രാജേഷ് കെ.നാരായണന്
കാറിടിച്ചു മരിച്ചയാളുടെ പോക്കറ്റിലെ അഞ്ചു രൂപാ നോട്ടിനെ നോക്കുന്നവനെ
കുറിച്ച് എഴുതിയ അയ്യപ്പന്റെ കവിതയിലെ നിഷ്ഠൂര ചിഹ്നം കേരളത്തിന്റെ
ഇപ്പോഴത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ കൃത്യമായി
ഉദാഹരിക്കപ്പെടുകയാണ്. വഴിയോരത്തെ ബീവറേജിലേക്കും ലോട്ടറിക്കാരനിലേക്കും ഇടറി നീങ്ങുന്ന കേരളീയനിലാണ് സര്‍ക്കാരിന്റെ നോട്ടം ചെന്നെ്ത്തുന്നത്.
അബോധമുളള ഒരാള്‍ക്ക് ജീവിക്കാന്‍ കൊളളാവുന്നതല്ല ഈ ലോകം
എന്നറിയാവുന്നതു കൊണ്ടാണ് ഒരാള്‍ വൈകുന്നേരം മദ്യപിക്കാന്‍ പോകുന്നതെന്ന്
എഴുതിയത് പ്രൊഫ.എം.എന്‍ വിജയനാണ്. ബീവറേജിലെ ക്യൂവില്‍ നില്ക്കുന്നയൊരാള് കേരളം നിലനില്ക്കാന് വേണ്ടിയാണ് ഞാന്‍ കുടിക്കുന്നതെന്ന് അവകാശപ്പെട്ടാല്‍ നിഷേധിക്കാന്‍ കേരളത്തിലെ ഒരു പൗരനും സാധിക്കില്ല. കാരണം അയാള്‍ പണം മുടക്കുന്നത് കേരളസര്‍ക്കാരിന്റെ നൂറിരട്ടിയിയിലേറെ ലാഭമുളള സ്വന്തം ബിസിനസ്സിലാണ്.
ഡിസ്ററിലറിയില് നിന്ന് 40 രൂപക്ക് വാങ്ങുന്ന ഒരു ലിറ്റര്‍ മദ്യം ഉപഭോക്താവിലേക്കെത്തുമ്പോള്‍ 500 രൂപയിലേറെയാകുന്നു. നിലവിലെ മദ്യത്തിന്റെ നികുതി 212% ആണ്. കോവിഡ് പ്രതിസന്ധി കാരണമുളള വരുമാനക്കുറവ് നികത്താന്‍ മദ്യത്തിന്റെ നികുതി 10 മുതല്‍ 35 ശതമാനം വരെ കൂട്ടാന്‍ നികുതി വകുപ്പ് ശിപാര്‍ശ ചെയ്യുന്നു. വഴിനീളെ കാരുണ്യയും കേരളയും വില്ക്കുന്നവര്ക്കരികിലേക്ക് ഭാഗ്യദേവത മാടി വിളിച്ചെത്തിക്കുന്നതും കേരളത്തിന്റെ നിലനില്‍പ്പിന്റെ ധനതത്വശാസ്ത്രം. രണ്ട് പെഗ്ഗിന്റെ ലഹരിയും ലോട്ടറിയെന്ന ഭാഗ്യദേവതയുടെ ലഹരിയും മലയാളിയോളം മോന്തിയിട്ടുളളവര് ഈ ലോകത്ത് വേറെയാരും ഉണ്ടാകില്ല. കോവിഡ് 19 നല്കുന്ന തിരിച്ചറിവുകളില്‍ കേരളം തിരിച്ചറിയേണ്ടത് ഈ മദ്യത്തുകയും, ലോട്ടറിയെന്ന ചൂതാട്ടപ്പിരിവും കൊണ്ട് ഒരു നവകേരളം സൃഷ്ടിക്കാന്‍ നമുക്കാവുമോ എന്നതാണ്? മറ്റ് നികുതി വരുമാനങ്ങളില്‍ സംസ്ഥാനത്തിന്റെ ദൈനംദിന ചിലവുകള്‍ കടന്നു പോകും.
മദ്യത്തിന്റെ ഉപഭോഗം, ലോട്ടറിവില്‍പ്പന, ഇതു രണ്ടും കേരളത്തിന്റെ
വരുമാനസ്രോതസ്സിലെ പ്രധാന ഘടകങ്ങളാണ്.
1967- ലെ ഈ.എം എസ് മന്ത്രിസഭയിലെ ധനകാര്യമന്ത്രി ആയിരുന്ന പി.കെ. കുഞ്ഞുസാഹിബ് ആണ് ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ അധീനതയില്‍ ലോട്ടറി നടപ്പിലാക്കുന്നത്. പിന്നിട്ട 53 വര്‍ഷങ്ങളില്‍ കേരള ഖജനാവിലേക്ക് ഭാഗ്യദേവത ചൊരിഞ്ഞ പണമാണ് ഉദ്യോഗസ്ഥരുടെ പെന്‍ഷനും, ശമ്പളവും സംസ്ഥാന വളര്‍ച്ചയിലെ പ്രധാന മുതല്മുടക്കുമായത്. ലോട്ടറി ടിക്കറ്റ് വില്‍പ്പനയിലൂടെ 2018-2019 ലെ കേരളത്തിന്റെ വരുമാനം 9276 കോടി രൂപയാണ്. മദ്യത്തിന്റെ വരുമാനം2018-19 ല്‍ 14508 കോടിയാണ്. ഈ പണമാണ് കേരളത്തെ നിലനിര്‍ത്തുന്നതെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ ആര്‍ക്കാണ് കഴിയുക. കേരളത്തിന് ഈ വരുമാനത്തില്‍ എത്രനാള്‍ പിടിച്ചുനില്ക്കാനാവും, കോവിഡെന്ന കൊടുങ്കാറ്റില്‍ ലോകം കീഴ്മേല്‍ മറിഞ്ഞ ഈ കാലത്ത് മദ്യത്തിന്റെ നികുതിവര്ദ്ധയും ലോട്ടറിയുടെ വരുമാനവും മുന്നേപ്പോലെ ഫലിക്കുന്ന മരുന്നാകാനുളള അവസരം കുറവാണ്. മദ്യാസക്തിയെ തകര്‍ത്തതായിരുന്നു ഈ കോവിഡ് കാലത്തെ വീട്ടിലിരുപ്പ്. ജീവിതത്തെ ഭാസുരമാക്കാന്‍ എത്തുന്ന ലോട്ടറിയേക്കാള്‍ ജീവന് നിലനിര്‍ത്താനുളള മാസ്കിനോടായി ജനത്തിന്റെ താത്പര്യം എന്നത് ഒരു തമാശയല്ലെന്ന് ഉറപ്പു നല്‍കും ഇനി വരുന്ന ദിവസങ്ങളിലെ മദ്യ ലോട്ടറി വരുമാനം. ഈ സര്‍ക്കാരിന്റെ മുന്നിലെ അവശേഷിക്കുന്ന 365 ദിവസങ്ങളിലെ പ്രധാന മാര്‍ഗ്ഗതടസ്സവും ഇതുതന്നെയായിരിക്കും.
കേരളമെന്ന ഉപഭോക്തൃ സംസ്ഥാനം ഇനിയങ്ങോട്ട് വെയ്ക്കുന്ന കാല്‍വെയ്പിലാണ് മൂന്നര കോടി ജനങ്ങളുടെ ഭാവിയും ജീവിതവും. നവകേരളമെന്ന വാക്ക് ഇവിടെ പ്രസക്തമാകുമ്പോള്‍ തന്നെ നവോത്ഥാനകാലത്തെ കുറിച്ചു കൂടി അറിയേണ്ടതുണ്ട്. രാജാറാം മോഹന്‍ റോയ് എന്ന ഇന്ത്യയിലെ ആദ്യ നവോത്ഥാന നായകനിലൂന്നിയാണ് ഇന്ത്യയില്‍ ഈ പുതുചിന്ത ഉടലെടുക്കുന്നത്. റോയിയും കേശവചന്ദ്രസേനനും ഈശ്വരചന്ദ്ര വിദ്യാസാഗറും പരമഹംസനും വിവേകാനന്ദനും ദയാനന്ദസരസ്വതിയും മറ്റും ശ്രമിച്ചിട്ടും നവോത്ഥാനമെന്ന പൂക്കാലം ഉത്തരേന്ത്യയില്‍ വിരിഞ്ഞില്ല. കേരളത്തിന്റെ ഈ രംഗത്തുളള വിജയമാണ് ഇന്നത്തെ കേരളം. അയ്യാ വൈകുണ്ഠസ്വാമികള്‍ തിരി കൊളുത്തിയ കേരളനവോത്ഥാനം ചട്ടമ്പി സ്വാമികളിലൂടെ, ശ്രീ നാരായണഗുരുവിലൂടെ, വളര്‍ന്നു വികസിച്ചു. ഡോക്ടര്‍ പല്പു,
അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്, സഹോദരന് അയ്യപ്പന്, ടി.കെ. മാധവന്,
പൊയ്കയില്‍ അപ്പച്ചന്, വാഗ് ഭടാനന്ദന്‍, ബ്രഹ്മാനന്ദ ശിവയോഗി, വി,ടി.
