എന്‍ കെ ഭൂപേഷ്
ഓര്‍മ്മകളല്ലാതെ മറ്റെന്താണ് മനുഷ്യന്‍ എന്ന ചോദ്യം ഈയിടെ പുറത്തിറങ്ങിയ ഇ സന്തോഷ് കുമാറിന്റെ ജ്ഞാനഭാരം എന്ന നോവലില്‍ ഉന്നയിക്കുന്നുണ്ട്. ശാസ്ത്രകാരനായ പ്രൊഫ. യശ്പാല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഉന്നയിക്കുന്ന ചോദ്യമായാണ് ആ നോവലില്‍ ഓര്‍മ്മകളെക്കുറിച്ച് പരമാര്‍ശിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ വിവാദമാണ് ഓര്‍മ്മകളുടെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചത്.
ഓര്‍മ്മകളിലൂടെ തങ്ങളുടെ രാഷ്ട്രീയ നേതൃപദവിയെ ഉറപ്പിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന കേരളത്തിലെ പ്രമുഖ നേതാക്കളുടെ കഴിഞ്ഞ ദിവസങ്ങളിലെ ശ്രമം കാണുമ്പോഴാണ് ഓര്‍മ്മകളുടെ പ്രാധാന്യം എത്രത്തോളമാണെന്ന് വീണ്ടും വ്യക്തമായത്. ഒരു വമ്പന്‍ തോല്‍വിയ്ക്ക് ശേഷം ദിശാബോധമില്ലാതെയായി പോയ കോണ്‍ഗ്രസിന്റെ കേരളത്തിന്റെ അമരക്കാരനായി നിയമിക്കപ്പെട്ട കെ സുധാകരനാണ് തന്റെ വിദ്യാര്‍ത്ഥികാലത്തെ “പ്രകടനം” വിളിച്ച് പറഞ്ഞ് നൂറ്റാണ്ടിലെറെ ചരിത്രമുള്ള തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകരാനും സംഘടനയിലെ തന്റെ തന്നെ രാഷ്ട്രീയ സ്വാധീനം ഉറപ്പിച്ച് നിര്ത്താനുമായുള്ള നീക്കം നടത്തിയത്. ഇതിന് സമയമെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുകയും നാലര പതിറ്റാണ്ടിന് മുമ്പ് നടന്ന സംഭവങ്ങള്‍ക്ക് പിന്നിലെ നേതാക്കളുടെ അവകാശവാദങ്ങളുടെ എരിവും പുളിയും രുചിച്ച മാധ്യമങ്ങള്‍ മറ്റെല്ലാം മാറ്റിവെച്ച് ചര്‍ച്ചകളും നടത്തിയതോടെ, കേരളത്തിന്റെ മുഖ്യ ആശങ്ക, നേതാക്കളുടെ അക്രമോല്‍സുകമായ ഭൂതകാലമായി മാറി. അവരുടെ അവകാശവാദങ്ങളുടെ ശരിതെറ്റുകളില്‍ ആവേശം കൊണ്ട് സമൂഹ്യമാധ്യമങ്ങളിലെ ആരാധക സംഘം ആവേശം കൊള്ളുകയും ചെയ്യുന്നു. അതുവഴി സുധാകരന്റെ സ്ഥാനാരോഹണം ഗംഭീരമാക്കാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് സാധിക്കുകയും ചെയ്തു.
ഒരു നേതാവ് അയാളുടെ സംഘടനയില്‍ സമ്പൂര്‍ണമായ ആധിപത്യം ഉറപ്പിക്കുമ്പോള്‍ അയാളുടെ വീരേതിഹാസ കഥകള്‍ ആവര്‍ത്തിച്ച് പ്രക്ഷേപിക്കപ്പെടുകയെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദ്യത്തെ സംഭവമല്ല. നരേന്ദ്രമോദി ബിജെപിയെ പൂര്‍ണമായി കൈപിടിയിലാക്കിയതോടെ ഇത് നമ്മള്‍ കണ്ടതാണ്. എല്‍ കെ അദ്വാനിയുടെയും അതുപോലുള്ള ബിജെപിയുടെ സ്ഥാപക നേതാക്കളുടെയും ചരിത്രത്തിനുമേല്‍ തന്റെ പാര്‍ട്ടിയിലും അരാഷ്ട്രീയ മധ്യവര്‍ത്തി സമൂഹത്തിലും സ്വാധീനം ഉറപ്പിക്കാനായിട്ടായിരുന്നു മോദിയുടെ കഥകള്‍ എന്ന മട്ടില്‍ പലതും പുറത്തുവിട്ടത്. ആറാം വയസ്സില്‍ ഗുജറാത്തിലെ വാദ്‌നഗര്‍ റെയില്‍വെ സ്റ്റേഷനില്‍ ചായ വിറ്റതും (അക്കാലത്ത് അവിടെ ഒരു റെയില്‍വെ സ്റ്റേഷന്‍ ഉണ്ടായിരുന്നില്ലെന്ന വാദവും പിന്നീട് ഉന്നയിക്കപ്പെട്ടു), കുളിക്കാന്‍ പോയപ്പോള്‍ മുതലയെ പിടിച്ചതും മുതല്‍ എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സിലെ ബിരുദവുമെല്ലാം ഇങ്ങനെ കഥകളായും ഓര്‍മ്മകളായുമെല്ലാം അവതരിപ്പിക്കപ്പെട്ടു. അത് മോദിയുടെ പ്രതിച്ഛായ നിര്‍മ്മാണത്തിന് ആവശ്യമായതുകൊണ്ടായിരിക്കാം ഇത്തരം കഥകള്‍ സൃഷ്ടിക്കാന്‍ പി ആര്‍ ഏജന്‍സികള്‍ തയ്യാറായത്.
