സ്മാർട്ട് ഫോണുകൾ ഉൾപ്പെടെയുള്ള വിവിധ ഉപകരണങ്ങളെ വരെ ഈ ലോകത്ത് നിന്നും അപ്രത്യക്ഷമാക്കാൻ സാധ്യതയുള്ള, എഐ സങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച ഒരു കിടിലൻ ഉപകരണം പുറത്തിറക്കിയിരിക്കുകയാണ് ഹ്യൂമെയ്ൻ എന്ന കമ്പനി. സ്മാർട്ഫോണിനു പകരം ഉപയോഗിക്കാവുന്ന പുതിയ എഐ പിൻ ആണ് മുൻ ആപ്പിൾ ജീവനക്കാർ സ്ഥാപിച്ച ഈ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
വസ്ത്രങ്ങളിൽ ക്ലിപ്പ് ചെയ്യാൻ സാധിക്കുന്ന ഈ ഉപകരണത്തിന് ഡിസ്പ്ലേ ഉണ്ടാവില്ല. ഇതിന് പകരം ഒരു നീല പ്രൊജക്ടർ ആണുള്ളത്. കൈകളുടെ ചലനത്തിലൂടെയും ശബ്ദ നിർദേശങ്ങളിലൂടെയും ഈ ഉപകരണം നിയന്ത്രിക്കാൻ സാധിക്കും. പിൻ ഉപയോഗിച്ച് ഫോൺ കോളുകൾ ചെയ്യാനും മെസേജുകൾ അയക്കാനും ഇന്റർനെറ്റിൽ ബ്രൗസ് ചെയ്യാനുമൊക്കെ സാധിക്കും.
ഒരു കംപ്യൂട്ടറും ഒരു ബാറ്ററി ബൂസ്റ്ററും ഉൾപ്പെടുന്ന രണ്ട് ഭാഗങ്ങളാണ് ഈ ഉപകരണത്തിനുള്ളത്. കംപ്യൂട്ടറിനുള്ളിൽ ഉള്ള ചെറിയ ബാറ്ററിയ്ക്ക് ആവശ്യമുള്ള ഊർജം നൽകുക എന്നതാണ് ബൂസ്റ്ററിന്റെ ജോലി. ഇത് ഒരു ദിവസം മുഴുവനും ഉപയോഗിക്കാൻ സാധിക്കും. കംപ്യൂട്ടറിനെ പുറത്തും ബാറ്ററി ബൂസ്റ്ററിനെ അകത്തുമാണ് സ്ഥാപിക്കുക. കാന്തിക ശക്തി ഉപയോഗിച്ചാണ് ഇത് രണ്ടും ചേർത്ത് വയ്ക്കുക. ഇതിൽ ഒന്നിലധികം ബാറ്ററികൾ മാറ്റി ഉപയോഗിക്കുകയും ചെയ്യാം.
വിരലുകളുടെ ചലനം, ശബ്ദം, സ്പർശനം, ലേസർ ഇങ്ക് ഡിസ്‌പ്ലേ എന്നിവയിലൂടെയാണ് ഉപഭോക്താവ് ഈ ഉപകരണവുമായി സംവദിക്കുക. ഇത് ശബ്ദനിർദേശങ്ങളിലൂടെ പ്രവർത്തിക്കുന്ന ഉപകരണമാണെങ്കിലും ഹേയ് ഗൂഗിൾ എന്ന വേക്ക് അപ്പ് വേഡ് ഉപയോഗിച്ച് ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങുന്നത് പോലെ വേക്ക് അപ്പ് വേഡിന് വേണ്ടി ഏത് സമയവും നമ്മുടെ ശബ്ദം കേട്ടുകൊണ്ടിരിക്കില്ല.
ടി മൊബൈൽ നെറ്റ് വർക്കുമായി ബന്ധിപ്പിച്ചുള്ള സ്വന്തം കണക്ടിവിറ്റിയും ഇതിൽ ഒരുക്കിയിട്ടുണ്ട്. ക്വാൽക്കം സ്‌നാപ്ഡ്രാഗൺ ചിപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു അൾട്രൈ വൈഡ് ആർജിബി ക്യാമറയും മോഷൻ സെൻസറുകളും മൈക്കും സ്പീക്കറും പ്രധാന കംപ്യൂട്ടറിൽ നൽകിയിട്ടുണ്ട്.