ഭട്ടതിരിപ്പാട്, കേളപ്പന്, മുഹമ്മദ് അബ്ദുറഹിമാന്, എ.കെ.ജി…..ഇങ്ങനെ
ആ രംഗത്തേക്ക് വന്നത് ഒരു നീണ്ട നിരയാണ്. ജാതിവ്യവസ്ഥകളോടും മുതലാളിത്ത ശക്തികളോടും നടത്തിയ യുദ്ധങ്ങള്‍ കടന്ന്, കേരളമിന്ന് എത്തിനില്‍ക്കുന്നത് പ്രകൃതി ദുരന്തങ്ങളിലും രോഗഭീതിയുടെ മരണകാലത്തുമാണ്.
മൂന്നര കോടി ജനങ്ങളെ കൈ പിടിച്ചു നടത്താന്‍ കഴിയുമോ എന്ന ചോദ്യമാണ് പിണറായി വിജയന് എന്ന ഇടതു സമരനായകന് നേരിടുന്നത്. കേരള മുഖ്യമന്ത്രി എന്ന പദവിയില്‍ നിന്ന് നവോത്ഥാന നായകനിരയിലേക്കുളള സ്ഥാനക്കയറ്റം കൂടിയാകും അദ്ദേഹത്തിനിത്. വിജയകരമായി മുന്നേറിയാല്‍ ,”” കനല് ഒരു തരി മതി “”യെന്ന വാചകം ഇന്ത്യയില്‍ പടരുക തന്നെ ചെയ്യും എന്നതില്‍ സംശയമില്ല. “പക്ഷേ” എന്ന ആശങ്കയുടെ വാക്കിന് ഒരുപാടു ദൂരം മൗനങ്ങളുണ്ട്. ഇന്നിലേക്ക് വന്നാല്‍, സാമ്പത്തിക ഞെരുക്കത്തിന്റെ കഥകളും കേന്ദ്രമെന്ന കാരണവര്‍ പണം തരുന്നില്ലെന്ന പതംപറച്ചിലും കൊണ്ട് ഒരു ധനകാര്യമന്ത്രിക്ക് എത്ര നാള് കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ പിടിച്ചു നില്ക്കാനാവും. സമീപനങ്ങളിലെ മാറ്റം നിലപാടുകളിലെ വ്യതിചലനം കാഴ്ചപ്പാടുകളിലെ പുനര്‍ചിന്തനം ഇടതുസര്‍ക്കാരിന്റെ മുന്നില്‍ അവശേഷിക്കുന്നത് ഇതു മാത്രമാണ്. ഇനി കേരളത്തിന്റെ നയമാകേണ്ടത്, ചെലവ് ചുരുക്കലല്ല വരവ് വര്‍ദ്ധിപ്പിക്കലാണ്. പോക്കറ്റ് നിറയെ പണം വാങ്ങി ശീലിച്ച പെന്ഷനേഴ്സിനോടും, മടിശ്ശീല നിറയെ പണവുമായി എല്ലാ മാസാവസാനവും ട്രഷറിയും ഓഫീസും വിട്ടിറങ്ങി ശീലിച്ച ഉദ്യോഗസ്ഥ സമൂഹത്തിനോടും എന്ത് ദാരിദ്ര്യകഥ പറഞ്ഞ് തൃപ്തരാക്കാനാവും. ദരിദ്ര വീട്ടിലെ ഇരിക്കാത്ത പുളിച്ചക്ക പോലെ കേരളത്തിലെ സമ്പദ് വ്യവസ്ഥ ശുഷ്കമാണ്. ടൂറിസമെന്ന ധനാഗമമാര്‍ഗ്ഗം അടുത്തൊന്നും കണ്‍തുറക്കാന്‍ പോകുന്നില്ല. എന്‍.ആര് .ഐ അക്കൗണ്ടുകളില്‍ വെയ്ക്കുന്ന കണ്ണ് ഇനി പിന്‍വലിക്കുന്നതാണ് നല്ലത് ഇനിയെന്ത്..? എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ കേരളമാകെ മുന്നോട്ട് വരേണ്ടിയിരിക്കുന്നു.
