പേര് മാറ്റത്തിന്റെ 'മോദി രാജില്‍' ശ്രീ വിജയപുരമാക്കി മാറ്റുന്ന പോര്‍ട്ട് ബ്ലയര്‍; ആന്‍ഡമാന്റെ തലസ്ഥാനമായ പോര്‍ട്ട് ബ്ലയറിന്റെ പേരിന് പിന്നിലെ ബ്ലയര്‍ ആര്?

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം പല നഗരങ്ങളുടേയും പേര് മാറ്റല്‍ തകൃതിയായിരുന്നു. ഉത്തര്‍പ്രദേശിലെ അലഹബാദ്, പ്രയാഗ് രാജ് ആക്കി തുടങ്ങിയ മോദി കാലം പിന്നീടങ്ങോട്ട് തങ്ങളുടെ കാവി ഭരണ താല്‍പര്യത്തിന് അനുസൃതമായി പല സ്ഥലങ്ങളുടേയും പേര് മാറ്റി. ഫൈസാബാദ് ജില്ലയെ അയോധ്യയാക്കി മാറ്റി പുനര്‍നാമകരണം ചെയ്തും ഫിറോസ് ഷാ ക്വോട്‌ല സ്‌റ്റേഡിയത്തെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയമാക്കിയും മുഗള്‍സാരായ് ജംഗ്ഷന്‍, ദീന്‍ ദയാള്‍ ഉപാധ്യ റെയില്‍ വേസ്റ്റേഷനാക്കിയും മോദി രാജ് തുടരുകയാണ്. ഒടുവില്‍ ഈ പട്ടികയിലേക്ക് വന്നിട്ടുള്ളത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലയര്‍ ആണ്.

ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തില്‍ നിര്‍ണായകമായ ഏടാണ് കാലാപാനിയിലെ ഇരുട്ടറകള്‍. സ്വാതന്ത്ര്യത്തിനായി സമരമുഖത്തിറങ്ങിയവരെ രാഷ്ട്രീയ തടവുകാരാക്കി കൊളോണിയല്‍ ഭരണം അടച്ച ജയിലറ പോര്‍ട്ട് ബ്ലയറിനെ ചരിത്രത്തിലെ വലിയ പീഡനഗ്രഹമായി അടയാളപ്പെടുത്തുന്നു. പോര്‍ട്ട് ബ്ലയറിനോട് ആര്‍എസ്എസിനും സംഘപരിവാരത്തിനും വല്ലാത്തൊരു മമതയുണ്ട്, കാരണം മാപ്പ് പറച്ചിലിന്റെ ഒരു സംഘകാലത്തിന്റെ ശേഷിപ്പ് കൂടിയാണ് പോര്‍ട്ട് ബ്ലയറിലെ ജയില്‍. ഇവിടെയാണ് സംഘപരിവാര്‍ വീരനായി വാഴ്ത്തുന്ന സവര്‍ക്കര്‍ തടവുകാര്‍ക്കൊപ്പം കഴിഞ്ഞതും പിന്നെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ മാപ്പപേക്ഷ ബ്രിട്ടീഷ് സര്‍ക്കാരിന് എഴുതി നല്‍കിയതും.

എന്തായാലും അമിത് ഷായും മോദിയും ചേര്‍ന്ന് പോര്‍ട്ട് ബ്ലയറിന് ശ്രീവിജയപുരമെന്ന് പേര് നല്‍കുമ്പോള്‍ ഈ മാപ്പപേക്ഷ ചരിത്രം പറഞ്ഞില്ലെങ്കിലും സവര്‍ക്കറിന്റെ പേര് എടുത്തുപറഞ്ഞിട്ടുണ്ട്. പോര്‍ട്ട് ബ്ലയറിന്റെ പേര് മാറ്റം ട്രോളന്‍മാര്‍ ഭരണകൂടത്തിന്റെ നിലപാടുകളെ ട്രോളി ആഘോഷമാക്കുമ്പോള്‍ ആ പേരിന് പിന്നിലെ വ്യക്തിയുടെ പേര് കൂടി ഓര്‍ക്കേണ്ടതുണ്ട്.

പോര്‍ട്ട് ബ്ലയര്‍ എന്ന പേര് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനത്തിന് വന്നത് ഒരു ഇംഗ്ലീഷുകാരന്റെ പേരില്‍ നിന്നാണ്. ബ്രിട്ടീഷ് കൊളോണിയല്‍ നാവിക സേന ഉദ്യോഗസ്ഥനായ ആര്‍ച്ചിബാല്‍ഡ് ബ്ലയറില്‍ നിന്നാണ് പോര്‍ട്ട് ബ്ലയര്‍ എന്ന പേരുണ്ടായത്. ക്യാപ്റ്റന്‍ ആര്‍ച്ചിബാള്‍ഡ് ബ്ലയര്‍ 1771-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാവിക സേനയുടെ ഭാഗമായ ബോംബെ മറൈനില്‍ ലെഫ്റ്റനന്റായി ചേര്‍ന്നു. 1788 ഡിസംബറിനും 1789 ഏപ്രിലിനും ഇടയില്‍ ക്യാപ്റ്റന്‍ ബ്ലയറിന്റെ പ്രധാന കര്‍ത്തവ്യം ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള വിദൂര പ്രദേശങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. പ്രത്യേകിച്ച് ആന്‍ഡമാന്‍ ദ്വീപുകള്‍ സര്‍വേ ചെയ്യുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനും അദ്ദേഹം ഈ കാലയളവില്‍ തന്റെ നാവിക ജീവിതം ഉപയോഗിച്ചു.

