രാജ്യദ്രോഹം എടുത്തെടുത്ത് പ്രയോഗിച്ച് ഒടുവില്‍ സുപ്രീം കോടതി വേണ്ടി വന്നു ഇവിടൊരു സര്‍ക്കാരിനോട് ഇത് ഇവിടെ നടപ്പില്ലെന്ന് പറയാന്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം കൊണ്ടുണ്ടാക്കിയെടുത്ത നിയമങ്ങളില്‍ പലതും കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയ്ക്ക് പൗരന്റെ സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും സ്വകാര്യതയിലും കൈകടത്താനുതകുന്നവയായപ്പോള്‍ ജയിലറയ്ക്കുള്ളിലേക്ക് അടയ്ക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും എണ്ണിയാലൊടുങ്ങാത്തവയായി. യുഎപിഎ ചുമത്തി ജയിലിലാക്കി പൗരാവകാശങ്ങള്‍ റദ്ദ് ചെയ്യപ്പെട്ട് 83 വയസുള്ള പാര്‍ക്കിന്‍സണ്‍ ബാധിതനായ ഫാദര്‍ സ്റ്റാന്‍സ്വാമി കൈവിറയ്ക്കുന്നതിനാല്‍ ഗ്ലാസില്‍ വെള്ളം കുടിക്കാനാകാതെ ഒരു സിപ്പര്‍ ചോദിച്ചിട്ട് അത് പോലും നല്‍കാതെ നടപടിക്രമങ്ങള്‍ വൈകിപ്പിച്ച് ജയിലില്‍ മരിച്ചുവീണ കാലമാണ് മോദി ഭരണകാലം. മാധ്യമ സ്വാതന്ത്ര്യത്തിന് നേര്‍ക്ക് എണ്ണമില്ലാത്ത ഭീഷണികളും ആക്രമണങ്ങളും നടന്ന കാലമാണ്. ഒടുവില്‍ ഒപ്പം നില്‍ക്കില്ലെന്ന് ഉറപ്പുള്ളവരെ ഇഡിയേയും ഇന്‍കംടാക്‌സിനേയും വിട്ടു കുരുക്കി കടക്കെണിയിലാക്കി തങ്ങള്‍ക്കൊപ്പമുള്ള കോര്‍പ്പറേറ്റ് ശക്തികളെ കൊണ്ട് വാങ്ങിപ്പിക്കുന്ന തന്ത്രം വരെ രാജ്യം കണ്ടതാണ്.
മോദി സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്താന്‍ നിലപാടുള്ള ചുരുക്കം ചില മാധ്യമങ്ങളിലേക്ക് ഒതുങ്ങിപോയിട്ടുണ്ട് രാജ്യത്തെ മാധ്യമ മേഖല. അവിടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥിരമായി വേട്ടയാടപ്പെടുന്ന ഒരു സംരംഭമാണ് ‘ദ കാരവന്‍’. ഇന്നും കാരവന് നേര്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ മൗനം പാലിക്കുകയാണ് രാജ്യത്തെ മുന്‍നിര മാധ്യമങ്ങള്‍ക്കൊപ്പം മലയാളത്തിലെ മുന്‍നിര മാധ്യമങ്ങളും. കാരവന്റെ ഒരു ലേഖനം കേന്ദ്രസര്‍ക്കാരിനും പ്രതിരോധ വകുപ്പിനും എതിരെയായപ്പോള്‍ ഉടനടി പിന്‍വലിച്ചില്ലെങ്കില്‍ വെബ്‌സൈറ്റ് പൂട്ടിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തിട്ടൂരമിറക്കിയത്. ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് കേന്ദ്രത്തിന്റെ പിടി വീണത്. ഇന്ത്യന്‍ സൈന്യത്തിനെതിരായി വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ചാണ് കാരവനെതിരെ വിവാദ പുത്തന്‍ ഐടി ആക്ട് എടുത്ത് മോദി സര്‍ക്കാര്‍ പ്രയോഗിച്ചത്.
