ലോകത്തെയാകെ അമ്പരപ്പിച്ചുകൊണ്ടുള്ള മുന്നേറ്റത്തിലാണ് ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി. എന്നാൽ ഇപ്പോൾ ചാറ്റ് ജിപിടി താത്കാലികമായി നിരോധിച്ചിരിക്കുകയാണ് ഇറ്റലി. സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് ഇറ്റലിയിൽ ചാറ്റ് ജിപിടിക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തുന്നത് എന്ന് അധികൃതർ അറിയിച്ചു. നിരോധനം കൂടാതെ ഓപ്പൺ എഐയ്‌ക്കെതിരെ ഉടനടി അന്വേഷണം നടത്തുമെന്നും ഇറ്റലി വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റലിയിലെ വിവര സംരക്ഷണ അതോറിറ്റിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ചാറ്റ് ജിപിടി നിരോധിക്കുന്ന ആദ്യത്തെ പാശ്ചാത്യരാജ്യമായി മാറിയിരിക്കുകയാണ് ഇറ്റലി. നിരോധന ഉത്തരവ് പുറത്തു വന്നതിന് പിന്നാലെ ഇറ്റലിയിലെ ചാറ്റ് ജിപിടിയുടെ പ്രവർത്തനം മരവിപ്പിച്ചതായി അറിയിച്ചിരിക്കുകയാണ് ഓപ്പൺ എഐ.
ഉപഭോക്താക്കൾക്ക് ഒരു പ്രാധാന്യവും കൊടുക്കാതെ, യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ വലിയ തോതിലുള്ള ഡാറ്റ കൈമാറ്റമാണ് ചാറ്റ് ജിപിടി നടത്തുന്നത് എന്ന് ഇറ്റാലിയൻ റെഗുലേറ്ററി കണ്ടെത്തിയതായാണ് റിപ്പോർട്ട്. ചാറ്റ് ജിപിടി ഉപയോഗിക്കുന്നവരുടെ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനം നിലവിൽ ഇല്ലെന്നും 13 വയസിന് താഴെയുള്ള കുട്ടികള്‍ നിയമവിരുദ്ധമായ കാര്യങ്ങൾക്കായി ഇവ ഉപയോഗിക്കുന്നത് തടയാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നില്ലെന്നും ഇറ്റാലിയൻ അതോറിറ്റി പറഞ്ഞു. നിരോധനത്തില്‍ മറുപടി നല്‍കാന്‍ ഓപ്പണ്‍ എഐക്ക് 20 ദിവസത്തെ സമയം അനുവദിച്ചിരിക്കുകയാണ് ഇറ്റലി. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കമ്പനിക്കെതിരെ പിഴ ചുമത്തൽ അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഠിനമായ പല പരീക്ഷണങ്ങളിലൂടെയും കടമ്പകളിലൂടെയും കടന്നുവന്ന് ഗൂഗിളിനെപോലും പിന്തള്ളി യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും തരംഗമായി മാറിയ ചാറ്റ്ബോട്ട് സംവിധാനമാണ് ചാറ്റ്ജിപിടി. ഗൂഗിളടക്കം മറ്റ് സെർച്ച് എഞ്ചിനുകളെയും പിന്നിലാക്കിയാണ് ചാറ്റ് ജിപിടി ടെക്ക് ലോകം കീഴടക്കുന്നത്. ഉപഭോക്താക്കളുമായി ഓൺലൈനിൽ ചാറ്റ് ചെയ്യാനും ചോദ്യങ്ങളിൽ സഹായിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിനെയാണ് ചാറ്റ്ബോട്ട് എന്ന് വിളിക്കുന്നത്. ഇവയുടെ വികസിത രൂപമാണ് ചാറ്റ് ജിപിടി. 2015ൽ അമേരിക്കയിലെ ഓപ്പൺ എഐ എന്ന കമ്പനിയാണ് ചാറ്റ് ജി.പി.ടി സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തത്. 2022 നവംബറിൽ ചുവടുവച്ച് തുടങ്ങിയ ചാറ്റ്ജിപിടിയുടെ മുന്നേറ്റം പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു.
Read more
കവിതകൾ, തിരക്കഥകൾ, ലേഖനങ്ങൾ തുടങ്ങിയവ എഴുതിയും പുസ്തകങ്ങൾ രചിച്ചും എന്‍ട്രി ലെവല്‍ കോഡിങ് ജോലി മത്സരിച്ചു നേടിയുമെല്ലാം ഓപ്പൺ Aiയുടെ ചാറ്റ് ബോട്ട് വാർത്തകളിൽ ഇപ്പോൾ ഇടം നേടുകയാണ്. ഓപ്പൺഎഐ അടിസ്ഥാനമാക്കിയുള്ള ഈ ഉപകരണം ടെക്ക് വ്യവസായത്തിൽ വൻ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. മനുഷ്യനെപ്പോലെ സംസാരിക്കാനുള്ള കഴിവും മറ്റ് കഴിവുകളും കാരണം പല മേഖലകളിൽ ഉള്ള ആളുകളുടെ ജോലി പോലും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ എവിടെയും സംസാര വിഷയമായി മാറുകയാണ് ചാറ്റ്ജിപിടി. എഐ സാങ്കേതിക വിദ്യയിലൂടെ ചാറ്റ്ജിപിടി രചിച്ച 200ലധികം പുസ്തകങ്ങളാണ് ആമസോൺ ബുക്ക് സ്റ്റോറിൽ വിൽപനയ്ക്ക് വച്ചിരിക്കുന്നത്.