ക്യാപ്റ്റന്‍ ബ്ലെയറിന്റെ നിരീക്ഷണവും കണ്ടെത്തലുകളും 1789 ജൂണ്‍ 12-ന് ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന് സമര്‍പ്പിച്ചു. ആന്‍ഡമാന്‍ ദ്വീപുകള്‍ കോളനിവത്കരിക്കാനുള്ള ബ്രിട്ടീഷ് തീരുമാനത്തില്‍ ബ്ലയറിന്റെ റിപ്പോര്‍ട്ടുകള്‍ പ്രധാന പങ്ക് വഹിച്ചു. ആര്‍ച്ചിബാള്‍ഡ് ബ്ലെയര്‍ 1789-ല്‍ ചാത്തം ദ്വീപില്‍ ആദ്യത്തെ ബ്രിട്ടീഷ് സെറ്റില്‍മെന്റ് സ്ഥാപിച്ചുവെന്നാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. അവിടെ കോട്ടേജുകള്‍ നിര്‍മ്മിക്കുന്നതിനും വനങ്ങള്‍ വെട്ടിമാറ്റുന്നതിനും ക്യാപ്റ്റന്‍ ബ്ലയര്‍ തന്നെ മേല്‍നോട്ടം വഹിച്ചു.

തന്റെ പര്യവേഷണ കാലയളവില്‍ ക്യാപ്റ്റന്‍ ബ്ലെയര്‍ ആന്‍ഡമാന്‍ ദ്വീപിന്റെ തെക്ക് ഭാഗത്ത് ഒരു പ്രകൃതിദത്ത തുറമുഖം കണ്ടെത്തിയെന്ന് പറയപ്പെടുന്നു. ഇതിന് അദ്ദേഹം ബ്രിട്ടീഷ്-ഇന്ത്യന്‍ നാവികസേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് കമോഡോര്‍ വില്യം കോണ്‍വാലിസിന്റെ ബഹുമാനാര്‍ത്ഥം പോര്‍ട്ട് കോണ്‍വാലിസ് എന്ന് പേര് ചൊല്ലിവിളിച്ചു. പിന്നീട് ഇവിടം വികസനത്തിലേക്ക് കടന്നപ്പോള്‍ സ്ഥലം കണ്ടെത്തി പ്രധാന കൊളോണിയല്‍ ഇടമാക്കി മാറ്റാന്‍ കാരണക്കാരനായ ബ്ലയറിനോടുള്ള ആദരസൂചകമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ തുറമുഖം പിന്നീട് പോര്‍ട്ട് ബ്ലെയര്‍ എന്ന് പുനര്‍നാമകരണം ചെയ്തു. തുറമുഖത്തിന്റെ തന്ത്രപരമായ മൂല്യം ബ്ലയര്‍ തിരിച്ചറിയുകയും അത് പ്രദേശത്തെ ബ്രിട്ടീഷ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ ബ്രിട്ടീഷ് സേനയിലെ നാവിക കരിയറില്‍ വഴിത്തിരിവായത്.

Read more

തുടക്കത്തില്‍ ആന്‍ഡമാനിലെ നീക്കങ്ങള്‍ വിജയം കണ്ടുവെങ്കിലും പ്രാദേശിക ഗോത്രങ്ങളില്‍ നിന്നുള്ള പ്രതിരോധം ബ്രിട്ടീഷികാരെ ചുവടുറപ്പിക്കാന്‍ അനുവദിച്ചില്ല. വെല്ലുവിളികളെ നേരിടാനാവാതെ ഒടുവില്‍ കോളനി പുതിയ സ്ഥലത്തേക്ക് മാറ്റി ബ്രിട്ടീഷുകാര്‍ ആന്‍ഡമാനില്‍ കാലുറപ്പിക്കാന്‍ ശ്രമം തുടര്‍ന്നെങ്കിലും അതും വിജയിച്ചില്ല. ക്യാപ്റ്റന്‍ ബ്ലെയര്‍ 1795-ല്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയെങ്കിലും ബ്ലയറിന്റെ നിരീക്ഷണപാടവമാണ് ആന്‍ഡമാന്‍ ദ്വീപുകളില്‍ ബ്രിട്ടീഷ് സാന്നിധ്യത്തിന് അടിത്തറയിട്ടത്. ബ്ലയറിന്റെ കാലശേഷമാണ് ബ്രിട്ടീഷുകാര്‍ ഇവിടം തടവ് കോളനിയും പീഡന കേന്ദ്രവുമാക്കി മാറ്റിയത്.് 1858-ല്‍ പീനല്‍ കോളനിയായി മാറിയ പോര്‍ട്ട് ബ്ലയറില്‍ ആദ്യ തടവുകാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ സമര സേനാനികളായിരുന്നു. പിന്നീടങ്ങോട്ട് സ്വാതന്ത്രത്തെ അടിച്ചമര്‍ത്താനുള്ള ഇരുട്ടറയായാണ് പോര്‍ട്ട് ബ്ലയറെ ബ്രിട്ടീഷ് സേന ഉപയോഗിച്ചത്.