ഐപിഎലില്‍ അഞ്ച് കീരിടങ്ങള്‍ നേടി മുംബൈ ഇന്ത്യന്‍സിനൊപ്പം ഒപ്പത്തിനൊപ്പമെത്തിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്കുകീഴില്‍ അവര്‍ നിരവധി സീസണുകളില്‍ ടൂര്‍ണമെന്റിലൂടനീളം മേധാവിത്വം പുലര്‍ത്തി. ഒരുകാലത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് പല ടീമുകള്‍ക്കും വലിയ തിരിച്ചടികള്‍ നല്‍കിയിരുന്നു. ചെന്നൈക്കായി കളിച്ച ലോകോത്തര താരങ്ങളും നിരവധിയാണ്. ഈ സീസണില്‍ റിതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ നാല് മത്സരങ്ങള്‍ കളിച്ചതില്‍ ഒറ്റ കളി മാത്രമാണ് ചെന്നൈക്ക് ജയിക്കാനായത്. അതേസമയം ഗുജറാത്ത്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോസ്റ്റ് മാച്ച് ഡിസ്‌കഷനിടെ വെസ്റ്റ്ഇന്‍ഡീസ് മുന്‍ താരവും കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പ് ചെന്നൈയുടെ മുന്‍താരങ്ങളെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമായിരുന്നു.
മുന്‍ താരം അമ്പാട്ടി റായിഡുവിനെ മുന്നില്‍ ഇരുത്തികൊണ്ടാണ് ചെന്നൈയുടെ മുന്‍താരങ്ങളെ കുറിച്ച് ഇയാന്‍ ബിഷപ്പ് രസകരമായി സംസാരിച്ചത്. “ദ സിഎസ്‌കെ ഗയ്‌സ്, അല്ലെ?, അമ്പാട്ടി റായുഡു, മാത്യു ഹെയ്ഡന്‍, ഷെയ്ന്‍ വാട്‌സണ്‍ തുടങ്ങിയവരെല്ലാം പ്രോ സിഎസ്‌കെ പ്ലെയേഴ്‌സാണ്. സിഎസ്‌കെ അല്ലെന്ന് സമ്മതിക്കുന്നതിന് മുന്‍പ് സിഎസ്‌കെ മുറി വിട്ടുപോകണം. വിജയം കാണുമ്പോള്‍ ശക്തമായ ഒരു ബന്ധം ഉള്ളതിന്റെ കാരണം എനിക്ക് മനസിലായി. അത് ഒരിക്കലും മുറിക്കാന്‍ കഴിയാത്ത പൊക്കിള്‍ക്കൊടി പോലെയാണ്, ഇയാന്‍ ബിഷപ്പ് പറഞ്ഞു.
ഇതിന് മറുപടിയായി ഞാന്‍ ഉദ്ദേശിക്കുന്നത്, ക്ഷമാപണമില്ലാതെ ഞങ്ങള്‍ അങ്ങനെയാണ്, എന്നായിരുന്നു റായിഡുവിന്റെ മറുപടി. നിലവില്‍ ഐപിഎല്‍ 2025ലെ കമന്ററി പാനലില്‍ അംഗങ്ങളാണ് ചെന്നൈയുടെ മുന്‍താരങ്ങളായ റായുഡുവും ഹെയ്ഡനും വാട്‌സണുമൊക്കെ,. 2018 മുതല്‍ 2023 വരെയുളള സീസണുകളിലാണ് അമ്പാട്ടി റായുഡു ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനായി കളിച്ചത്.