മൃഗസ്‌നേഹികളുടെ മുഖത്തടിക്കാന്‍ മസ്‌ക്; അതിമാനുഷികനാകാന്‍ കൈവിട്ട കളികള്‍; ന്യൂറലിങ്ക് മനുഷ്യരുടെ തലയില്‍; ചിപ്പ് ഘടിപ്പിക്കുന്നതില്‍ സുപ്രധാന പ്രഖ്യാപനം

ലോകത്തില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന അവകാശവാദവുമായാണ് ന്യൂറോ ടെക്‌നോളജി കമ്പനിയായ ന്യൂറലിങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യഘട്ടമായി മൃഗങ്ങളില്‍ പരീക്ഷണം നടത്തിയ കമ്പനി വന്‍ വിജയമാണ് നേടിയത്. ഇനി മനുഷ്യമസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിച്ചുള്ള പരീക്ഷണത്തിന് തയാറെടുക്കയാണ് ന്യൂറലിങ്ക്. ചിപ്പുകള്‍ 2023ന്റെ പകുതിയോടെ മനുഷ്യരില്‍ പരീക്ഷിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അതിനുള്ള അനുമതിക്കായി ന്യൂറലിങ്ക്, അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ സമീപിച്ചിട്ടുണ്ട്. എഫ്.ഡി.എയുടെ നപടിക്രമങ്ങള്‍ അതിവേഗം കമ്പനി പൂര്‍ത്തിയാക്കുകയാണ്. 2023ല്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാനാണ് കമ്പനി ഉദേശിക്കുന്നത്.

മനുഷ്യരിലെ പരീക്ഷണത്തിനായി അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും മസ്‌ക് അറിയിച്ചു. വരുന്ന ആറ് മാസത്തിനുള്ളില്‍ മനുഷ്യരില്‍ ന്യൂറലിങ്ക് ചിപ്പുകള്‍ ഘടിപ്പിച്ചുകൊണ്ട് പരീക്ഷണം നടത്താനാവുമെന്ന പ്രതീക്ഷയാണ് മസ്‌ക് പങ്കുവെച്ചത്. മനുഷ്യ മസ്തിഷ്‌കത്തില്‍ വയ്ക്കാവുന്ന ഉപകരണം നിര്‍മിക്കുകയാണ് ന്യൂറലിങ്കിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ ഉപകരണം കംപ്യൂട്ടര്‍ വഴി നിയന്ത്രിച്ച് മനുഷ്യ മസ്തിഷ്‌കത്തേയും ചലനങ്ങളേയും സ്വാധീനിക്കാനാണ് ന്യൂറലിങ്ക് ശ്രമിക്കുന്നത്. ശരീരം പൂര്‍ണമായി തളര്‍ന്നു കിടക്കുന്നവര്‍ക്കും അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവര്‍ക്കുമൊക്കെ അനുഗ്രഹമായിരിക്കും ഈ കണ്ടെത്തലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കുരങ്ങുകളില്‍ ന്യൂറലിങ്ക് പരീക്ഷണം ആരംഭിച്ചുവെന്ന് 2019ല്‍ തന്നെ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. 2020ല്‍ പന്നികളിലേക്കും പരീക്ഷണം വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ന്യൂറലിങ്ക് ഘടിപ്പിച്ച കുരങ്ങുകള്‍ പിങ് പോങ് കളിക്കുന്നതിന്റെ ദൃശ്യങ്ങളും ന്യൂറലിങ്ക് പുറത്തുവിട്ടിരുന്നു. മൃഗങ്ങളില്‍ നടത്തുന്ന ഇത്തരം പരീക്ഷണങ്ങള്‍ക്കെതിരെ മൃഗസ്നേഹികളും സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. ന്യൂറലിങ്ക് പരീക്ഷണങ്ങള്‍ക്കിടെ മൃഗങ്ങളില്‍ പലതും ശരീരം തളര്‍ന്നു പോവുകയും ചത്തുപോവുകയും ചെയ്തുവെന്നതായിരുന്നു ആരോപണം. ഇത്തരം ആരോപണങ്ങള്‍ക്കിടയിലും തങ്ങളുടെ പദ്ധതിയുമായി ന്യൂറ ലിങ്കും ഇലോണ്‍ മസ്‌കും മുന്നോട്ടു പോവുകയായിരുന്നു.

മഷ്യരില്‍ നേരിട്ട് ചിപ്പുകള്‍ ഘടിപ്പിക്കുന്നതിനെതിരെയും വലിയ തോതില്‍ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതാണ് ന്യൂറലിങ്കിന്റെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ വൈകിയതില്‍ ഒരു കാരണമായത്. തലയോട്ടിയിലെ ചെറിയ ഭാഗം നീക്കം ചെയ്ത് ചെറു നാരുകളുള്ള ന്യൂറലിങ്ക് ചിപ്പ് നേരിട്ട് മസ്തിഷ്‌കത്തിലേക്ക് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. 15 മിനിറ്റിനുള്ളില്‍ 64 ന്യൂറലിങ്ക് നാരുകള്‍ വരെ മസ്തിഷ്‌കത്തിലേക്ക് ഘടിപ്പിക്കാന്‍ സാധിക്കുന്ന റോബോട്ടിക് സംവിധാനത്തെക്കുറിച്ചും ന്യൂറലിങ്ക് വൈസ് പ്രസിഡന്റ് ഡി.ജെ. സിയോ പറഞ്ഞു.

മനുഷ്യ മസ്തിഷ്‌കത്തിലുള്ള പരീക്ഷണങ്ങള്‍ക്കെതിരെയും പലകോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. തലയോട്ടി തുരന്നുള്ള ന്യൂറലിങ്കിന്റെ ചിപ്പ് ഘടിപ്പിക്കലിലുള്ള അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ അടക്കം രംഗത്തെത്തിയത്. ഈ വാദങ്ങളുടെ മുനയൊടുക്കാന്‍ താനും ബ്രെയിന്‍ ചിപ്പ് ഇംപ്ലാന്റ് ഘടിപ്പിക്കുമെന്ന്’ ഇലോണ്‍ മസ്‌ക് അറിയിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ഇപ്പോള്‍ വേണമെങ്കില്‍ ഒരു ന്യൂറലിങ്ക് ഉപകരണം നിങ്ങളുടെ തലച്ചോറില്‍ ഘടിപ്പിക്കാം, അത് നിങ്ങള്‍ അറിയുകപോലുമില്ല… അതെങ്ങനെ ചെയ്യുമെന്ന് കാണിക്കുന്ന ഡെമോയില്‍ ഞാനും ഒന്ന് ഘടിപ്പിച്ചിരിക്കും.’ ന്യൂറലിങ്കിന്റെ റിക്രൂട്ട്മെന്റ് ഇവന്റിനിടെ മസ്‌ക് വ്യക്തമാക്കി.

Read more

മസ്തിഷ്‌ക രോഗങ്ങള്‍, നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍, പരുക്കുകള്‍ എന്നിവ ചികിത്സിക്കുന്നതിനാണ് 2016 ല്‍ സ്ഥാപിക്കപ്പെട്ട ന്യൂറലിങ്കില്‍ ഗവേഷണങ്ങള്‍ നടക്കുന്നത്. കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് അതു വീണ്ടെടുക്കുന്നതിനും പേശികള്‍ക്ക് ചലനശേഷിയില്ലാത്തവര്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ന്യൂറലിങ്ക് സഹായിക്കുമെന്നാണ് കമ്പനി അതിജീവിക്കുന്നത്.