75 തികഞ്ഞ മുസ്‌ളിം ലീഗിന്റെ സാമൂഹിക രാഷ്ട്രീയ പ്രസക്തി

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളിം ലീഗിന് 75 വയസു തികയുകയാണ്. 1948 മാര്‍ച്ച് 10 ന് ചെന്നൈയിലെ രാജാജി ഹാളിലാണ് ചെന്നൈ സ്വദേശിയായ മുഹമ്മദ് ഇസ്മായില്‍ സേഠ് അദ്ധ്യക്ഷനായും , വിജയവാഡയില്‍ നിന്നുള്ള മെഹബൂബ് അലി ബേയ്ഗ് ജനറല്‍ സെക്രട്ടറിയായും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളിം ലീഗ് അഥവാ ഐ യു എം എല്‍ പിറന്ന് വീണത്. പി കെ പോക്കര്‍ ബാഹിബ്, ബാഫഖി തങ്ങള്‍, സീതി സാഹിബ് തുടങ്ങിയ കേരള നേതാക്കളും ബോംബൈ സ്വദേശിയായ ഹസനലി പി ഇബ്രാഹിം തുടങ്ങിയവരുമടക്കം 51 പേരാണ് ഐ യു എം എല്‍ രൂപീകരണത്തിനായി രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള , ബ്രിട്ടീഷ് കാര്‍ നിര്‍മ്മിച്ച, പിന്നീട് രാജാജി ഹാള്‍ എന്ന് അറിയപ്പെട്ട പഴയ ബാങ്ക്വറ്റ് ഹാളില്‍ അന്ന് ഒത്തു ചേര്‍ന്നത്.

ഇന്ത്യവിഭജനത്തിന്റെ കണ്ണീര്‍ച്ചാലുകളും രക്തപ്പുഴകളും അപ്പോഴും ഉണങ്ങിയിട്ടില്ലായിരുന്നു. ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാരായ ആള്‍ ഇന്ത്യ മുസ്‌ളിം ലീഗിന്റെ പിന്‍ഗാമിയായിട്ടാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളിം ലീഗിനെ അതിന്റെ രൂപീകരണവേളയില്‍ അന്നത്തെ ദേശീയ നേതൃത്വം കണ്ടത്. അവശിഷ്ട ലീഗ് പിരിച്ചുവിടാനുള്ള സമ്മേളനമാണെന്ന് കരുതിയാണ് രാജാജി ഹാള്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം അനുവദിച്ചത് പോലുമെന്നാണ് പറയുന്നത്.

മുഹമ്മദാലി ജിന്ന നേതൃത്വം നല്‍കിയ ആള്‍ ഇന്ത്യാ മുസ്‌ളിം ലിഗിന്റെ പ്രധാന ആവശ്യമായിരുന്നു. ഇന്ത്യാ വിഭജനം. മുസ്‌ളീം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ന്ന് ഒരു പുതിയ രാഷ്ട്രം എന്നതായിരുന്നു ജിന്നയുടെ ആവശ്യം. 1940 ലെ മുസ്‌ളീം ലീഗിന്റെ ലാഹോര്‍ പ്രമേയത്തിലാണ് പാക്കസ്ഥാന്‍ യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് ആള്‍ ഇന്ത്യ മുസ്‌ളീം ലീഗിന്റെയുആദ്യത്തെയും അവസാനത്തെയും ലക്ഷ്യമെന്ന് ജിന്ന പ്രഖ്യാപിച്ചത് .ഗാന്ധിജിയും കോണ്‍ഗ്രസും ഇതിനെ നഖശിഖാന്തം എതിര്‍ത്തു. എന്നാല്‍ കരുത്തനായ മുഹമ്മദലി ജിന്നയുടെ കടുംപിടുത്തത്തിന് മു്ന്നില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് വഴങ്ങേണ്ടി വന്നു. ഖയിദെ അസം അഥവാ മഹനായ നേതാവ് എന്നാണ് മുഹമ്മദാലി ജിന്നയെ അനുയായികള്‍ വിളിച്ചിരുന്നത്്. പാക്കിസ്ഥാന്‍ എന്നത് തന്റെ ജീവിത കാലത്ത് തന്നെ യഥാര്‍ത്ഥ്യമാകണമെന്നാഗ്രഹിച്ചയാളാണ് മുഹമ്മദാലി ജിന്ന. അത് അദ്ദേഹം നേടുകയും ചെയ്തു. അവസാനം 1947 ഓഗസ്റ്റില്‍ ഡൽഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയും ഔദ്യോഗികമായി വിഭജനത്തിന് അംഗീകാരം നല്‍കി.

