നികുതി വര്‍ധിപ്പിച്ചു കൊണ്ടുവരുമാനം കൂട്ടാമെന്ന പഴഞ്ചന്‍ ധനതത്വശാസ്ത്ര ടെക്‌നിക്കാണ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അദ്ദേഹത്തിന്റെ 2023 -24 ബജറ്റില്‍ ഉടനീളം പ്രയോഗിച്ചത്. കടം എടുക്കുക, അത് കൊടുത്തുതീര്‍ക്കാന്‍ നികുതി കൂട്ടുക എന്ന ഫ്രാന്‍സിലെ അന്നത്തെ ധനകാര്യമന്ത്രിയുടെ തലതിരിഞ്ഞ ചിന്തയാണ് ഫ്രഞ്ച് വിപ്‌ളവമുണ്ടാകാനുള്ള കാരണം എന്നു പറയാറുണ്ട്. അത്രയും പോകേണ്ടെങ്കിലും ഏതാണ്ട് അതിനടുത്ത് നില്‍ക്കുന്ന ഒരു സാമ്പത്തിക ശാസ്ത്രമാണ് കെ എന്‍ ബാലഗോപാല്‍ ഈ ബഡ്ജറ്റിലും കൈക്കൊണ്ടത്. കയ്യിലൊതുങ്ങുന്നതിനൊക്കെ നികുതിയും സെസും വര്‍ധിപ്പിക്കുക, അങ്ങിനെ സര്‍ക്കാരിലേക്ക് വരുമാനം കൂട്ടുക. ഇത്രമാത്രമേ ബജറ്റുകൊണ്ട് കെ എന്‍ ബാലഗോപാല്‍ ഉദ്ദേശിച്ചുളളു. പിന്നെ ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. തോമസ് ഐസക്കിനെപ്പോലെ വാചകക്കസര്‍ത്തോ കവിതാശകലങ്ങളോ നിരത്തി കേള്‍ക്കുന്നവരെ ബുദ്ധിമുട്ടിക്കാതെ ഉള്ള കാര്യം തെളിച്ചു പറഞ്ഞു. മദ്യത്തിനു മുതല്‍ പെട്രോളിന് വരെ വിലകൂട്ടാന്‍ പോവുകയാണ്. ഒന്നും തോന്നരുത് വേറെ നിവൃത്തിയില്ല.
തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിട നികുതി മുതല്‍ മദ്യത്തിന്റെയും പെട്രോളിന്റെയും , മോട്ടോര്‍ വാഹനങ്ങളുടെയുംവരെ നികുതി കൂടിയിരിക്കുകയാണ്. പെട്രോളിനും, ഡീസലിനും വില വര്‍ധിക്കുമ്പോള്‍ സാധാരണ ഗതിയില്‍ സാധനങ്ങള്‍ക്കും വിലവര്‍ധിക്കും. വില വര്‍ധിക്കുമ്പോള്‍ ജനങ്ങളുടെ ക്രയവിക്രയ ശേഷി കുറയും. രണ്ട് രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും സെസായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. നൂറ് ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ഒരു ലോറിക്കാരന്‍ 200 രൂപാ അധികം നല്‍കണം. ഈ പണം അയാള്‍ ഈടാക്കുക അയാളുടെ വണ്ടിയില്‍കയറ്റുന്ന ഉപഭോക്തൃ സാധനങ്ങളുടെ ഗതാഗതക്കൂലിയായിട്ടായിരിക്കും. മൊത്ത വ്യാപാരിയും ചില്ലറ വ്യാപാരിയും കൂടെയാണ് ഈ പണം വഹിക്കേണ്ടത്. അവരാകട്ടെ ഇത് വെറുതെ വഹിക്കില്ലല്ലോ. അവര്‍ വില്‍ക്കുന്ന സാധനങ്ങളില്‍ നിന്നും ഈ പണം ഈടാക്കും. അപ്പോള്‍ സാധനങ്ങളുടെ വിലവര്‍ധിക്കും. ഇത് വ്യാപാര മേഖലയില്‍ സൃഷ്ടിക്കുന്ന മാന്ദ്യം കനത്തതായിരിക്കും. അതേ പോലെ മദ്യത്തിന് വിലകൂട്ടുക എന്നത് വളരെ എളുപ്പത്തില്‍ കാശുണ്ടാക്കാനുള്ള സര്‍ക്കാരുകളുടെ വിദ്യയാണ്. ആയിരം രൂപക്ക് മേല്‍ വില വരുന്ന മദ്യത്തിന് നാല്‍പ്പത് രൂപയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. മദ്യത്തിന് വില വര്‍ധിപ്പിക്കുന്തോറും മറ്റു ലഹരികളിലേക്കു വഴിമാറുന്ന സ്വഭാവം ഇത് അത് ഉപയോഗിക്കുന്നവര്‍ക്കുണ്ട്.
തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതിയില്‍ വലിയ വര്‍ധനയുണ്ടാകും. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവയിലാണ് വന്‍ വര്‍ധനയുണ്ടാവുക.ഒരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്കും, പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേക നികുതി ചുമത്തുന്നതിനുള്ള തിരുമാനവും ബജറ്റിലുണ്ട് ഇതിലൂടെ കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുമെന്നാണ് മന്ത്രി പറയുന്നത്.
നികുതിയേതര വരുമാനം കണ്ടെത്താന്‍ ഇപ്പോഴും സര്‍ക്കാരിന് കഴിയുന്നില്ലതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി. വാഹനവിപണയുടെ നട്ടെല്ലൊടിച്ചുകൊണ്ട് ബൈക്കുകള്‍ക്കും കാറുകള്‍ക്കും വിലവര്‍ധിക്കുകയാണ്. രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി രണ്ട് ശതമാനവും അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയില്‍ ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയില്‍ രണ്ട് ശതമാനവും 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനവും നികുതി വര്‍ധിക്കുകയാണ്. ഈ വര്‍ധനയും കേരളത്തിലെ കേരളത്തിലെ മിഡില്‍ ക്്‌ളാസ് സമൂഹത്തെയാണ് ബാധിക്കുക.
Read more
നികുതി വര്‍ധിപ്പിച്ചതില്‍ യാതൊരു മനസാക്ഷികുത്തുമില്ലാതെയാണ് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിന് ശേഷമുള്ള പത്ര സമ്മേളനത്തില്‍ സംസാരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഒട്ടും അയവില്ലാത്ത സാമ്പത്തിക സമീപനങ്ങളാണ് ഈ നികുതി വര്‍ധനക്ക് പിന്നിലെന്നാണ് അദ്ദേഹം പറയുന്നത്. ഏതായാലും രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് കടുത്ത നിരാശയാണ് ജനങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിന്റെ വാണിജ്യ വ്യവസായ മേഖലകളെ വലിയൊരു മുരടിപ്പിലേക്ക് നയിക്കുന്നതാണ് ഈ ബജറ്റെന്ന് സംശയമേതുമില്ലാതെ പറയാം.