ഭക്തരില്‍ നിന്ന് ഈടാക്കിയ ജിഎസ്ടി ട്രഷറിയില്‍ അടക്കാതെ തട്ടിപ്പ്; ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം

ഭക്തരില്‍ നിന്ന് ഈടാക്കിയ ജിഎസ്ടി ട്രഷറിയില്‍ അടക്കാത്തതിനെ തുടര്‍ന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം. ജി എസ് ടി കൃത്മായി അടക്കുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചരക്ക് സേവന നികുതി (ജി എസ് ടി) ഇന്റലിജന്‍സ് ഡയറക്ടറേറ്റാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 2017 മുതല്‍ 2023 മുതല്‍ ജിഎസ്ടി അടച്ചിട്ടില്ലെന്ന് നോട്ടീസില്‍ പറയുന്നു. പൂജയും അനുബന്ധ കാര്യങ്ങളും ജിഎസ്ടിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റ് വരുമാന മാര്‍ഗങ്ങള്‍ ക്ഷേത്ര ഭരണ സമിതിക്കുണ്ടെന്നാണ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍.

ക്ഷേത്രത്തില്‍ എത്തിയ ഭക്തരില്‍ നിന്ന് ജി എസ് ടി ഈടാക്കിയെങ്കിലും ഭരണസമിതി ഇത് ട്രഷറിയില്‍ അടച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം വകുപ്പില്‍ നിന്ന് ക്ഷേത്രത്തിന് ലഭിച്ച 63 കോടിയിലും പരിശോധന നടക്കുന്നുണ്ടെന്നും നോട്ടീസില്‍ പറയുന്നു.

ജിഎസ്ടി നിലവില്‍ വന്നിട്ടും ഇതുവരെയും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണ സമിതി ജിഎസ്ടി നല്‍കിയിട്ടില്ലെന്ന ചരക്ക് സേവന നികുതി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് പറയുന്നു. ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഭരണ സമിതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അന്വേഷണം.