എന്ത് സംശയത്തിനുള്ള മറുപടിയും ഗൂഗിളിന്റെ കയ്യിൽ ഏത് സമയത്തും ഉണ്ടാകുമെന്ന വിശ്വാസം നമ്മുടെയുള്ളിലുണ്ട്. എന്നാൽ ഈയിടെയായി ഗൂഗിളിനെപോലും പിന്തള്ളി യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും തരംഗമായി മാറിയ ചാറ്റ്ബോട്ട് സംവിധാനമാണ് ചാറ്റ് ജിപിടി. അമ്പരപ്പിക്കുന്ന മുന്നേറ്റവുമായാണ് ഗൂഗിളടക്കം മറ്റ് സെർച്ച് എഞ്ചിനുകളെയും പിന്നിലാക്കി ഇപ്പോൾ ചാറ്റ് ജിപിടി ടെക്ക് ലോകം കീഴടക്കുന്നത്.ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ സംവദിക്കാൻ കഴിയുന്ന എഐ ചാറ്റ്ബോട്ട് സംവിധാനമാണ് ചാറ്റ് ജിപിടി. ഉപഭോക്താക്കളുമായി ഓൺലൈനിൽ ചാറ്റ് ചെയ്യാനും ചോദ്യങ്ങളിൽ സഹായിക്കാനും രൂപകൽപ്പന ചെയ്തിരിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിനെയാണ് ചാറ്റ്ബോട്ട് എന്ന് വിളിക്കുന്നത്. ഇവയുടെ വികസിത രൂപമാണ് ചാറ്റ് ജിപിടി.
2015ൽ അമേരിക്കയിലെ ഓപ്പൺ എഐ എന്ന കമ്പനിയാണ് ചാറ്റ് ജി.പി.ടി സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തത്. 2022 നവംബറിൽ സോഫ്റ്റ്വെയറിന്റെ ബീറ്റ വേർഷൻ പുറത്തിറക്കി അഞ്ചു ദിവസത്തിനുള്ളിൽ പത്തു ലക്ഷം സബ്സ്ക്രൈബേഴ്സിനെയാണ് സ്വന്തമാക്കിയത്. നമുക്കറിയേണ്ട കാര്യം സെർച്ച് ചെയ്യുമ്പോൾ ചോദ്യത്തിലുള്ള വാക്കുകൾ ഉപയോഗിച്ച് ഉത്തരം കിട്ടാൻ സാധ്യതയുളള ലേഖനങ്ങളും മറ്റ് വെബ്സൈറ്റുകളും കണ്ടെത്തി നൽകുകയാണ് ഗൂഗിൾ ചെയ്യുക. എന്നാൽ ചാറ്റ് ജിപിടിയിൽ നമ്മുടെ ചോദ്യങ്ങൾക്ക് കിറുകൃത്യമായ ഉത്തരങ്ങൾ നേരിട്ട് നൽകുകയാണ് ചെയ്യുക.
ഇന്റര്‍നെറ്റിനെ ഒരു ഡാറ്റബേസായി ഉപയോഗിച്ച് മെഷീൻ ലേർണിംഗിന്റെ സാധ്യതകളും ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം നടക്കുന്നത്. വിവരങ്ങൾ സംഭാഷണ രീതിയിലും ലഭിക്കും എന്നതും ചാറ്റ് ജിപിടിയുടെ മറ്റൊരു പ്രത്യേകതയാണ്. നിരവധി കാര്യങ്ങൾക്കായി ചാറ്റ് ജിപിടിയെ പുതിയ തലമുറ ആശ്രയിക്കുന്നുണ്ട് എന്നതാണ് ഗൂഗിളിന്റെ നിലനിൽപ്പിന് ഭീഷണിയായി മാറിയിരിക്കുന്നത്. ഗുണങ്ങൾ ഉള്ളതുപോലെ പോരായ്മകളും ചാറ്റ് ജിപിടിക്ക് ഉണ്ട്. ചോദിക്കുന്ന ചോദ്യങ്ങളിലെ വ്യാകരണത്തെറ്റുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വരെ അവ കണ്ടെത്തി തരും. എന്നാൽ വിവരങ്ങൾ അപ്ഡേറ്റഡ് ആകില്ലെന്നതാണ് ചാറ്റ് ജിപിടിയുടെ പോരായ്മ. കാരണം, ജിപിടിയിൽ നേരത്തെ സേവ് ചെയ്തു വച്ചിരിക്കുന്ന വിവരങ്ങളാണ് എഐ , മെഷീൻ ലേർണിംഗ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നമുക്ക് മറുപടിയായി നൽകുക.
ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ചാറ്റ് ജിപിടി ഉയർത്തുന്ന ഭീഷണിയെ അതിജീവിക്കാനായി “ബാർഡ്”എന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ് ബോട്ട് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ചാണ് ബാർഡ് പ്രവർത്തിക്കുക. ഭാഷ, ബുദ്ധി, സർഗാത്മകത എന്നിവയെ സംയോജിപ്പിച്ച് കൊണ്ടുപോകുന്ന രീതിയായിരിക്കും ബാർഡിനുണ്ടാവുക എന്നും ഗൂഗിൾ തലവന്‍ പറയുന്നു. ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സി.ഇ.ഒ സുന്ദർ പിച്ചെ പുറത്തിറക്കിയ ബാർഡ് ആദ്യം വിശ്വസ്തരായ ടെസ്റ്റർമാർക്കാണ് ഇപ്പോൾ ലഭ്യമാക്കുക. മെച്ചപ്പെടുത്തേണ്ട മേഖലകള്‍ പരിശോധിക്കാനാണ് ആദ്യം ടെസ്റ്റർമാർക്ക് ലഭ്യമാക്കുന്നത്. തുടർന്ന് എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ ഗൂഗിളിന്റെ സെർച്ച് എൻജിൻ ഉൾപ്പെടുത്തും.
ഗൂഗിളിന്റെ വിഭാഗമായ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാംഡയിലാണ് ബാർഡ് വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യനെപ്പോലെ പെരുമാറുന്ന എല്ലാ തരത്തിലുള്ള വികാരങ്ങളും ഉൾപ്പെടുന്ന ഒരു ചാറ്റ് ബോട്ടാണ് ഇതെന്നാണ് ലാംഡയിലെ ഒരു ഗവേഷകന് പറയുന്നത്. നിലവിലെ സെര്‍ച്ച് എഞ്ചിനില്‍ പുതിയ എഐ ടൂളുകളും ഗൂഗിള്‍ ഉൾപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.ഏതൊരു കാര്യത്തിനെപ്പറ്റിയും ഒരു ചെറിയ കുട്ടിക്കുപോലും മനസിലാകുന്ന രീതിയില്‍ വിശദീകരിക്കാന്‍ ഈ പുതിയ എഐ സംവിധാനത്തിന് സാധിക്കും എന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഗൂഗിളിന്റെ എഐ സേവനങ്ങൾ ഉത്തരവാദിത്വമുള്ളതും സുരക്ഷിതവുമായിരിക്കും എന്ന് സുന്ദര്‍ പിച്ചൈ ബ്ലോഗില്‍ ഉറപ്പു നൽകിക്കഴിഞ്ഞു.
Read more
അതേസമയം, തെറ്റായ വിവരങ്ങള്‍ നല്‍കുന്നതടക്കം ചാറ്റ് ബോട്ടുകള്‍ നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങള്‍ക്ക് ബാർഡ് എങ്ങനെ പരിഹാരം കാണുമെന്ന കാര്യത്തില്‍ സുന്ദർ പിച്ചൈ ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല. സെർച്ച് എൻജിൻ എന്ന നിലയിൽ ഗൂഗിളിന് വൻ ഭീഷണി ഉയർത്തിയ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിക്ക് മൈക്രോസോഫ്റ്റിന്റെ പിന്തുണയും ഉണ്ടായിരുന്നു. ഇതോടെയാണ് എഐ ഉപയോഗപ്പെടുത്തി ബാർഡുമായി ഗൂഗിൾ മുന്നോട്ട് വന്നത്. സെർച്ച് എഞ്ചിനുകളിലെ വർഷങ്ങളായുള്ള മേധാവിത്വം നിലനിർത്താൻ “ബാർഡ്” സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഗൂഗിൾ .