"അവർ എന്റെയും കൂടെ അമ്മ"; പാകിസ്ഥാൻ താരം അർഷാദ് നദീം, നീരജ് ചോപ്രയുടെ അമ്മയുടെ വാക്കുകളിൽ പ്രതികരിച്ചു പറഞ്ഞത് ഇങ്ങനെ

ഇത്തവണത്തെ പാരീസ് ഒളിമ്പിക്സിലെ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി നേടി ഇന്ത്യയ്ക്ക് അഭിമാനമായി. പാകിസ്ഥാൻ താരമായ അർഷാദ് നദീം ആണ് ഇത്തവണത്തെ ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവായത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഏക സ്വർണ മെഡൽ നേടിയ താരമായിരുന്നു നീരജ് ചോപ്ര. ഇത്തവണ താരത്തിന് രണ്ടാം സ്ഥാനത്ത് മത്സരം അവസാനിപ്പിക്കേണ്ടി വന്നു. നീരജ് ചോപ്ര 89.45 മീറ്റർ എറിഞ്ഞാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഒന്നാം സ്ഥാനം നേടിയ അർഷാദ് നദീം 92.97 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. മെഡൽ നേടിയ ശേഷം നീരജിന്റെ പോലെ തന്നെ അർഷാദും തന്റെ മകൻ ആണെന്ന് നീരജിന്റെ ‘അമ്മ സരോജ് ദേവി പറയുകയും ചെയ്യ്തു. അതിൽ പാകിസ്ഥാൻ താരമായ അർഷാദ് പ്രതികരിച്ചു.

അർഷാദ് നദീം പറയുന്നത് ഇങ്ങനെ:

“ഒരു അമ്മ എല്ലാവർക്കും ഒരു അമ്മയാണ്, അമ്മമാർ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. നീരജ് ചോപ്രയുടെ അമ്മയോട് ഞാൻ നന്ദിയുള്ളവനാണ്. ആ അമ്മയും എൻ്റെ അമ്മയാണ്. അവർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു, ലോക വേദിയിൽ പ്രകടനം നടത്തിയ ദക്ഷിണേഷ്യയിൽ നിന്നുള്ള രണ്ട് കളിക്കാർ മാത്രമാണ് ഞങ്ങൾ” അർഷാദ് നദീം പറഞ്ഞു.

മത്സരത്തിൽ നീരജ് എറിഞ്ഞ ആറ് ത്രോയിൽ അഞ്ചെണ്ണവും ഫൗൾ ത്രോ ആയിരുന്നു. താരം എറിഞ്ഞ രണ്ടാമത്തെ ത്രോയിലാണ് 89.45 മീറ്റർ ദൂരത്തിൽ അദ്ദേഹത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചത്. എന്നാൽ പാകിസ്ഥാൻ താരത്തിനും ഫൗൾ ത്രോകൾ കുറെ ഉണ്ടായിരുന്നു. അർഷാദും എറിഞ്ഞ രണ്ടാമത്തെ ത്രോയിൽ 92.97 മീറ്റർ ദൂരത്തിലാണ് അദ്ദേഹം സ്വർണം നേടിയത്. ഒളിമ്പിക്സിൽ റെക്കോർഡ് നേടിയാണ് പാകിസ്ഥാൻ സ്വർണ മെഡൽ കരസ്ഥമാക്കിയത്.