കെ സുധാകരന്‍ മലയാള മനോരമ ആഴ്ചപതിപ്പിനോട് ഓഫ് ദി റിക്കോര്‍ഡായും അല്ലാതെയും പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയെ ഉറപ്പിക്കുന്നതിനും താന്‍ ചില്ലറക്കാരനല്ല എന്ന് പാര്‍ട്ടിയിലെ സന്ദേഹികള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും ബോധ്യപ്പെടുത്തി കൊടുക്കുന്നതിനായിരുന്നു. ഇന്നത്തെ കേരള രാഷ്ട്രീയത്തില്‍ ഒരാള്‍ക്ക് സ്വയം അടയാളപ്പെടുത്തണമെന്നുണ്ടെങ്കില്‍ അതിന് ഏറ്റവും നല്ല മാര്‍ഗം പിണറായി വിജയനുമായി ബന്ധപ്പെടുത്തി സംസാരിക്കുക, സ്ഥാപിച്ചെടുക്കുകയെന്നതാണ്. അത്രമാത്രം കേരള രാഷ്ട്രീയത്തെ പിണറായി വിജയന്‍ എന്ന സിപിഎം നേതാവ് നിയന്ത്രിക്കുന്നുവെന്നത് കൊണ്ടു കൂടിയാണ് ഇത്. സമീപകാലത്തൊന്നും പിണറായി വിജയനെ പോലെ ഒരാള്‍ കേരള രാഷ്ട്രീയത്തെയും അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയേയും ഇത്രമേല്‍ സ്വാധീനിച്ചിട്ടും നിയന്ത്രിച്ചിട്ടുമില്ല. അതുമനസ്സിലാക്കിയാവണം, സുധാകരന്‍ തന്റെ അക്രമോല്‍സുക രാഷ്ട്രീയ ശൈലിയുടെ ഇരയായി ചവിട്ടേറ്റ് വീണ ആളാണ് ഇന്ന് കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ പിണറായി വിജയന്‍ എന്ന കഥ പറഞ്ഞത്. തലശ്ശേരി ബ്രണ്ണന്‍ കോളെജില്‍ പിണറായിയെ നേരിട്ട തനിക്കെല്ലാതെ മറ്റാര്‍ക്കാണ് അദ്ദേഹത്തെ ഇപ്പോഴും നേരിടാന്‍ കഴിയുക എന്ന പ്രതീതി ഇതുമൂലം സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം കരുതി കാണും. പിണറായി വിജയന് തന്റെ പതിവ് കോവിഡ് വാര്‍ത്ത സമ്മേളനത്തില്‍ സമയമെടുത്ത് ഇതിന് മറുപടി പറയുകയും സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിക്ക് വേണ്ടി രംഗത്തെത്തുകയും ചെയ്തതോടെ സുധാകരന്റെയും അദ്ദേഹത്തിന്റെ സംഘത്തിന്റെയും ആദ്യത്തെ ലക്ഷ്യം നടന്നു. സമീപകാലത്തൊന്നും ഒരു കെപിസിസി പ്രസിഡന്റിന് കിട്ടാത്ത ഒരു മാസ് എന്‍ട്രിയാണ് ഇതിലുടെ സുധാകരന് ഇതുമൂലം സാധ്യമായത്. തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയുടെ പ്രതികരണത്തിലൂടെ ഇത് സാധിച്ചെടുത്തുവെന്നത് സുധാകരന്റെ ശൗര്യം കൂട്ടുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രതികരണം തെളിയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തിപരമായി തന്നെ ആക്രമിക്കപെടേണ്ട ആളാണെന്നും നേരത്തെ ജസ്റ്റിസ് സുകുമാരന്‍ പിണറായി വിജയനെ മാഫിയ തലവനെന്നു വിളിച്ചിട്ടുണ്ടെന്നും മാനനഷ്ടകേസ് നല്‍കുമെന്ന് പറഞ്ഞ് പിന്നീട് പിന്‍വാങ്ങിയ പിണറായി വിജയന്‍ കുറ്റസമ്മതമാണ് നടത്തിയതെന്നും അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ഇനി അതേ മട്ടില്‍ പ്രതികരിക്കില്ലെന്ന് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ചൂണ്ടികാണിച്ചതുപോലെ, നരേന്ദ്ര മോദിക്കും അതുപോലെ സുധാകരനും ഇത്തരത്തില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പുള്ള, തങ്ങളുടെ കൗമാരക്കാലത്തെ നടന്നതും നടക്കാത്തതുമായ സംഭവങ്ങള്‍ എരിവും പുളിയും ചേര്‍ത്ത് പറയേണ്ട സാഹചര്യം ഉണ്ടായെന്നിരിക്കാം. സുധാകരന് തന്റെത് കോണ്‍ഗ്രസിലെ തനത് ശൈലിയാണെന്ന ബോധ്യപ്പെടുത്തുകയായിരുന്നു ആവശ്യം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്റെ കൗമാരകാലത്തെ രാഷ്ട്രീയത്തിലെ വീരേതിഹാസങ്ങളില്‍ അഭിരമിക്കേണ്ട കാര്യമെന്തായിരുന്നുവെന്നതാണ് പ്രശ്‌നം. കേരളത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച സാധ്യമായത് പിണറായി വിജയന് കിട്ടിയ അംഗീകാരം ആണെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും ശക്തരായ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും അഭിപ്രായ വ്യത്യാസമുണ്ടാകുമെന്ന് തോന്നുന്നില്ല. പ്രതിപക്ഷം തീര്‍ത്തും ദുര്‍ബലവും ദിശാബോധവും നഷ്ടപ്പെട്ടിരിക്കുന്ന സമയവും. സുധാകരന്റെ ചൂണ്ടയില്‍ എന്തിന് പിണറായി വിജയന്‍ കൊത്തി എന്ന ചോദ്യം വീണ്ടും വീണ്ടും ഉന്നയിക്കപ്പെടുന്നത് ഇവിടെയാണ്.
വ്യക്തി സവിശേഷതകള്‍ സ്വയം വിവരിക്കുകയെന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും സ്വാഭാവികമായി തീര്‍ന്നിരിക്കുന്നുവെന്നതാണ് ഇതിനുളള ഉത്തരം. ഇക്കാര്യത്തില്‍ പിണറായി വിജയന്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ള ആളുമാണ്. സ്വന്തം വീരകഥകള്‍ അദ്ദേഹം നേരത്തെയും പറഞ്ഞിട്ടുണ്ട്. 2017ല്‍ ആര്‍എസ്എസ്സിന്റെ ശക്തമായ എതിര്‍പ്പും ഹര്‍ത്താലും വകവെയ്ക്കാതെ മംഗാലാപുരത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘപരിവാര്‍ വിമര്‍ശനത്തോടൊപ്പം എടുത്തുപറയാന്‍ ശ്രമിച്ച സംഗതി തന്റെ ധീരമായ രാഷ്ട്രീയ ചരിത്രമായിരുന്നു. അന്നാണ് അദ്ദേഹം, പിന്നീട് “പ്രശസ്തമായ” ഊരിപ്പിടിച്ച വാളുകള്‍ക്കും, ബോംബുകള്‍ക്കുമിടയിലൂടെ മുന്നേറിയ കഥകള്‍ പറയുന്നത്. വിജയനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് ആവില്ലെന്ന് അദ്ദേഹം പലയിടങ്ങളില്‍ പലതവണ ആവര്‍ത്തിക്കുകയും ചെയ്തു. ഇപ്പോഴും ചെയ്യുന്നു. സുധാകരനോടുള്ള മറുപടിയിലും അദ്ദേഹം ആവര്‍ത്തിക്കുന്നത് അതുതന്നെ. പ്രസ്ഥാനങ്ങളെ തങ്ങളിലേക്ക് സ്വാംശീകരിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് വ്യക്തി വിശേഷം പറയല്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഇനമാണെന്ന് വേണം കരുതാന്‍.
