനേട്ടം കുറിച്ചത് 50 കിലോഗ്രാം ഫ്രീസ്റ്റൈലിണെങ്കിലും അത് അവരുടെ ഇഷ്ട വിഭാഗമായിരുന്നില്ലെന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. തന്റെ ഇഷ്ടവിഭാഗമായ 53 കിലോയിൽ നിന്ന് 50-ലേക്ക് ഭാരം കുറച്ചാണ് ഫോഗട്ട് ഇത്തവണ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അധികാരികളോട് നടത്തിയ പോരാട്ടവും പരിക്കുമാണ് വിനേഷിനെ 50 കിലോ വിഭാഗത്തിൽ മത്സരിപ്പിക്കുന്നതിലേക്ക് മാറ്റിയത്.

2024 ഏപ്രിൽ 12ന് വിനേഷ് ഫോഗട്ട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച ഒരു പോസ്റ്റ് ഇന്ന് പ്രസകതമായി വരുന്നുണ്ട്. “ബ്രിജ് ഭൂഷൻ സിങ്ങും അയാളുടെ ഡമ്മിയായ സഞ്ജയ് സിങ്ങും എന്നെ ഒളിംപിക്സിൽ നിന്നും മാറ്റി നിർത്താനുള്ള എല്ലാ പണിയും എടുക്കുന്നുണ്ട്. നിയമിക്കപ്പെട്ട എല്ല പരിശീലകരും അയാളുടെ ആളുകളാണ്, മത്സരത്തിനടയിൽ എനിക്ക് കുടിക്കാൻ തരുന്ന വെള്ളത്തിൽ പോലും അവർ എന്തെങ്കിലും കലർത്തുമോ എന്ന് ഞാൻ പേടിക്കുന്നു.”

ഹരിയാനയിലെ ഗുസ്തി പരമ്പര്യമുള്ള കുടുംബത്തിലാണ് വിനേഷ് ഫോഗട്ട് വളർന്ന് വരുന്നത്. അമ്മാവനും ഇന്ത്യയുടെ ഇതിഹാസ ഗുസ്തി താരവുമായ മഹാവീർ സിങ്ങിന്റെ ശിക്ഷണത്തിലാണ് വിനേഷ് ഗുസ്തി പരിശീലിക്കുന്നത്. ഏഷ്യൻ ഗെയിംസിലും കോമണ് വെൽത്തിലും സ്വർണം നേടിയ വിനേശിന് ഒളിംപിക്സ് സ്വർണം സ്വപ്നമായിരുന്നു. മുമ്പ് രണ്ട് ഒളിംപിക്സികളിൽ പങ്കെടുത്തെങ്കിലും കാര്യമായാ നേട്ടങ്ങളൊന്നും സ്വന്തമാക്കനായില്ല.

വിനേഷ് ഫോഗട്ട് ഗോഥയിലെ മത്സരം പോലെ തന്നെ ഇന്ത്യക്കാർ ഓർത്തിരിക്കുന്നതാണ് ദേശീയ റെസ്റ്ലിങ് അസോ പ്രസിഡന്റ് ആയിരുന്ന ബ്രിജ് ഭൂഷൻ സിങ്ങിനെതിരെയുള്ള പോരാട്ടവും. “ഈ പെണ്കുട്ടി സ്വന്തം രാജ്യത്താൽ ചവിട്ടേട്ടവളാണ്, തെരുവുകളിൽ വലിച്ചിഴക്കപ്പെട്ടവളാണ്, അവൾ ലോകം ജയിക്കാൻ പോവുകായാണ്. പക്ഷെ അവൾ ഈ രാജ്യത്തെ സിസ്റ്റതോട് തോറ്റുപോയിരിക്കുന്നു.” ഗുസ്തി താരവും ഒളിംപിക്സ് മെഡൽ ജേതാവുമായ ബജ്രംഗ് പൂനിയ ഫൈനലിന് മുന്നോടിയായി കുറിച്ച വാക്കുകൾ ആണിത്.

ഫോഗട്ടിന്റെ അയോഗ്യതയിൽ എന്തെങ്കിലും ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്നത് സ്വാഭാവികമായ സംശയമാണ്. ഭരണകൂടവുമായി കലഹിച്ചവളാണ് വിനേഷ്. ബ്രിജ് ഭൂഷൻ സിങ്ങിനെതിരെയുള്ള സമരകാലത്ത്, ഡൽഹിയിലെ തെരുവുകളിൽ അവരെ പോലീസ് തല്ലി ചതച്ചു, വലിച്ചിഴച്ചു കൊണ്ടു പോയപ്പോൾ, അവരുടെ രാജ്യത്തിന് അഭിമാന നേട്ടമായി മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ വേണ്ടി പോയപ്പോൾ ഒരു വാക്ക് പോലും മിണ്ടാത്ത ഭരണകൂടം ഇതിൽ ഇടപെട്ടു എന്ന് തോന്നുന്നത് സ്വാഭാവികമായ കാര്യമാണ്.

Read more

എല്ലാ മത്സരങ്ങൾക്ക് മുമ്പും ഭാരം പരിശോധിച്ചു ഉറപ്പിക്കുന്ന മത്സരത്തിൽ പെട്ടെന്നൊരു രാത്രി കൊണ്ട് 2കിലോ ഭാരം കൂടുക, അതിൽ1.9കിലോ കുറക്കുക 100 ഗ്രാമ മാത്രം കുറക്കാൻ സാധിക്കാതിരിക്കുക അതിന്റെ പേരിൽ ആയോഗ്യയാക്കപെടുക എന്നത് വിശ്വസിക്കാൻ കുറച്ചു പ്രയാസമുള്ള കാര്യമാണ്. ഒരു താരത്തിന്റെ ഭക്ഷണ ശീലത്തെ കൃത്യമായി ക്രമികരിക്കുന്നതിന് വേണ്ടിയാണ് ഒരു ന്യൂട്രിഷനിന്സ്റ്റിനെ നിയമിക്കുന്നത്. ദിൻഷാ പാടിവാല എന്ന കോഗില ബെൻ ധീരുഭായി അംബാനി ഹോസ്പിറ്റലിലെ ഓർത്തോപീഡിക്ക് സർജൻ എങ്ങനെയാണ് ഒരു ന്യൂട്രിഷനിന്സ്റ്റ്‌ ആവാൻ സാധിക്കുക. ഇതിന് ആരാണ് മറുപടി പറയുക?