https://caravanmagazine.in/crime/indian-army-torture-jammu-and-kashmir-poonch-bjp-gujjar-bakkerwal
‘screams from the army posts’ ആര്‍മി പോസ്റ്റില്‍ നിന്നുള്ള നിലവിളികള്‍ എന്ന ലേഖനം കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തേയും സൈന്യത്തേയും കുറിച്ചാണ്. കശ്മീരിലെ പൂഞ്ചില്‍ നടന്ന കൊലപാതകങ്ങളേയും പീഡനമുറകളേയും കുറിച്ച്. സാധാരണക്കാര്‍ക്കെതിരേ നടന്ന പീഡനവും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സൈന്യത്തെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന ലേഖനമാണ് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചതും പിന്‍വലിക്കാന്‍ കാരവന്‍ മാഗസീനോട് ആവശ്യപ്പെട്ടതും.
മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘സൈനിക പോസ്റ്റില്‍ നിന്നുള്ള നിലവിളി’ എന്ന ലേഖനം ജേര്‍ണലിസ്റ്റ് ജതീന്ദര്‍ കൗര്‍ തൂര്‍ എഴുതിയതാണ്. 2023 ഡിസംബര്‍ 22-ന് അജ്ഞാതരായ സൈനികര്‍ മൂന്ന് പൗരന്മാരെ കൊലപ്പെടുത്തിയതിനെ കേന്ദ്രീകരിച്ചുള്ള റിപ്പോര്‍ട്ടാണിത്. അന്ന് സംഭവം ഇന്ത്യയാകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. സൈന്യത്തിന്റെ കസ്റ്റഡിയില്‍ വെച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്നും പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നുമുണ്ട്. എന്നാല്‍ സംഭവത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് വിഷയം അന്വേഷണത്തിലാണെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് സൈന്യം പറഞ്ഞത്.
കാരവന്റെ റിപ്പോര്‍ട്ടില്‍ ഈ കൊലപാതകങ്ങളെ കുറിച്ചുള്ള കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ പ്രതികരണവും വിശദീകരണം നല്‍കാതെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സൈന്യം 10 ലക്ഷം നല്‍കിയതിനേ കറുച്ചുമെല്ലാം പ്രതിപാദിക്കുന്നുണ്ട്. ഒപ്പം മൂന്നല്ല 25 പേര്‍ സൈനിക പീഡനങ്ങള്‍ക്ക് ഇരയായെന്ന റിപ്പോര്‍ട്ടും ഒപ്പം നേതൃത്വം നല്‍കിയ ബ്രിഗേഡിയറുടെ പേരും വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലേഖനം നീക്കം ചെയ്യാന്‍ ഐടി കരിനിയമം കേന്ദ്രം പ്രയോഗിച്ചത്.
ഇനി എന്താണ് മോദി സര്‍ക്കാരിന്റെ വിവാദമായ ഐടി നിയമം.
2023 ഡിസംബര്‍ 18 തിങ്കളാഴ്ച്ചയാണ് ലോക്സഭയില്‍ ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ അവതരിപ്പിച്ചത്. നാലു ദിവസത്തിനപ്പുറം, ഡിസംബര്‍ 21 ന് ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2023 കേന്ദ്രസര്‍ക്കാര്‍ പാസാക്കി. വാര്‍ത്താ വെബ്സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പ്രസാധകനെ കേള്‍ക്കാതെ തന്നെ ഉള്ളടക്കം നീക്കം ചെയ്യാനുള്ള അടിയന്തര അധികാരം വിവാദ ഐടി നിയമങ്ങള്‍ വിവര പ്രക്ഷേപണ മന്ത്രാലയത്തിന് നല്‍കുന്നുണ്ട്. മാധ്യമ സ്ഥാപനങ്ങളുടേതടക്കം ഇന്ത്യയിലെ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് സ്വാതന്ത്രത്തെ സാരമായി ബാധിക്കാന്‍ പോന്നതാണ് കേന്ദ്ര നിയമമെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നു. പിന്നാലെ കോടതിയിലേക്ക് പലരും നിയമത്തെ ചോദ്യം ചെയ്ത് എത്തുകയും ചെയ്തു. കോടതി പരിഗണിക്കുകയാണ് ഈ ഹര്‍ജികള്‍.
