ഇന്ത്യ മുന്നണിയിലെ അഭിപ്രായ വ്യത്യാസത്തിനപ്പുറം അഭിപ്രായ ഐക്യമുള്ള വിഷയത്തില്‍ പോലും വൈര്യം പുറത്തുകാട്ടുന്ന പരസ്യ പ്രസ്താവനകള്‍ എങ്ങനെ ഈ മുന്നണി ഫലപ്രദമായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന ചോദ്യം അവശേഷിപ്പിക്കുന്നുണ്ട്. ഒരേ കുടക്കീഴില്‍ നിന്ന് പരസ്പരം ചെളി വാരിയെറിയുന്ന പ്രവണതയാണ് ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികള്‍ പലയിടങ്ങളിലും കാട്ടുന്നത്. ജാതി സെന്‍സസിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അടക്കം ദേശീയ പാര്‍ട്ടികള്‍ക്കും മുന്നണിയിലെ പ്രാദേശിക പാര്‍ട്ടികള്‍ക്കും അഭിപ്രായം ഇപ്പോള്‍ ഒന്നാണെങ്കിലും കോണ്‍ഗ്രസിന്റെ പഴയ നടപടികളെ വിമര്‍ശിച്ചു കൊണ്ട് ഇപ്പോഴത്തെ സമീപനത്തെ റദ്ദ് ചെയ്യാനുള്ള ശ്രമമാണ് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുടേത്. മുന്നണിയ്ക്കുള്ളിലെ പോര് മുറുകുമ്പോള്‍ ഒന്നിച്ചതിന്റെ ലക്ഷ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ മറന്നോ എന്ന ചോദ്യമാണ് കണ്ടുനില്‍ക്കുന്നവര്‍ക്ക്.
ബിഹാറില്‍ ജാതി സെന്‍സന്‍സ് നടക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജാതി സെന്‍സസ് ആവശ്യം മുഴങ്ങുകയും ചെയ്യുന്ന സമയത്ത് കോണ്‍ഗ്രസ് ജാതി സെന്‍സസ് ആവശ്യം ശക്തമായി ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കുകയാണ് സമാജ് വാദി പാര്‍ട്ടിയുടെ അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇരുകൂട്ടരും മധ്യപ്രദേശിലെ സീറ്റ് തര്‍ക്കത്തില്‍ ഒന്ന് ഉലഞ്ഞതില്‍ പിന്നെ എസ്പി കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി രംഗത്തുണ്ട്. ജാതി സെന്‍സസ് ആവശ്യത്തില്‍ കോണ്‍ഗ്രസ് പുരോഗമനപരമായ നിലപാട് സ്വീകരിക്കുമ്പോള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ എന്ത് കൊണ്ടാണ് ജാതി സെന്‍സന്‍സ് നടത്താതിരുന്നത് എന്ന ചോദ്യമാണ് അഖിലേഷ് ഉന്നയിക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി ജാതി സെന്‍സസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പറയുന്ന വാക്കുകളെയെല്ലാം അഖിലേഷ് യാദവ് രാഷ്ട്രീയപകയോടെ തന്നെ ഖണ്ഡിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ജാതി സെന്‍സസിനെ എക്‌സറേയോട് ഉപമിച്ച് പറഞ്ഞ പ്രസ്താവനയെ ഖണ്ഡിക്കാന്‍ എംആര്‍ഐ സ്‌കാനിനെ കൂട്ടുപിടിച്ചായിരുന്നു അഖിലേഷ് യാദവിന്റെ പ്രസ്താവന. മധ്യപ്രദേശിലെ സീറ്റ് തര്‍ക്കത്തില്‍ രൂക്ഷമായ എസ്പി- കോണ്‍ഗ്രസ് തമ്മില്‍തല്ലില്‍ അഖിലേഷിന്റെ വിമര്‍ശനം വന്നതും മധ്യപ്രദേശിലെ സത്‌നയില്‍ വെച്ചാണ്.