വിഭജനാനന്തരം പാകിസ്ഥാന്റെ ആദ്യ പ്രസിഡന്റായതിന് ശേഷം ആള്‍ ഇന്ത്യ മുസ്‌ളീം ലീഗ് പിരിച്ചുവിടാനാണ് മുഹമ്മദാലി ജിന്ന ആഗ്രഹിച്ചത്. കറാച്ചിയില്‍ കൂടിയ അവസാന യോഗത്തിലും ജിന്ന ഈ ആവിശ്യമുന്നയിച്ചു. അതോടൊപ്പം വേണമെങ്കില്‍ പാര്‍ട്ടിയെ നിലനിര്‍ത്താന്‍ ഇന്ത്യയിലും പാകിസ്ഥാനിലും ഒരോ കണ്‍വീനര്‍മാരെ നിയോഗിക്കുകയും ചെയ്തു. അതില്‍ ഇന്ത്യയിലെ കണ്‍വീനറായി നിയമതിനായത് തിരുനെല്‍വേലി സ്വദേശി മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 1948 മാര്‍ച്ച് 10ന് രാജാജി ഹാളില്‍ ഐതിഹാസികമായ യോഗം ചേര്‍ന്നതും അവിടെ മുസ്‌ളീം ലീഗ് പിറന്നു വീണതും. പിന്നീട് 73 ല്‍ മരിക്കുന്നത് വരെ അദ്ദേഹം തന്നെയായിരുന്നു ലീഗിന്റ അഖിലേന്ത്യാ അധ്യക്ഷനും.

എന്താണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗ് എന്ന പാര്‍ട്ടിയുടെ ചരിത്രപരമായ പ്രസക്തി? കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് നാന്ദികുറിക്കാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗ് എന്ന പാര്‍ട്ടിക്ക് കഴിഞ്ഞു. മലബാര്‍ കേരളത്തിന്റെ ഭാഗമായതോടെ കേരളത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ മുസ്‌ളീം ലീഗ് എന്ന പാര്‍ട്ട് ആര്‍ക്കും അവഗണിക്കാനാകാത്ത ശക്തിയായി മാറി.

1967 ലെ ഇ എം എസിന്റെ സപ്തകക്ഷി മുന്നണിയില്‍ അംഗമായതോടെയാണ് മുസ്‌ളീം ലീഗ് കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ സാന്നിധ്യമായി മാറിയത്. അങ്ങിനെ ആദ്യമായി ലീഗിന് കേരളത്തില്‍ രണ്ടുമന്ത്രിമാരെ കിട്ടി. സി എച്ച് മുഹമ്മദ്‌കോയയും, എ പി എം അഹമ്മദ് കുരിക്കളും. മലപ്പുറം ജില്ലാ രൂപീകരണമായിരുന്നു ഇ എം എസിന് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ കൊടുക്കുന്നതില്‍ ലീഗ് മു്‌ന്നോട്ട് വച്ച പ്രധാന ഉപാധി. ഇ എം എസ് അതംഗീകരിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗ് എന്ന പാര്‍ട്ടിയെ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ ഭൂമികയില്‍ വലിയൊരു ശക്തിയാക്കിമാറ്റിയത് മലപ്പുറം ജില്ലാ രൂപീകരണമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ തനിച്ച് പത്തിനടുത്ത് നിയമസഭാ സീറ്റുകള്‍ നേടാന്‍ ലീഗിനെ പ്രാപ്തമാക്കിയത് മലപ്പുറം ജില്ലാ രൂപീകരണമായിരുന്നു. 1979 ല്‍ ഇന്ത്യക്ക് തന്നെ അത്ഭുതമായി മുസ്‌ളീം ലീഗിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഒരു മന്ത്രിസഭയുണ്ടാവുകയും ചെയ്തു. സി എച്ച് മുഹമ്മദ് കോയ കേരളത്തിന്റെ ആദ്യ മുസ്‌ളീം മുഖ്യമന്ത്രിയായി മാറി.

സി പിഎം കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കരുത്തരായ, കേഡര്‍ സ്വഭാവമുള്ള അണികള്‍ ഉള്ളത് മുസ്‌ളീം ലീഗിനാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ യു ഡി എഫ് രാഷ്ട്രീയത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത്് മുസ്‌ളീം ലീഗ് തന്നെയാണ്. മികച്ച നേതാക്കളെ മന്ത്രിമാരായും നിയസമഭാ സാമാജികരായും കേരളത്തിന് നല്‍കാന്‍ ആ പാര്‍ട്ടിക്ക് കഴിഞ്ഞു. 1967 ലെ മന്ത്രിസഭയുടെ കാലത്താണ് ലീഗിന്റ ശക്തമായ ഇടപടെലിലൂടെ കാലിക്കറ്റ് സര്‍വ്വകലാശാല രൂപീകരണവും നടക്കുന്നത്. ഇത് മലബാര്‍ പ്രദേശത്ത് വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി.