1960 കളുടെ അവസാനത്തില്‍ ബ്രണ്ണനിലെ രാഷ്ട്രീയ ചരിത്രത്തിന് സമകാലിക കേരള സമൂഹത്തിന് നല്‍കാനുള്ളത് എന്താണ് എന്ന ചോദ്യം ചോദിക്കുന്നതിന് പകരം നമ്മുടെ മാധ്യമങ്ങള്‍ നേതാക്കളുടെ അവകാശവാദങ്ങളിലെ വാസ്തവം തിരഞ്ഞ് അതിനെ പതിവ് സെന്‍സേഷണലിസത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ നമ്മുടെ നേതാക്കള്‍ ഇപ്പോഴും അഭിരമിക്കുന്ന 1960 കളിലെ ക്യാമ്പസ് രാഷ്ട്രീയത്തിന് എന്താണ് കേരളത്തില്‍ എന്താണ് പ്രസക്തി എന്നതായിരുന്നു ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്നത്. ഒരു തരത്തിലുമുള്ള ജനാധിപത്യ ബോധവുമില്ലാതെ, ചിവിട്ടാനും “പ്രത്യേകതരം ആക്ഷനിലൂടെ, വന്‍ ശബ്ദമുണ്ടാക്കി,” (മുഖ്യമന്ത്രി പറഞ്ഞത്) ചിത്തവിളിച്ചും മറ്റും എതിരാളിയെ നേരിടുന്ന ആണഹങ്കാരത്തിന്റെ വയലന്‍സിന്റെ രാഷ്ട്രീയത്തില്‍ അഭിരമിക്കുന്നതിന് പകരം 70 പിന്നിട്ട ഈ രാഷ്ട്രീയ നേതൃത്വം അതിനെ കൗമാരകാലത്ത് ചെയ്തുപോയ ഒരു പക്വത കുറവായി കാണുകയായിരുന്നു വേണ്ടിയിരുന്നത്. അത്തരമൊരു ബോധം സൃഷ്ടിക്കുന്നതിന് പകരം മാധ്യമങ്ങള്‍ ചെയ്തത് എതിരാളിയെ ചിവിട്ടി വീഴ്തിയെന്ന് പറയുന്ന രാഷ്ട്രീയ നേതാക്കളുടെ അവകാശങ്ങളുടെ വസ്തുതാന്വേഷണം നടത്തുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ “ഉത്തമരായ രാഷ്ട്രീയ വിശാരദര്‍” തങ്ങളുടെ ആരാധ്യ പരുഷന്‍ പണ്ടേ ഉശരിന്‍ ആയിരുന്നുവെന്ന് വാഴത്തി സ്വയം അഭിരമിക്കുന്നതാണ് നമ്മള്‍ കണ്ടത്.
Read more
അക്രമ രാഷ്ട്രീയത്തില്‍ ഞാനാണ് അവനല്ല കേമന്‍ എന്ന് 70 കളിലെത്തിയ നേതൃത്വങ്ങള്‍ കലഹിക്കുമ്പോള്‍ കേരളത്തിന് ചര്‍ച്ച ചെയ്യാന്‍ യഥാര്‍ത്ഥത്തില്‍ പലതുണ്ടായിരുന്നു. കള്ളപണം ഒഴുക്കിയും കൈകൂലി നല്‍കിയും കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മലീമസമാക്കിയ ബിജെപിയെ വിചാരണ ചെയ്യാമായിരുന്നു, കേരളത്തിന്റെ വികസനം അതിവേഗത്തിലോടുന്ന ട്രെയിനിലാണെന്ന ഭരണകൂട യുക്തിയുടെ ശാസ്ത്രീയത അന്വേഷിക്കാമായിരുന്നു. പട്ടയ ഭുമിയിലേയും മരത്തിന്റെ അവകാശികള്‍ ആരെന്ന് പ്രായോഗിക ബുദ്ധിയോടെ ചര്‍ച്ച ചെയ്യാമായിരുന്നു. അതെല്ലാം മറച്ചുപിടിച്ചാണ് അക്രമ രാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന ഒരു നേതാവിന്റെ സ്ഥാനാരോഹണം, മുഖ്യമന്ത്രിയുടെ തന്നെ മുന്‍കൈയില്‍ ഗംഭീരമാക്കി കൊടുത്തത്. കേരളത്തിന്റെ കക്ഷി രാഷ്ട്രീയം, എല്ലാ പൊങ്ങച്ചം പറച്ചിലുകളും മാറ്റിനിര്‍ത്തിയാല്‍ ഇപ്പോഴും 60 കളിലെയും 70 കളിലെയും അക്രമ രാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന ഒരു ഏര്‍പ്പാടാണെന്ന് തെളിയിക്കുന്നതാണ് ഈ വിവാദം.