കാന്തന്‍മാരോട് ആര്യപുത്രിമാര്‍ കാന്തല്ലൂരിന്റെ കാറ്റേറ്റ് കാതില്‍ പറയട്ടെ ഇത് നല്ല ഊരാണെന്ന്!

സിജി അനില്‍

മധുരമൂറും പഴങ്ങള്‍ വിളയുന്ന കാന്തല്ലൂര്‍. വനവാസകാലത്ത് ഒരു ദിവസം ഈ സ്ഥലത്ത് എത്തിയപ്പോള്‍ ഇത് നല്ല ഊര് ആണെന്ന് ശ്രീരാമനോട് സീതാദേവി പറഞ്ഞത്രേ. അങ്ങനെ കാന്തനോട് ചൊല്ലിയപ്പോള്‍ അത് കാന്തല്ലൂര്‍ ആയെന്ന് പഴമക്കാരുടെ കഥ. ഞാന്‍ ഓര്‍ക്കുകയായിരുന്നു അവിടെ ആ കാറ്റേറ്റ് നില്‍ക്കുമ്പോള്‍ ആരും പറഞ്ഞുപോകും ഇത് നല്ല ഊരെന്ന്. കഥകള്‍ അറിയാന്‍ ആഗ്രഹം കൂടി.

പടയോട്ട കാലത്ത് തമിഴ് ഗ്രാമങ്ങളില്‍ നിന്നു ജീവനുവേണ്ടി കാടും മേടും താണ്ടി എത്തിയ ഒരു കൂട്ടം മനുഷ്യര്‍. ആ യാത്രയില്‍ ജീവന്‍ അവശേഷിച്ചവര്‍ ജാതിയും മതവും വേണ്ടെന്ന് വച്ച് പുതിയ ജീവിതം ആരംഭിച്ചു. അങ്ങനെ അവര്‍ ഭൂമി വീതം വച്ച് അഞ്ചു നാടുകളില്‍ താമസം ആരംഭിച്ചു മറയൂര്‍, കാന്തല്ലുര്‍, കീഴാന്തൂര്‍, കാരയൂര്‍, കോട്ടക്കുടി തുടങ്ങിയവ പച്ചയായ മനുഷ്യര്‍ താമസിക്കുന്ന അഞ്ചുനാട്.അവിടെ എത്തുമ്പോള്‍ ആര്‍ക്കും തോന്നും സീതാദേവി പറഞ്ഞത് എത്ര ശരിയാണെന്ന്, കാരണം ഇന്ന് കാന്തല്ലൂര്‍ എന്ന സ്വപ്നഭൂമി നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു. ഉത്സവങ്ങളുടെ നാട്ടില്‍ ചെല്ലുമ്പോള്‍ കോവിക്കടവില്‍ ഉത്സവം നടക്കുകയാണ് . അവിടെ അത്രമാത്രം ആളുകള്‍ ഉണ്ടോ എന്ന് നമുക്ക് തോന്നും. ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു വിവിധ അമ്പലങ്ങളില്‍. എല്ലുമുറിയെ പണിയെടുത്ത് അമ്മന്‍ കുടം ആടി ചിരിതൂകി ജീവിതം ആഘോഷമാക്കുന്ന മനുഷ്യര്‍ ഏറ്റവും കൂടുതല്‍ അവിടെയാണ് കൂട്ടായ്മയിലൂടെ പുതിയ ലോകം സൃഷ്ടിക്കുന്നവര്‍.

ഇന്ന് ഇടുക്കിയുടെ പഴക്കൂട കാന്തല്ലൂരിന് മാത്രം സ്വന്തം. ആപ്പിളും ഓറഞ്ചും, സ്‌ട്രോബെറിയും പനിനീര്‍ ചാമ്പയും പേരക്കയും, പ്ലംസും ബ്ലാക്‌ബെറിയും തുടങ്ങിയവ കൃഷി ചെയ്യുന്ന നിരവധി സ്ഥലങ്ങള്‍. കാണുമ്പോഴും കഴിക്കുമ്പോളും തേനൂറുന്ന മധുരം മാത്രം. കിഴങ്ങും കാബേജും, കോളിഫ്‌ലവറും, മുരിങ്ങ ബീന്‍സും ബട്ടര്‍ ബീന്‍സും തുടങ്ങിയവ കൃഷിചെയ്യുന്നത് കാണാന്‍ എന്താ ചന്തം. ചുവപ്പുരാശിയില്‍ സ്‌ട്രോബെറി പാടങ്ങള്‍ കണ്ണെത്താ ദൂരം. വരണ്ടുപോയ പാടങ്ങള്‍ കുറേ തരിശായി കിടക്കുന്നു. എങ്കിലും അവരാല്‍ കഴിയുന്ന രീതിയില്‍ ഭൂമിയെ പച്ചപ്പണിയിച്ചും പൂക്കളാല്‍ മൂടിയും പച്ചക്കറിയുടെയും പഴങ്ങളുടെയും കരിമ്പിന്റെയും ഒക്കെ ഈറ്റില്ലം ആക്കി മാറ്റുന്നു . ചെണ്ടുമല്ലികള്‍ മഞ്ഞയും ഓറഞ്ചും പരവതാനി വിളിച്ചിരിക്കുന്നു. കൃഷിഭൂമിയില്‍ പനിനീര്‍ റോസും ഒട്ടും കുറവല്ല കാന്തനോട് സുന്ദരി മൊഴിഞ്ഞ ഊരിന്.

