കാലേകൂട്ടി ബിജെപി ഇറങ്ങി കളിച്ചയിടത്ത് കൈപ്പത്തിക്ക് തുടര്‍ച്ചയോ ചെങ്കൊടിയ്ക്ക് മടക്കമോ?

പോരാട്ടം ’24

ആറ്റിങ്ങല്‍, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ രണ്ടാം പാര്‍ലമെന്റ് മണ്ഡലത്തിലും ബിജെപി ഇറക്കിയിരിക്കുന്നത് ഒരു കേന്ദ്രമന്ത്രിയേയാണ്. ആറ്റിങ്ങലില്‍ കഴിഞ്ഞ കുറി ശോഭാ സുരേന്ദ്രന്‍ പിടിച്ചെടുത്ത വോട്ടിന്റെ എണ്ണം കണ്ട് കണ്ണുമഞ്ഞളിച്ച ബിജെപി കാലേകൂട്ടി തന്നെയാണ് മണ്ഡലത്തില്‍ പ്രവര്‍ത്തനം നടത്തിപ്പോന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും മുമ്പ് തന്നെ കേന്ദ്രമന്ത്രി വി മുരളീധരന്‍ മണ്ഡലത്തില്‍ തമ്പടിച്ച് പ്രവര്‍ത്തനങ്ങളിലായിരുന്നു. 2019ല്‍ കേരളത്തിലേക്കെത്തിയ രാഹുല്‍ ഗാന്ധി തരംഗത്തില്‍ മണ്ഡലം ആറ്റിങ്ങലായി പരിണമിച്ച 2009 കാലം മുതല്‍ രണ്ട് തിരഞ്ഞെടുപ്പില്‍ ഇടത് കൊടി പാറിച്ച എ സമ്പത്തിനെ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ് വീഴ്ത്തി. നിലവില്‍ കോണ്‍ഗ്രസിന്റെ വിജയത്തുടര്‍ച്ചയ്ക്കായി അടൂര്‍ പ്രകാശ് തന്നെയാണ് ഇക്കുറിയും മല്‍സരിക്കുന്നത്. കയ്യില്‍ നിന്ന് പോയ മണ്ഡലം തിരിച്ചു പിടിക്കാനായി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ തന്നെയാണ് സിപിഎം ആറ്റിങ്ങലില്‍ ഇറക്കിയിരിക്കുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി മാത്രമല്ല ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ കൂടിയാണ് ഇടത് സ്ഥാനാര്‍ത്ഥി വി ജോയ്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കേന്ദ്രമന്ത്രിയായ വി മുരളീധരന് വേണ്ടി ബിജെപി ഇറങ്ങി കളിച്ച മണ്ഡലത്തില്‍് കൈപ്പത്തിക്ക് തുടര്‍ച്ചയാണോ ഉണ്ടാവുക അതോ ചെങ്കൊടിയ്ക്ക് ഒരു മടങ്ങിവരവാണോ ഉണ്ടാവുക എന്നതാണ് പ്രധാന ചോദ്യം. ഒപ്പം ശോഭാ സുരേന്ദ്രന്‍ 2019ല്‍ ഇടതിന്റേയും വലതിന്റേയും വോട്ടില്‍ ചോര്‍ച്ച വരുത്തിയതിന്റെ ആവേശത്തില്‍ താമരയ്ക്ക് ഒരു പുത്തന്‍ തുടക്കമുണ്ടാകുമോയെന്നും.

