കുട്ടനാട്ടില്‍ മാത്രം കൊടുക്കാനുള്ളത് 99 കോടി

കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റവും വലിയ വരള്‍ച്ചയാണ് കേരളത്തിലെ കര്‍ഷകര്‍ പൊതുവെയും നെല്‍കര്‍ഷകര്‍ പ്രത്യേകിച്ചും നേരിടുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ശരാശരി കേരളത്തില്‍ ലഭിക്കേണ്ടത് 42.6 സെ മി മഴയായിരുന്നു. എന്നാല്‍ ലഭിച്ചത് കേവലം 6 സെന്റിമീറ്റര്‍ മഴമാത്രമാണ്. കൊയ്ത നെല്ലു വാങ്ങിയ സര്‍ക്കാര്‍ കാശുകൊടുക്കുന്നില്ല കൊയ്യാന്‍ പോകുന്ന പാടമാകട്ടെ ഉണങ്ങിത്തുടങ്ങുന്നു. മുകളില്‍ ആകാശവും താഴെ ഭൂമിയും എന്ന അവസ്ഥയിലാണ് ഇപ്പോള്‍ കര്‍ഷകര്‍.ജൂണില്‍ വിതച്ച പലരുടെയും വയലുകള്‍ ആഗസ്റ്റുമാസമായപ്പോഴേക്കും കരിഞ്ഞു തുടങ്ങിയിരിക്കുകയാണ്. കര്‍ഷകര്‍ക്ക് നെല്ലെടുത്ത പണം നല്‍കാതെ ഒളിച്ചു കളിക്കുന്ന സര്‍ക്കാര്‍ നെല്ല് ഉണങ്ങിക്കരിയുമ്പോഴും ഒരു സഹായവുമായി എത്തുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം.

ആഗസ്റ്റില്‍ മഴയില്ലാതിരുന്നതിനെ തുടര്‍ന്ന് പാടശേഖരങ്ങള്‍ക്ക് സമീപമുളള നീര്‍ച്ചാലുകള്‍ എല്ലാം വറ്റി വരണ്ടിരിക്കുകയാണ്.ഇത്തവണ ലഭിക്കേണ്ട മഴയില്‍ 48 ശതമാനം കുറവാണ് ദൃശ്യമായത്. ഏറ്റവും കൂടൂതല്‍ വെള്ളം വേണ്ട കൃഷിയാണ് നെല്ല്്. അത് കൊണ്ട് തന്നെ വരള്‍ച്ചയുടെ കാഠിന്യം ഏററവും കൂടുതല്‍ അനുഭവിക്കേണ്ടി വരിക നെല്‍കര്‍ഷകര്‍ തന്നെയായിരിക്കും.

സര്‍ക്കാര്‍ നല്‍കേണ്ട സബ്‌സിഡി തുക സമയബന്ധിതമായി വിതരണം ചെയ്യാതിരിക്കുകയും അതോടൊപ്പം കടുത്ത ജലദൗര്‍ലഭ്യം മൂലം നെല്‍കൃഷി നശിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധി കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും പിന്‍വാങ്ങുമെന്നതാണ്. കഴിഞ്ഞ വര്‍ഷം നെല്‍കൃഷി നടത്തിയ കര്‍ഷകരില്‍ വലിയൊരു വിഭാഗം ഈ വര്‍ഷം ഈ മേഖലയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.

2018 ലെ പ്രളയത്തിന് ശേഷം നിരവധി കര്‍ഷകരാണ് നെല്‍കൃഷി ഉപേക്ഷിച്ചത്. പ്രളയത്തില്‍ നെല്ലും കൃഷിയും നശിച്ചുപോയവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം പല നെല്‍കര്‍ഷകര്‍ക്കും കിട്ടിയില്ല. അതും പലരെയും നെല്‍കൃഷിയില്‍ നിന്നും പിന്‍വലിയാന്‍ പ്രേരിപ്പിച്ചു.നെല്‍ക്കര്‍ഷകരില്‍ ഭൂരിഭാഗവും ഈ കൃഷിമാത്രം ഉപജീവനമാര്‍ഗം ആക്കിയവരാണ്. അത് കൊണ്ട് തന്നെ കിട്ടേണ്ട പണം കൃത്യ സമയത്ത് കിട്ടിയില്ലങ്കില്‍ ഇവര്‍ വലിയ വിഷമത്തിലാകും. കുട്ടികളുടെ വിദ്യഭ്യാസം, ഭവന വായ്പ, മററു വായ്പകള്‍, വിവാഹം തുടങ്ങിയ കുടംബവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നെല്‍കൃഷി മൂലം ദുരിതങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ മറ്റു വരുമാനമാര്‍ഗങ്ങള്‍ തേടി പോകും.

കുട്ടനാട്ടില്‍ മാത്രം 99 കോടിരൂപയാണ് നെല്ല് സംഭരിച്ചതിന്റെ വകയായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ളത്. രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ തുകയും വിതരണം ചെയ്യുമെന്നാണ് കൃഷി- പൊതുവിതരണ മന്ത്രിമാര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഉറപ്പ് കൊടുത്തത്്. ഉറപ്പ് കിട്ടിയിട്ട് മാസം ഒന്നര കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്‍ ജയസൂര്യയുടെ മന്ത്രിമാരെ വേദിയിലിരുത്തിക്കൊണ്ടുള്ള വിവാദ പ്രസ്താവന വന്നപ്പോഴാണ് വീണ്ടും മന്ത്രിമാര്‍ ഒന്നു മുരടനങ്ങിയത്. എന്നിട്ടും പണം വിതരണം ചെയ്യുന്ന കാര്യം മാത്രം ഒന്നുമായിട്ടില്ല.

പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയത് ബാങ്കുകളാണെന്നാണ് ഇപ്പോള്‍ ഭരണകക്ഷി പറയുന്നത്. സര്‍ക്കാര്‍ പണം നല്‍കും എന്നുറപ്പില്ലാത്തത് കൊണ്ടാണ് ബാങ്കുകള്‍ കര്‍ഷര്‍ക്ക് പണം നല്‍കാത്തത്. സര്‍ക്കാരില്‍ നിന്നും ബാങ്കുകള്‍ക്ക് നല്‍കേണ്ട പണം ലഭിച്ചാല്‍ മാത്രമേ അത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ ബാങ്കുകള്‍ സന്നദ്ധമാവുകയുള്ളു. എന്നാല്‍ സര്‍ക്കാര്‍ പണം കൊടുക്കാതിരുന്നാല്‍ കര്‍ഷകര്‍ക്ക് കൊടുക്കേണ്ട പണം തങ്ങളുടെ ബാധ്യതയായി മാറാന്‍ ബാങ്കുകള്‍ താല്‍പര്യപ്പെടില്ല. കഴിഞ്ഞ വര്‍ഷം നെല്‍കര്‍ഷകര്‍ക്കുള്ള സ്ബ്‌സിഡി വിതരണം ചെയ്യാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചിരുന്നു. ഇത്തവണ കണ്‍സോര്‍ഷ്യത്തിന് ഒറ്റ ബാങ്കുകളും തെയ്യാറായില്ലന്നാണ് അറിയുന്നത്. ബാങ്കുകള്‍ക്ക് നല്‍കേണ്ട പണം സര്‍ക്കാര്‍ വലിയ തോതില്‍ കുടിശിക വരുത്തിയതാണ് ഇതിന് പ്രധാനകാരണം.