തായ്യന്നം കുടിയിലെ ചെറുധാന്യ കലവറ അത്ഭുതത്തോടെ മാത്രം കാണാന്‍ കഴിയുന്നവ. മില്ലറ്റ് കൃഷിയുടെ കേന്ദ്രം.അതിനാല്‍ ദേശിയ തലം വരെ ആദരിക്കപ്പെട്ടു അവര്‍. കാറ്റിനുപോലും കഥപറയാനുണ്ട് എന്ന് തോന്നുന്ന നിമിഷങ്ങള്‍. വനം വന്യജീവി വകുപ്പിന് കീഴില്‍ മുനിയറകളെ സംരക്ഷിക്കുന്നതും ആ പാറകെട്ടുകളില്‍ എല്ലായിടത്തും കാട്ടു ചെമ്പകം പൂത്തുനില്‍ക്കുന്നതും ഒക്കെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വശ്യത. മന്നവന്‍ ചോല നാഷണല്‍ പാര്‍ക്ക്, പട്ടിശ്ശേരി ഡാം അടക്കം എത്ര ഇടങ്ങള്‍ കാഴ്ചകള്‍ക്കായി. എതിരെ വന്ന കെ എസ് ആര്‍ ടി സി ബസിലെ തിരക്ക് കണ്ട് ഒരു ബസില്‍ ഇത്രയും ആള്‍ കയറുമോയെന്നു തോന്നിപോയി എല്ലായിടത്തും ഉത്സവം നടക്കുന്നത് കൊണ്ടാണ് അത്രയും തിരക്കെന്ന് പിന്നീട് മനസിലായി.

ശര്‍ക്കരയുടെ ഗന്ധം കാറ്റില്‍ അലിഞ്ഞു ചേര്‍ന്ന് നമ്മളിലേക്കെത്തുന്നു. ഒരു അട പ്രഥമന്‍ കുടിച്ച തോന്നല്‍ എന്ന് കൂടെയുള്ളവര്‍ പറയുമ്പോള്‍ അറിയാതെ ചിരിച്ചുപോയി കാരണം ഞാന്‍ മനസ്സില്‍ ഓര്‍ത്ത കാര്യം ആയിരുന്നു അത്. മറയൂര്‍ എന്ന സ്വപ്നഭൂമിയില്‍ മറഞ്ഞു താമസിച്ചത് ഭാഗ്യം എന്ന് കരുതിയിട്ടുണ്ടാവും പാണ്ഡവര്‍. രാത്രി അവിടെ നിന്നും തിരികേപോരുമ്പോള്‍ ആനയുണ്ടാവും എന്നു പറഞ്ഞെങ്കിലും കാണാന്‍ പറ്റുമോ എന്നു സംശയിച്ചു. കുറച്ചുദൂരം കഴിഞ്ഞപ്പോള്‍ വണ്ടിക്കുമുന്‍പില്‍ എത്തിയ ചെളിപ്പൂശിയ കാട്ടുകൊമ്പന്‍ ഒരു നിമിഷം റോഡില്‍ നിന്ന് പെട്ടെന്ന് കാട്ടിലേക്കുപോയി.

കേരളത്തിലെ ടൂറിസത്തിന്റെ അവസാന വാക്ക് കാന്തല്ലൂര്‍ എന്ന് പറയാന്‍ അധികനാള്‍ വേണ്ടിവരില്ല. അത്രമാത്രം വികസനങ്ങളുടെ കല്‍പടവുകള്‍ താണ്ടി കാന്തല്ലൂര്‍ നല്ല ഊരായി മാറിയിരിക്കുന്നു. നല്ല ഊരും നല്ല മനുഷ്യരും മനസ്സില്‍ ഇപ്പോഴും സ്വര്‍ണം പൂശി നില്‍ക്കുന്നു. അസ്തമയ സമയത്തെ സ്വര്‍ണ്ണകാറ്റേറ്റ് ആ കാഴ്ചകള്‍ കണ്ടത് കൊണ്ടാവാം അത്.

കാറ്റില്‍ പുല്‍തൈലത്തിന്റെ രൂക്ഷ ഗന്ധം മൂക്കില്‍ അടിച്ചു അപ്പോള്‍ ഞാന്‍ അറിയുകയും ഓര്‍ക്കുകയൂമായിരുന്നു മുടിപ്പാറയിലെ ആ പഴയ ഗന്ധം . ഒരര്‍ത്ഥത്തില്‍ കാന്തല്ലൂര്‍ എന്നെ ബാല്യത്തിലേക്കും കൊണ്ടുപോയി. എല്ലാ കാലങ്ങളിലും അവിടെയുള്ള കാന്തന്‍മാരോട് ആര്യപുത്രിമാര്‍ കാന്തല്ലൂരിന്റെ കാറ്റേറ്റ് കാതില്‍ പറയട്ടെ ഇത് നല്ല ഊരാണ് എന്ന്.