2024 പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ശ്രദ്ധേയമായ ത്രികോണ മല്‍സരങ്ങള്‍ മണ്ഡലങ്ങളിലൊന്ന് ആറ്റിങ്ങലാണ്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭ മണ്ഡലങ്ങളാണ് ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ വരുന്നത്. 2009ല്‍ ആണ് ആറ്റിങ്ങല്‍ എന്ന പേരില്‍ മണ്ഡല പുനക്രമീകരണം നടന്നതും ആദ്യ തിരഞ്ഞെടുപ്പ് നടന്നതും. അതിന് മുമ്പ് ചിറയിന്‍കീഴ് മണ്ഡലമായിരിക്കുമ്പോള്‍ തന്നെ ഇടത് ആഭിമുഖ്യമുള്ള മണ്ഡലമെന്ന് തന്നെയായിരുന്നു ആറ്റിങ്ങല്‍ അറിയപ്പെട്ടത്. 1952ല്‍ തിരുവിതാംകൂര്‍- കൊച്ചിയുടെ ഭാഗമായ ചിറയിന്‍കീഴില്‍ ഇടത് സോഷ്യലിസ്റ്റ് സഖ്യത്തിന്റെ ഭാഗമായി മല്‍സരിച്ച വി പരമേശ്വരന്‍ നായരാണ് വിജയിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിന് പിന്നാലെ 1957ലും 62ലും നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐയുടെ എംകെ കുമാരന്‍ വിജയിച്ചു കയറി. തുടക്കം മുതലുള്ള ഇടത് ചായ്‌വിന്റെ ബാക്കിപത്രമായി 67ല്‍ സിപിഐയുടെ തന്നെ കെ അനിരുദ്ധന്‍ ജയിച്ചു കയറി. സിപിഐയുടെ കുത്തക മണ്ഡലമായി മാറിയ ചിറയിന്‍ കീഴിനെ കോണ്‍ഗ്രസിനൊപ്പമാക്കിയത് വയലാര്‍ രവിയാണ്. 71ലും 77ലും വയലാര്‍ രവി മണ്ഡലം പിടിച്ചു. വയലാര്‍ രവി തുടങ്ങിയ കോണ്‍ഗ്രസ് അനുഭാവം പിന്നിട് രണ്ട് പതിറ്റാണ്ട് ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് മാത്രമാക്കി നിര്‍ത്തി. 80ല്‍ കോണ്‍ഗ്രസിന്റെ അബൂബക്കര്‍ അബ്ദുള്‍ റഹീമും 84ലും 89ലും തലേക്കുന്നില്‍ ബഷീറും ആറ്റിങ്ങലിനെ കൈപ്പത്തിയുടെ കീഴില്‍ ഉറപ്പിച്ചി നിര്‍ത്തി. 89ല്‍ സിപിഎമ്മിന്റെ സുശീല ഗോപാലനാണ് തലേക്കുന്നിലിനോട് പരാജയപ്പെട്ടത്.

പക്ഷേ രണ്ടാം അങ്കത്തില്‍ 1991ല്‍ തലേക്കുന്നില്‍ ബഷീറിനെ വീഴ്ത്തി സിപിഎമ്മിന്റെ സുശീല ഗോപാലന്‍ ചിറയിന്‍കീഴ് പിടിച്ചെടുത്തു. അതില്‍ പിന്നെ ചെങ്കൊടിയെ മണ്ഡലം കൈവിട്ടത്് 18 കൊല്ലത്തിന് ശേഷമാണ്. 91ല്‍ സുശീല ഗോപാലന് ശേഷം 96ല്‍ എ സമ്പത്ത് മണ്ഡലത്തില്‍ നിന്ന് ആദ്യമായി ജയിച്ചു. പിന്നീട് 98, 99, 2004 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വര്‍ക്കല രാധാകൃഷ്ണന്‍ സിപിഎമ്മിന് വേണ്ടി കോട്ട കാത്തു. 2009ല്‍ മണ്ഡല പുനക്രമീകരണത്തില്‍ ആറ്റിങ്ങലായി മാറിയ ചിറയിന്‍കീഴില്‍ എ സമ്പത്ത് തന്റെ തുടര്‍കഥ തുടങ്ങി. അന്ന് എ സമ്പത്ത് ആറ്റിങ്ങലില്‍ വിജയ കൊടി പാറിച്ചത് 18341 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. 2014ല്‍ കോണ്‍ഗ്രസിന്റെ ബിന്ദു കൃഷ്ണയെ തോല്‍പ്പിച്ച് 69,378 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സമ്പത്ത് മണ്ഡലം നിലനിര്‍ത്തി.

എന്നാല്‍ 2019ല്‍ കളം മാറി. യുഡിഎഫിനായി കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശും എല്‍ഡിഎഫിനായി സിപിഎമ്മിന്റെ സിറ്റിംഗ് എംപി എ സമ്പത്തും എന്‍ഡിഎയ്ക്കായി ബിജെപിയുടെ ശോഭ സുരേന്ദ്രനും കളത്തിലിറങ്ങിയതോടെ ആറ്റിങ്ങലിന്റെ രണ്ട് പതിറ്റാണ്ടോളം നീണ്ട ഇടത് ചായ്‌വ് കാണാമറയത്തായി. രാഹുലിന്റെ തെക്കേ ഇന്ത്യയിലേക്കുള്ള വരവില്‍ യുഡിഎഫ് തരംഗം കേരളമാകെ ആഞ്ഞടിച്ചപ്പോള്‍ ഇടത് സിറ്റിംഗ് എംപി വീണു. 38,247 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ് മണ്ഡലം വീണ്ടെടുത്തു. മണ്ഡലം നിലനിര്‍ത്താന്‍ അടൂര്‍ പ്രകാശിനെ തന്നെ കോണ്‍ഗ്രസ് ഇറക്കി.

