'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'

പാര്‍ലമെന്റില്‍ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി ബില്ലിനെ നേരിടാന്‍ തീരുമാനമെടുത്തിരുന്നു. വഖഫ് നിയമം അടിച്ചേല്‍പ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതിപക്ഷത്തിന്റെ പ്രത്യാക്രമണത്തിന് മന്ത്രി കിരണ്‍ റിജിജു ബില്‍ അവതരിപ്പിക്കും മുമ്പേ തുടക്കമിട്ടു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്ന് ആവശ്യവും കെ സി വേണുഗോപാല്‍ ആദ്യം തന്നെ ഉന്നയിച്ചു. പിന്നാലെ റൂള്‍ ബുക്കുമായി ബില്ല് അവതരണത്തില്‍ ക്രമപ്രശ്‌നം ഉന്നയിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ രംഗത്തെത്തി. ഇവരെ ഖണ്ഡിക്കാന്‍ അമിത് ഷാ ഇറങ്ങിയതോടെ പ്രതിപക്ഷ ബെഞ്ചില്‍ പ്രതിഷേധ സ്വരം ഉയര്‍ന്നു. യഥാര്‍ത്ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞതോടെ പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്ന മറുപടിയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയത്.

ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെ പലപ്പോഴും പ്രതിപക്ഷം ചോദ്യങ്ങള്‍ ചോദിച്ച് ഭരണപക്ഷത്തെ ബുദ്ധിമുട്ടിച്ചു. സ്പീക്കര്‍ ഓം ബിര്‍ലയാകട്ടെ പ്രതിപക്ഷത്തെ പലകുറി താക്കീത് ചെയ്തു ഇടപെടലുകളില്‍ കൈകടത്തി. വഖഫ് നിയമ ഭേദഗതി ബില്‍ അവതരണത്തിനിടെ ഭരണപക്ഷത്ത് നിന്നും എത്ര പ്രകോപനം ഉണ്ടായാലും സഭ വിടരുതെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് എട്ട് മണിക്കൂര്‍ ചര്‍ച്ചയിലേക്ക് ഇന്ത്യ സഖ്യം എത്തിയത്. അത് വ്യക്തമാക്കുന്നുണ്ടായിരുന്നു മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച. ചര്‍ച്ചയില്‍ പൂര്‍ണമായി പങ്കെടുത്ത് എതിര്‍ത്ത് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമായതിന് പിന്നാലെയാണ് എംപിമാര്‍ പാര്‍ലമെന്റില്‍ എത്തിയത്. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയമായിട്ടും സിപിഎം തങ്ങളുടെ എംപിമാരെ പ്രത്യേക നിര്‍ദേശം പ്രകാരം പാര്‍ലമെന്റിലേക്ക് അയച്ചു. എന്തു പ്രകോപനമുണ്ടായാലും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുകയോ മാറിനില്‍ക്കുകയോ ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചു നിന്ന് ബില്ലിനെ പരാജയപ്പെടുത്താനായി സഭയിലെത്തിയത്.