6 കോടി മുടക്കിയാൽ ഇനി ബഹിരാകാശയാത്ര നടത്താം ! 2030ഓടെ സ്പേസ് ടൂറിസം ആരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യ

ഇന്ത്യയുടെ ബഹിരാകാശ ടൂറിസം പദ്ധതിയിലേക്ക് ചിറകു വിരിച്ച് ഐ.എസ്.ആർ.​ഒ. സ്വകാര്യ മേഖലയോട് ചേർന്നാകും ഐ.എസ്.ആർ.​ഒ പദ്ധതി നടപ്പിലാക്കുക. ഇതോടെ ഐ.എസ്.ആർ.​ഒയുടെ സ്വപ്ന പദ്ധതി 2030ഓടെ യാഥാർഥ്യമാകും എന്നാണ് പ്രതീക്ഷ. ബഹിരാകാശ ടൂറിസം പദ്ധതിയുടെ പ്രാഥമിക വിശദാംശങ്ങൾ ഐ.എസ്.ആർ.​ഒ ഇതിനോടകം കേന്ദ്ര സർക്കാരുമായി പങ്കുവച്ചു കഴിഞ്ഞു. പുനരുപയോഗിക്കാവുന്നതും സുരക്ഷിതവുമായ ഇന്ത്യയുടെ സ്വന്തം ടൂറിസം ബഹിരാകാശ മൊഡ്യൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഐ.എസ്.ആർ.​ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.

ബഹിരാകാശത്ത് ഇന്ത്യക്കാരനെ എത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനൊപ്പമാണ് ടൂറിസം പദ്ധതിയുമായി ഐ.എസ്.ആർ.​ഒ മുന്നോട്ടു പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.  പദ്ധതിക്കായി സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തത്തിനായി ഇന്ത്യന്‍ നാഷണൽ സ്പേയ്സ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷൻ സെന്‍റര്‍ രൂപീകരിച്ചിരുന്നു.

ഐഎസ്ആർഒ നിർമ്മിക്കുന്ന ബഹിരാകാശ ടൂറിസം മോഡ്യൂളിൽ ഉപ ഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളായിരിക്കും നടത്തുക എന്നാണ് റിപ്പോർട്ട്. ശൂന്യാകാശത്തിന്റെ അറ്റത്തു വരെ ആളുകളെ കൊണ്ടുപോയി തിരികെ എത്തിക്കുന്ന സബ് ഓർബിറ്റൽ ഫ്ലൈറ്റുകൾ അഥവാ ഉപഭ്രമണപഥ വിമാനങ്ങൾ ഇപ്പോഴുണ്ട്.  ഉപഭ്രമണപഥത്തിലെ ഫ്ലൈറ്റുകൾക്ക് സാധാരണ ബഹിരാകാശത്തിന്റെ അരികിൽ 15 മിനിറ്റ് വരെ മാത്രമാണ് നിൽക്കാൻ സാധിക്കുക. അതിനാൽ വിനോദ സഞ്ചാരികൾക്ക് 15 മിനിറ്റോളം ബഹിരാകാശത്ത് ചെലവഴിക്കാൻ സാധിക്കും എന്നാണ് റിപ്പോർട്ട്.

അതേസമയം, ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഐ.എസ്.ആർ.​ഒ പുറത്തു വിട്ടിട്ടില്ല. പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ വഴി പണച്ചെലവ് കുറയ്ക്കാൻ സാധിക്കും എന്നതിനാൽ ഇത്തരത്തിലുള്ള റോക്കറ്റുകൾ ആയിരിക്കും ബഹിരാകാശ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുകയെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. പദ്ധതിയിൽ ഒരു സഞ്ചാരിക്ക് ആറ് കോടി രൂപയോളമായിരിക്കും ഏകദേശ ടിക്കറ്റ് നിരക്കെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. യാത്ര നടത്തുന്ന ആളുകൾക്ക് സ്വയം ‘ബഹിരാകാശ യാത്രികർ’ എന്ന് വിളിക്കാനും കഴിയും.

Read more

ഇന്ത്യയുടെ ഉപ ഭ്രമണപഥത്തിനായുള്ള സാധ്യതാ പഠനങ്ങൾ ഐഎസ്ആർഒ ഇതിനകം ആരംഭിച്ചതായി ശാസ്ത്ര- സാങ്കേതിക, ആണവോർജ, ബഹിരാകാശ വകുപ്പിന്റെ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ഈ വർഷം ഫെബ്രുവരിയിൽ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി മികച്ച രീതിയിൽ പദ്ധതി നടപ്പിലാക്കാനുള്ള പ്രയത്നത്തിലാണ് ഐ.എസ്.ആർ.ഒ.