ജാതി സെന്‍സസ് ഒരു എക്സ്-റേ പോലെയാണെന്നും, രാജ്യത്തെ വിവിധ വിഭാഗങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരം ഇത് നല്‍കുമെന്നുമുള്ള രാഹുല്‍ ഗാന്ധിന്റെ പ്രസ്താവനയെ കുറിച്ച് അഖിലേഷ് യാദവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
കോണ്‍ഗ്രസ് ജാതി സെന്‍സസിന് വേണ്ടി വാദിക്കുന്നത് അത്ഭുതകരമാണ്. സ്വാതന്ത്ര്യത്തിന് ശേഷം ജാതി സെന്‍സസ് നടത്താതിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ലോക്‌സഭയില്‍ എല്ലാ പാര്‍ട്ടികളും ജാതി സെന്‍സസ് എന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ അവര്‍ അത് നടപ്പാക്കിയില്ല. പിന്നെ എന്താണ് ഇപ്പോള്‍ അവര്‍ക്ക് അത് വേണമെന്ന് തോന്നിയത്. കാരണം മറ്റൊന്നുമല്ല, അവരുടെ പരമ്പരാഗത വോട്ട് ബാങ്ക് ഇപ്പോള്‍ അവര്‍ക്കൊപ്പമില്ലെന്ന് അവര്‍ക്ക് മനസിലായിരിക്കുന്നു.
എക്‌സറെ എന്നത് ആ സമയത്തിന്റെ ആവശ്യമായിരുന്നു. ഇപ്പോള്‍ നമുക്ക് എംആര്‍ഐയും സിടി സ്‌കാനും ഒക്കെയുണ്ടെന്നും അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധിയുടെ എക്‌സറേ പരാമര്‍ശത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഓര്‍മ്മിപ്പിച്ചു. ഈ രോഗം പടര്‍ന്നുകഴിഞ്ഞുവെന്നും അന്നേ ഈ പ്രശ്നം പരിഹരിച്ചിരുന്നെങ്കില്‍ സമൂഹത്തില്‍ ഇന്ന് കാണുന്ന നിലയിലുള്ള വിടവുകള്‍ ഉണ്ടാവുമായിരുന്നില്ലെന്നും അഖിലേഷ് യാദവ് തുറന്നടിച്ചു.
കോണ്‍ഗ്രസ് ജാതി സെന്‍സസിനെ കുറിച്ച് സംസാരിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ അത്ഭുതമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇപ്പോള്‍ എക്സ്-റേയെ കുറിച്ച് പറയുന്ന ഈ ആളുകള്‍ തന്നെയാണ് സ്വാതന്ത്ര്യത്തിന് ശേഷം ജാതി സെന്‍സസ് നിര്‍ത്തിവച്ചതെന്ന സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്റെ വാക്കുകളില്‍ കുറ്റപ്പെടുത്തലാണ് നിറഞ്ഞു നില്‍ക്കുന്നത്.
തന്റെ അച്ഛനായ മുലായം സിംഗ് യാദവും എസ്പി നേതാവ് ശരദ് യാദവുമടക്കം ലാലു പ്രസാദ് യാദവ്, ദക്ഷിണേന്ത്യയില്‍ നിന്നുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ ജാതി സെന്‍സസിന് വേണ്ടി ലോക്സഭയില്‍ ശക്തമായി വാദിച്ചെങ്കിലും അന്ന് കോണ്‍ഗ്രസ് അത് അംഗീകരിച്ചില്ലെന്നതും അഖിലേഷ് ചൂണ്ടിക്കാണിച്ചു.
പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ഈ ഗിമ്മിക്കുകള്‍ എന്നാണ് അഖിലേഷ് പറഞ്ഞുവെയ്ക്കുന്നത്. സമ്മര്‍ദ്ദതന്ത്രം കൊണ്ട് സംസ്ഥാനങ്ങളില്‍ അര്‍ഹിക്കുന്നതിലധികം സീറ്റുകള്‍ മുന്നണി സംവിധാനത്തിന്റെ ഭാഗമായി സമാജ് വാദി പാര്‍ട്ടിയടക്കം പാര്‍ട്ടികള്‍ സീറ്റ് കൂടുതല്‍ ചോദിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമം നടന്നതോടെയാണ് ഇന്ത്യ മുന്നണി കോണ്‍ഗ്രസിന് ബാധ്യതയാകുന്നുവെന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായത്. 2018ല്‍ അധികാരം പിടിച്ചിട്ടും കയ്യില്‍ നിന്ന് ഓപ്പറേഷന്‍ ലോട്ടസില്‍ നഷ്ടമായ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതിലും സീറ്റ് പ്രതീക്ഷിച്ച് കൃത്യമായ പ്രചരണം നടത്തുമ്പോള്‍ മുന്നണിയുടെ പേരില്‍ നിയമസഭാ സീറ്റില്‍ കൂടുതല്‍ അവകാശ വാദങ്ങളാണ് സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സമാജ്വാദി പാര്‍ട്ടി നടത്തിയത്. ഇതാണ് ഇരുകൂട്ടരും തമ്മിലെ ബന്ധം ഉലച്ചത്.
സംസ്ഥാന തലത്തില്‍ ഈ മുന്നണി സംവിധാനം ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തങ്ങള്‍ ഇന്ത്യ മുന്നണിയുമായി ഇത്തരത്തിലൊരു തുറന്ന നിലപാടില്‍ നില്‍ക്കില്ലായിരുന്നുവെന്നാണ് കോണ്‍ഗ്രസ് സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറാകാഞ്ഞതോടെ അഖിലേഷ് പ്രതികരിച്ചത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ നീങ്ങാത്തതില്‍ അല്ല മറിച്ച് മധ്യപ്രദേശില്‍ ഒരു സിറ്റിംഗ് എംഎല്‍എ മാത്രമുള്ള സമാജ് വാദി പാര്‍ട്ടിക്ക് ആറ് സീറ്റെങ്കിലും വേണമെന്ന കടുംപിടുത്തമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തള്ളിക്കളഞ്ഞത്.
കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളെ ‘വിഡ്ഢികളാക്കുന്നു’ എന്ന് പറഞ്ഞാണ് അഖിലേഷ് യാദവ് പ്രതിപക്ഷ ഐക്യത്തിലെ കല്ലുകടി തുറന്നുകാട്ടിയത്. ഛത്തീസ്ഗഢിലെ ബാഗേശ്വറിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് വരെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അഖിലേഷിനേയും പാര്‍ട്ടിയേയും വിലവെയ്ക്കാത്തതിന് കാരണമാണ്. യുപിയിലെ ഖോസിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പ്രവര്‍ത്തിച്ചപ്പോഴായിരുന്നു ഛത്തീസ്ഗഢില്‍ എസ്പിയുടെ പാലം വലിക്കല്‍. വെറും 2500 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാഗേശ്വര്‍ കോണ്‍ഗ്രസിന് കൈവിട്ടു പോയത്. ഇതെല്ലാം മുന്നണിയിലെ സമ്മര്‍ദ്ദം കോണ്‍ഗ്രസിന് മാത്രം ബാധ്യതയാകുന്നുവെന്ന തോന്നല്‍ പാര്‍ട്ടിയിലെ അടിസ്ഥാന വര്‍ഗ നേതാക്കളിലും ഹൈക്കമാന്‍ഡിനും ഉണ്ടായി.
Read more
എന്തായാലും പരസ്യ പോരിലേക്ക് അഖിലേഷ് യാദവ് ഇറങ്ങിയതോടെ വരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ നിലനില്‍പ്പിനെ കുറിച്ചുവരെ ചോദ്യം ഉയരുന്നുണ്ട്. എല്ലാവരും ഇത്തരത്തില്‍ ഉടക്കി നിന്നാല്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം എങ്ങനെ ഫലപ്രദമാകുമെന്ന ചോദ്യം മാത്രമാണ് ബാക്കി.