ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടിയിരുന്നില്ല; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എമ്മിന് എതിരെ വി.ടി ബൽറാം

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ക്സിൽ പ്രതികളെ സിപിഐഎം പുറത്താക്കുമെന്ന് സൂചനയെന്ന വാർത്തയ്ക്ക് പിന്നാലെ പാർട്ടിക്കെതിരെ വി.ടി ബൽറാം.

ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടിയിരുന്നില്ലെന്ന് വി.ടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ബിജു കരീമിനേയും സുനിൽ കുമാറിനേയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനമായതായി സൂചനയെന്ന 24 ന്യൂസിന്റെ വാർത്ത ഷെയർ ചെയ്ത് കൊണ്ടാണ് വി.ടി ബൽറാമിന്റെ വിമർശനം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് വച്ച ഫ്ലെക്സിനെ ട്രോളി വി.ടി. ബൽറാമിൻറെ ” പച്ചരി വിജയൻ ” പരാമർശം വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഹാസം.

അതേസമയം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രമ്യ ഹരിദാസ് എം.പിയും വി.ടി ബൽറാവും കോൺ​ഗ്രസ് പ്രവർത്തകരും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംവഭവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്.

പാലക്കാട്ടെ നഗരത്തിലുള്ള ഒരു റസ്റ്റോറന്റിലാണ് രമ്യ ഹരിദാസ് എംപിയും, വി.ടി ബൽറാമും റിയാസ് മുക്കോളിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കാൻ എത്തിയത്.

ഭക്ഷണം കഴിക്കാനെത്തിയ കോൺ​ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. വീഡിയോ എടുത്തയാളോട് യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ക്ഷോഭിക്കുന്നതിൻ്റെ ദ്യശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

എന്നാൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മഴ ആയതിനാലാണ് അകത്ത് കയറി ഇരുന്നതെന്നും രമ്യ ഹരിദാസ് വിശദീകരിച്ചു.

Read more

പാഴ്സൽ പറഞ്ഞ സമയത്താണ് വീഡിയോ എടുത്ത പയ്യൻ വരുന്നതെന്നും വളരെ മോശം രീതിയിലുള്ള പെരുമാറ്റം ഉണ്ടായതോടെയാണ് കയ്യേറ്റമുണ്ടായതെന്നും എം.പി കൂട്ടിചേർത്തു.