കേരളത്തിലെ മുസ്‌ളീം സമൂഹത്തിന് വലിയ ആത്മവിശ്വാസം നല്‍കാന്‍ മുസ്‌ളീം ലീഗിന്റെ രാഷ്ട്രീയ ഇടപടെലുകള്‍കൊണ്ടായി എന്നതാണ് യഥാര്‍ത്ഥ്യം. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും പ്രബുദ്ധമായ സമൂഹമാണ് ഇന്ന് കേരളത്തിലെ മുസ്‌ളീങ്ങള്‍. അവരെ അങ്ങിനെ രൂപപ്പെടുത്തിയെടുത്തതില്‍ മുസ്‌ളീം ലീഗിനുള്ള പങ്ക് ചെറുതല്ല. ഗള്‍ഫ് ബൂമിനെതുടര്‍ന്നുണ്ടായ സാമ്പത്തിക ഭദ്രതയൊക്ക ഒരു ഭാഗത്ത് നില്‍ക്കുമ്പോഴും കേരളാമുസ്‌ളീങ്ങളെ ലോകത്ത് ഏറ്റവും ആത്മാഭിമാനം ഉള്ള മനുഷ്യസമൂഹമായി മാറ്റാന്‍ ലീഗിന്റെ സാമൂഹ്യരാഷ്ട്രീയ ഇടപടെലുകള്‍ കൊണ്ടുസാധിച്ചുവെന്നത് നിസ്തര്‍ക്കമാണ്. ഇന്ന് മലപ്പുറം ജില്ലയും മലബാറും ഇന്ത്യയിലെ ഏറ്റവും വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളാണ്. കേരളത്തിലെ മുസ്ലീം പെണ്‍കുട്ടികള്‍ അക്കാദമിക രംഗത്ത് നേടിയ വലിയ നേട്ടങ്ങള്‍ക്ക് പിന്നിലും മുസ്‌ളീം ലീഗിന്റെ വിവിധ മന്ത്രിസഭകളിലെ പങ്കാളിത്തമുണ്ട്. ഒരിക്കല്‍ കേരളത്തിലെ ഏറ്റവും പിന്നോക്ക പ്രദേശമായിരുന്ന മലപ്പുറത്താണ് മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ ഇന്ന് കേരളത്തില്‍ ഏറ്റവുമധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ മുസ്ലീം ജനവിഭാഗത്തിനിടയില്‍ തീവ്രവാദ സംഘടനകള്‍ വേരുപിടിക്കാത്തതിന് പിന്നിലും ലീഗിന് ആ സമൂഹത്തിനുമേലുള്ള സ്വാധീനം വലിയൊരു കാരണമാണ്. കേരളത്തിലെ വിവിധ മത സാമുദായിക വിഭാഗങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും അവിശ്വാസവും ആശങ്കയും ഉണ്ടാക്കുന്ന ചെറു ചലനം പോലും ഇന്നേവരെ ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലന്നതും എടുത്ത് പറയേണ്ട കാര്യമാണ്. മുസ്‌ളീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലന്ന് സി പിഎമ്മിന് പോലും പറയേണ്ട അവസ്ഥ സംജാതമായതും അത് കൊണ്ടാണ്. കേരളത്തിന്റെ സര്‍വതോന്‍മുഖമായ വികസനത്തിന് തങ്ങളാല്‍ കഴിയുന്ന സംഭാവന നല്‍കാന്‍ വിവിധ മുന്നണികളുടെ ഭാഗമായി നിന്ന് അധികാരം പങ്കിടുമ്പോഴും ലീഗിന്റെ നേതാക്കള്‍ ശ്രമിച്ചിരുന്നു. 1972 ല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും അതിന് ശേഷം 94 ലും 95 ലും സംസ്‌കൃത സര്‍വ്വകലശാലയും കണ്ണൂര്‍ സര്‍വ്വകലാശാലയും ഒക്കെ നിലവില്‍ വന്നതിന് പിന്നിലും മുസ്‌ളീം ലീഗിന്റെ ഭരണപരമായ സാരഥ്യം ഉണ്ടായിരുന്നു.

നമ്മള്‍ ഇന്ന് കാണുന്ന ആധുനിക കേരളം കെട്ടിപ്പെടുത്തതില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗ് എന്ന പാര്‍ട്ടിക്ക് വലിയ പങ്കുണ്ടെന്ന് കാര്യത്തില്‍ സംശയമൊന്നുമില്ല. കച്ചവടക്കാരുടെ പാര്‍ട്ടി എന്നൊക്കെ ആക്ഷേപിച്ചുവിളിക്കുമ്പോഴും, അതിലൊക്കെ കുറെ ശരികള്‍ ഉണ്ടാകുമെങ്കിലും തങ്ങള്‍ ഏത് സമുഹത്തെയാണോ, ഏത് ജനവിഭാഗത്തെയാണോ പ്രതിനിധാനം ചെയ്യുന്നത് അവരുടെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സാമ്പത്തിക ഉന്നമനം തന്നെയാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യം എന്ന് ലീഗ് ആവര്‍ത്തിച്ചുറപ്പിച്ചിരുന്നു. വലിയൊരളവുവരെ ആ ലക്ഷ്യം പൂര്‍ത്തിയാക്കാനും അവര്‍ക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ഭൂമികയില്‍ എക്കാലവും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ളീം ലീഗിന് അവരുടേതായ സ്ഥാനവുമുണ്ട്.