സിറ്റിംഗ് എംപിമാരെ നിലനിര്‍ത്തി പോരാടുന്ന കോണ്‍ഗ്രസ് വോട്ടിങ് ഷെയറില്‍ കൂടി കണ്ണുവെച്ചാണ് മണ്ഡലത്തില്‍ ഇറങ്ങുന്നത്. 2014ലെ 10.53 ശതമാനം വോട്ടില്‍ നിന്ന് ഇടതും വലതും വോട്ട് പിടിച്ച് 24.97 ശതമാനത്തിലേക്ക് ഉയര്‍ത്തിയ ബിജെപിയെ കുശാഗ്ര ബുദ്ധിയോടെയാണ് എല്‍ഡിഎഫും യുഡിഎഫും നോക്കി കാണുന്നത്. 2014ല്‍ തൊണ്ണൂറായിരം വോട്ട് പിടിച്ച ബിജെപി ശോഭാ സുരേന്ദ്രനിലൂടെ 2019ല്‍ 2,48,081 വോട്ടാണ് പിടിച്ചത്.

ഇക്കുറി സാമുദായിക വോട്ടിലടക്കം കണ്ണുവെയ്ക്കുന്ന പാര്‍ട്ടികള്‍ക്ക് മുന്നില്‍ ഒരേ സമുദായത്തില്‍ നിന്നുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളാണ് മല്‍സരിക്കുന്നതെന്നതും നിലവിലെ സാഹചര്യത്തില്‍ നിര്‍ണായകമാണ്. ബിജെപിയിലെ കേരളത്തിലെ ചേരി തിരിഞ്ഞുള്ള പോരില്‍ ശോഭ സുരേന്ദ്രനും വി മുരളീധരനും രണ്ടിടത്താണെങ്കിലും ശോഭ പിടിച്ച ഒന്നര ലക്ഷത്തിലധികം വോട്ട് കണ്ടുതന്നാണ് തിരഞ്ഞെടുപ്പിന് മുമ്പേ മുരളീധരന്‍ ആറ്റിങ്ങലില്‍ പ്രചാരണത്തിന് ഇറങ്ങിയത്.

11- 6 എന്നതാണ് മണ്ഡലത്തില്‍ ഇടതും വലതും നേടിയ വിജയങ്ങളുടെ എണ്ണം. മണ്ഡലത്തില്‍ തീരദേശ വോട്ടുകള്‍ നിര്‍ണായകമാണെന്നിരിക്കെ മണ്ഡല ഭാഗമായ മുതലപ്പൊഴിയില്‍ ഇടത് മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവരും നാട്ടുകാരുമായുണ്ടായ ഉലച്ചില്‍ ഇടത് പക്ഷത്തെ തളര്‍ത്തുന്നുണ്ട്. തീരദേശ മേഖലയില്‍ ഭരണവിരുദ്ധ വികാരം അലയടിക്കുന്നതിന്റെ സൂചനയായിരുന്നു മല്‍സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായപ്പോള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ നാട്ടുകാര്‍ തടഞ്ഞു സംഘര്‍ഷാവസ്ഥയുണ്ടായ സംഭവം. ഷോ കാണിക്കരുതെന്ന് പറഞ്ഞു ഇടത് മന്ത്രിമാര്‍ വിഷയത്തില്‍ പ്രകോപിതരായതും തീരദേശത്ത് വലിയ ചര്‍ച്ചയും അമര്‍ഷവും ഉണ്ടാക്കിയിരുന്നു. ഈ തീരദേശ മേഖലയിലടക്കം തിരഞ്ഞെടുപ്പിന് മുമ്പേ പ്രചാരണം ശക്തമാക്കിയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇറങ്ങുന്നതെന്നതും മണ്ഡലത്തെ നിര്‍ണായകമാക്കുന്നുണ്ട്.

കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയും എംഎല്‍എയും ഏറ്റുമുട്ടുന്ന മണ്ഡലമായി ആറ്റിങ്ങല്‍ വമ്പന്‍മാരെ അട്ടിമറിക്കുന്നതില്‍ ഒരു മടിയും കാണിച്ചിട്ടില്ല. ആര്‍ ശങ്കര്‍ തുടങ്ങി ഇങ്ങോട്ട് വയലാര്‍ രവി, സുശീല ഗോപാലന്‍, എംഎം ഹസന്‍, എംഐ ഷാനവാസ്, തലേക്കുന്നില്‍ ബഷീര്‍, എ സമ്പത്ത് എന്നിവരെല്ലാം ആറ്റിങ്ങലില്‍ അടിതെറ്റി വീണിട്ടുണ്ട്. ഇക്കുറി ത്രികോണ മല്‍സരമായി മാറിയ ആറ്റിങ്ങലില്‍ താമര വിരിയുമോ എന്ന ചോദ്യമാണ് ശക്തമായി ഉയരുന്നത്?. കൈവിട്ട് പോയ ചുവപ്പുകോട്ട സിപിഎമ്മിന് മടക്കിയെടുക്കാനാകുമോ?. പിടിച്ചെടുത്ത ചുവപ്പ് കോട്ട കൈപ്പത്തിയ്ക്ക് നിലനിര്‍ത്താനാകുമോ?