കരണ്‍ ഥാപറിന്റെ മുന്നിലെ 3 മിനിട്ടും ലെക്‌സ് ഫ്രിഡ്മാന് മുന്നിലെ 3 മണിക്കൂറും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാനുമൊത്തുള്ള പോഡ്കാസ്റ്റാണ് ഇപ്പോള്‍ ട്രെന്‍ഡിങ് ചര്‍ച്ചാ വിഷയം. നീണ്ട മൂന്ന് മണിക്കൂറാണ് അമേരിക്കന്‍ പോഡ്കാസ്റ്ററുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുന്നുകൊടുത്തത്. വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താന്‍ മടിയുള്ള രാജ്യത്തിന്റെ പ്രധാനമന്ത്രി, അക്ഷയ് കുമാറിനെ പോലുള്ള സെലിബ്രിറ്റികള്‍ക്കും നവഭാരതത്തില്‍ കോള്‍മയിര്‍ കൊള്ളുന്ന നവിക കുമാര്‍മാര്‍ക്കുമൊക്കെയെ ഇന്ന് വരെ അഭിമുഖം നല്‍കിയിട്ടുള്ളു. അതും മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും മാങ്ങയുടെ സ്വാദും പഴയ വീരഗാഥകളുമെല്ലാമായി. രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പത്രപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇരുന്നുകൊടുക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടേ ഇല്ല. പ്രസംഗങ്ങളും മന്‍കിബാത്തുമെല്ലാമായി ഒറ്റയ്ക്ക് ചോദ്യമുയരാത്ത വേദികളിലാണ് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യാറ്. ഒരു ആവേശക്കൂട്ടത്തിന് മുന്നില്‍ ചോദ്യങ്ങളുയരാത്ത ആള്‍ക്കൂട്ട അണികള്‍ക്ക് മുന്നിലെ മോണോലോഗാണ് മോദിയുടെ രീതി. അല്ലാത്ത ഇടത്ത് 2007ലെ കരണ്‍ ഥാപറിന്റെ ചോദ്യമുനകള്‍ക്ക് മുന്നില്‍ വെള്ളം കുടിച്ച് ഇറങ്ങിപ്പോയ ഗുജറാത്ത് മുഖ്യമന്ത്രിയുടെ 3 മിനിട്ടിന് പ്രധാനമന്ത്രി പദത്തിലെത്തിയിട്ടും മാറ്റമുണ്ടായിട്ടില്ല.