സാധാരണ ഫോണുകളിൽ നിന്നും വ്യത്യസ്തമായി പൂർണമായും ആർട്ടിഫിഷ്യൻ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് എഐ പിൻ പ്രവർത്തിക്കുന്നതെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പറയുന്നു. എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും സ്‌മാർട്ട്‌ഫോണുകളേക്കാൾ കൂടുതൽ സൗകര്യപ്രദവുമായ രീതിയിലാണ് എഐ പിൻ രൂപകൽപന ചെയ്‌തിരിക്കുന്നതെന്നാണ് ഹ്യൂമെയ്ൻ കമ്പനിയുടെ അവകാശവാദം.
ക്യാമറ ഉപയോഗിച്ച് വസ്തുക്കൾ തിരിച്ചറിയാനും അവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കാനും ഫോട്ടോകൾ എടുക്കാനും വീഡിയോ പകർത്താനും എഐ പിന്നിലൂടെ സാധിക്കും. ഹ്യൂമെയ്ൻ സെന്റർ എന്ന പ്ലാറ്റ്‌ഫോമിലൂടെ ഫോൺ കോളുകൾ, സന്ദേശങ്ങൾ, എടുത്ത ഫോട്ടോകൾ അടക്കം കാണാൻ സാധിക്കും. ഈ പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്തുവേണം എഐ പിൻ ഉപയോഗിക്കാൻ.
വോയ്‌സ് ട്രാൻസിലേറ്റർ ഉപകരണമായും, പാട്ട് കേൾക്കാനും സന്ദേശങ്ങൾ അയക്കാനും, സന്ദേശങ്ങൾ വായിക്കാനും എഐ പിൻ ഉപയോഗിക്കാൻ സാധിക്കും. അലെക്‌സ, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്മാർട്ട് സ്പീക്കറുകളെ പോലെ തന്നെയാണ് എഐ പിന്നിന്റെ പ്രവർത്തനവും. ഇതിലുള്ള ലേസർ പ്രോജക്ട് ആണ് ഡിസ്‌പ്ലേയുടെ അഭാവം പരിഹരിക്കുക. ഉപകരണത്തിന് മുമ്പിൽ കൈപത്തി വിടർത്തി വച്ചാൽ ഡിസ്പ്ലേ കാണാനാകും.
ആപ്പിളിലെ ഡിസൈനർമാരായിരുന്ന ഇമ്രാൻ ചൗദ്രിയും ബെത്തനി ബോജിയോർനോയും ചേർന്ന് ആരംഭിച്ച സ്റ്റാർട്ട് അപ്പാണ് ഹ്യുമേൻ എഐ. ‘എഐ പിൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തെ കുറിച്ച് നേരത്തെ തന്നെ ഇമ്രാൻ ചൗദ്രി പറഞ്ഞിരുന്നു.
‘ഇത്തരം ഇലക്രോണിക് ഉപകരണങ്ങൾ നിർമിക്കുന്നതിന് പ്രധാന്യം കൊടുക്കുന്ന നിരവധി സിലിക്കൺ വാലി കമ്പനികളിൽ ഒന്നാണ് ഹ്യൂമെയ്ൻ. ആപ്പിളും മെറ്റയും പോലെയുള്ള കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റുകളിൽ നിന്ന് വ്യത്യസ്തമാണ് ഞങ്ങളുടെ കണ്ടുപിടുത്തങ്ങൾ’ കമ്പനിയുടെ സഹസ്ഥാപകനും പ്രസിഡന്റുമായ ഇമ്രാൻ ചൗധരി പറഞ്ഞു.
Read more
എക്ലിപ്‌സ്, ലൂണാർ, ഇക്വിനോക്‌സ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഉപകരണം പുറത്തിറക്കിയിരിക്കുന്നത്. 699 ഡോളർ (ഏകദേശം 58212 രൂപ) ആണ് വില. കൂടാതെ 25 ഡോളറിന്റെ (2082 രൂപ) പ്രതിമാസ സബ്‌സ്‌ക്രിപ്ഷനും ഉണ്ട്. നവംബർ 16 മുതൽ യുഎസിൽ ഈ ഉപകരണം പ്രീ-ഓർഡറിനെത്തുമെന്ന് കമ്പനി അറിയിച്ചതായാണ് റിപോർട്ടുകൾ. അടുത്ത വർഷം ആദ്യം ഷിപ്പിംഗ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.