കാര്‍ഷികവൃത്തിക്ക് ഇടം തേടുക, വ്യവസായശാലകള്‍ക്ക് ഇടം കണ്ടെത്തുക, തുടങ്ങിയ സമീപനങ്ങളില്‍ പുതുമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. കെട്ടിട നിര്‍മ്മിതികള്‍ക്ക് മാത്രമായി കേരളത്തിലെ ഭൂവിനിയോഗം മാറിയെന്ന ദുരവസ്ഥയ്ക്ക് മാറ്റം വരണം. പൗരനെ പിഴിഞ്ഞ് ഭരണം മുന്നോട്ട് കൊണ്ടു പോയിരുന്ന മാറി മാറി വന്ന ഭരണകര്‍ത്താക്കളുടെ കാലം അവസാനിക്കുകയാണ്
തുടര്‍ ഭരണമെന്ന അജണ്ടയില്‍ ഇടതുഭരണം വിജയിക്കുമെന്ന കാര്യത്തില്‍
വലതുപക്ഷത്തിനു പോലും സംശയമില്ലെന്നിരിക്കെ, തുടര്‍ഭരണത്തിന്റെ ഔദ്യോഗിക അംഗീകാരത്തിനു മുമ്പേ ഈ സര്‍ക്കാര്‍ കണ്ടെത്തേണ്ടതും കേരളത്തിന്റെ ഉപജീവനമാര്‍ഗ്ഗമാണ്. ഇടതുഭരണത്തിന്റെ തലക്കു മുകളില്‍ തൂങ്ങാന്‍ ഇനിയൊരു വാള് വരാനില്ലെന്നിരിക്കെ വിക്രമാദിത്യന്റെ തോളിലെ വേതാളമാകും, സര്‍ക്കാരും കേരളവും.
Read more
കൃത്യമായ ആസൂത്രണമില്ലായ്മയാണ് കേരളത്തിന്റെ വികസനത്തിന്
തടസ്സമാകുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധരും സാമൂഹികശാസ്ത്രജ്ഞരും
ചൂണ്ടികാണിച്ചപ്പോഴൊക്കെ ഊഴമിട്ടു വരുന്ന ഭരണമാറ്റങ്ങളുടെ പേരില്‍
രാഷ്ട്രീയക്കാര്‍ രക്ഷാകവചം തീര്‍ത്തെങ്കില്‍, ഇനിയങ്ങോട്ട് ആ നിലയ്ക്ക്
മാറ്റം വരും. തുടര്‍ഭരണം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിമധുരത്തിന്റെ ആസ്വാദ്യത ഉണ്ടാകില്ലെന്നത് വസ്തുത. ഇതിനെ എങ്ങനെ അതിജീവിക്കും? ഈ കോവിഡ് കാലത്ത് വാഴക്കുളത്ത് ചീഞ്ഞു പോയ പൈനാപ്പിളിനും, വടക്കന്‍ കേരളത്തില്‍ ഒഴുക്കി കളഞ്ഞ പാലിനും എന്ത് പരിഹാരമാണ് മുന്നോട്ട് വെയ്ക്കുക വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനമെന്ന മധുരവാക്ക് ഒരു തമാശയാണ് കേരള ജനതക്ക്. ആന്തൂരിലെ സാജന് പാറയില്‍ എന്ന പ്രവാസി ബിസിനസ്സുകാരന്റെ ആത്മഹത്യ പെട്ടെന്ന് മറക്കാവുന്ന ദുഃസ്വപ്നമല്ലല്ലോ.
ആരോഗ്യരംഗത്ത് കേരളം ലോകത്തിന് മാതൃകയാവുമെന്ന് സ്ഥാപിക്കുമ്പോള്‍ തന്നെ വരും നാളുകളില്‍ ഈ നില നിലനിര്‍ത്താന്‍ നടത്തേണ്ട അതിജീവനശ്രമങ്ങള്‍ എങ്ങനെയെല്ലാം ആയിരിക്കണം എന്നതു തന്നെയാണ് ഈ കോവിഡ് കാലത്തെക്കാള്‍ വലിയ പ്രതിസന്ധിയെന്നതാണ് യാഥാര്‍ത്ഥ്യം. മദ്യത്തിന്റെയും ലോട്ടറിയുടെയും വില വര്‍ദ്ധിപ്പിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞ് പുതുവഴി കണ്ടെത്തുമെന്ന് തന്നെ കരുതാം. അങ്ങനെയൊരു കണ്ടെത്തല്‍ ഉണ്ടായില്ലെങ്കില്‍ തുടര്‍ഭരണത്തിന്റെ വഴികള്‍ കല്ലും മുളളും നിറഞ്ഞ കാനനപാത പോലെ കഠിനവുമായിരിക്കും.