2021ലും പിന്നീട് 2023-ലും ഭേദഗതി വരുത്തിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് ഒരു മാധ്യമ സ്ഥാപനത്തിനെതിരേ ഉപയോഗിച്ചത് ദ കാരവനെതിരെയാണ്. ഐടി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരം തങ്ങള്‍ക്ക് ഒരു നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഈ ഉത്തരവിനെ തങ്ങള്‍ കോടതിയില്‍ നേരിടുമെന്നും ലേഖനം പിന്‍വലിച്ച് കാരവന്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ക്ക് ലഭിച്ച ഓര്‍ഡറിന്റെ ഉള്ളടക്കം രഹസ്യമാണെന്നും കാരവന്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും ഉത്തരവിന് അസംബന്ധ രഹസ്യസ്വഭാവമാണുള്ളതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
ദ കാരവന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഹര്‍ദോഷ് സിങ് ബല്‍ കേന്ദ്രസര്‍ക്കാരിന്റെ സെന്‍സറിംഗ് നീക്കത്തേക്കുറിച്ച് പറയുന്നതിങ്ങനെയാണ്.
ഐടി മന്ത്രാലയം (ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അല്ലെങ്കില്‍ മെയിറ്റി മന്ത്രാലയം) കാരവനെതിരായ ഈ നോട്ടീസിനെ ‘രഹസ്യം സ്വഭാവമുള്ളത്’ എന്നാണ് വിളിച്ചത്. ഈ രഹസ്യസ്വഭാവം അസംബന്ധമാണ്. ഇത്തരം നടപടികള്‍ സുതാര്യമായിരിക്കണം. ലേഖനം എടുത്തുകളയേണ്ടതിന്റെ കാരണം വെളിപ്പെടുത്താന്‍ ഞങ്ങള്‍ ഭയപ്പെടേണ്ടതിന്റെ ആവശ്യകത എന്താണ്? ഞങ്ങള്‍ സ്വയം പ്രതിരോധിക്കേണ്ടവരാണെന്ന് കതുന്നു, സര്‍ക്കാരാണ് വസ്തുതകള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്.
Read more
തങ്ങളുടെ ലേഖനം വസ്തുതാപരമായി സത്യമാണെന്നും എല്ലാ തരത്തിലുള്ള പത്രപ്രവര്‍ത്തന നിലവാരവും മര്യാദയും ഉള്‍ക്കൊള്ളുന്നതാണെന്നും ദ കാരവന്‍ വ്യക്തമാക്കുന്നുണ്ട്. വാര്‍ത്ത നല്‍കുന്നതിന് മുമ്പ് തന്നെ സൈന്യത്തോടു സംഭവത്തെ കുറിച്ച് ആരാഞ്ഞിരുന്നു. എന്നാല്‍ മറുപടി നല്‍കാന്‍ ആര്‍മി തയ്യാറായില്ല. ഈ ലേഖനവുമായി ബന്ധപ്പെട്ട എല്ലാവരേയും കണ്ടും സംസാരിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് കാരവന്‍ ഉറപ്പിച്ചു പറയുന്നുണ്ട്. എന്നിട്ടും ഏകപക്ഷീയമായി ഒരു ലേഖനം കോണ്‍ഫിഡന്‍ഷ്യലായി പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയും മര്‍ക്കട മുഷ്ടി ഉപയോഗിച്ച് ഇല്ലെങ്കില്‍ പൂട്ടിയ്ക്കുമെന്ന് പറയുകയും ചെയ്യുമ്പോള്‍ പത്ര സ്വാതന്ത്ര്യത്തിന് എന്താണ് സംഭവിക്കുന്നത്? എന്തിനാണ് രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചു കൊണ്ടൊരു റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്?. എന്തുകൊണ്ടാണ് ചോദ്യങ്ങള്‍ ഇനിയും ഉയരാത്തത്?