സ്വാമി നിത്യാനന്ദ ബാബയുടെ പ്രഭാഷണങ്ങൾ നമ്മളിൽ പലരും കണ്ടിട്ടുണ്ടാവും. ക്വാണ്ടം ഫിസിക്സിനെ പറ്റിയും ഇ=എംസി സ്ക്വയർ (ദ്രവ്യമാന-ഊർജ്ജ സമത്വം) എന്ന ഐൻസ്റ്റൈൻ സിദ്ധാന്തത്തെപ്പറ്റിയുമൊക്കെ ശാസ്ത്ര ലോകത്തെ വെല്ലുവിളിക്കുന്ന മണ്ടത്തരങ്ങൾ വളരെ ആത്മവിശ്വാസത്തോടെ പറയുന്ന അദ്ദേഹത്തിൻ്റെ ടോക്ക് വീഡിയോകൾ സമൂഹ മാധ്യമങ്ങൾ ആഘോഷിക്കാറുള്ളതാണ്. ഇപ്പോഴിതാ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി അദ്ദേഹത്തെ ട്രോളി രംഗത്തു വന്നിരിക്കുകയാണ്.
ഷവോമിയുടെ റെഡ്മി വൈ3 മൊബൈൽ ഫോണിൻ്റെ പ്രചാരണാർത്ഥമാണ് പരസ്യം. ‘സെൽഫിയുടെ കെമിസ്ട്രിയുടെ ഫിസിക്സ്’ എന്ന നിത്യാനന്ദ ബാബ ആശയത്തിലൂന്നിയാണ് പരസ്യത്തിൻ്റെ മേക്കിംഗ്. ‘മി’ എന്നാൽ ഞാനാണെന്നും മി(ഷവോമി) യിൽ എടുക്കുന്ന സെൽഫി ‘മി’ തന്നെയാകുന്നു എന്നുമാണ് പരസ്യത്തിൽ പറയുന്നത്. സെൽഫി എന്താണെന്നും റെഡ്മി എന്താണെന്നുമുള്ള തൻ്റെ കണ്ടെത്തലുകളും സ്വാമി പങ്കു വെക്കുന്നു. ചുറ്റും പ്രസംഗം കേട്ട് കിളി പോയിരിക്കുന്ന കുറേ ഭക്തരെയും വീഡിയോയിൽ കാണാം. സെൽഫിയെപ്പറ്റിയുള്ള ശാസ്ത്രീയ തത്വങ്ങൾ പങ്കുവെച്ചതിനു ശേഷം ഫോണിലൊരു സെൽഫിയെടുക്കുന്ന സ്വാമിയുടെ ഷോട്ടിലാണ് പരസ്യം അവസാനിക്കുന്നത്.
‘ദിവാലി വിത്ത് എംഐ’ എന്ന ഹാഷ്ടാഗോടെയാണ് ഷവോമി തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പരസ്യം പങ്കുവെച്ചത്. അഭൂതപൂർവ്വമായ പ്രതികരണങ്ങളാണ് പരസ്യത്തിനു ലഭിക്കുന്നത്. നിരവധി ആളുകൾ വീഡിയോ പങ്കുവെയ്ക്കുന്നുണ്ട്.
Read more
32 എംപി സെൽഫി ക്യാമറയാണ് വൈ3യുടെ പ്രത്യേകത. 12+2 എംപി ഡ്യുവൽ ക്യാമറയാണ് പിന്നിലുള്ളത്. 8999 രൂപയ്ക്ക് വിപണിയിൽ അവതരിപ്പിച്ച ഈ മോഡലിന് ഇപ്പോൾ 1000 രൂപ കുറഞ്ഞിട്ടുണ്ട്. 4000 എംഎഎച്ച് ബാറ്ററി, ഡോട്ട് നോച്ച് ഡിസ്പ്ലേ തുടങ്ങിയ പ്രത്യേകതകളും ഫോണിനുണ്ട്.